22 November Thursday

പ്രതിസന്ധികളെ അതിജീവിച്ച് നൗഷിജ

പി കെ സുമേഷ്Updated: Monday Oct 8, 2018
പട്ടാമ്പി 
വിധിയോട് പോരാടി ജീവിതത്തെ നെയ്തെടുക്കുകയാണ് നൗഷിജ. പട്ടാമ്പി കൊപ്പം പ്രഭാപുരം സ്വദേശിനി നൗഷിജ  ജനിച്ചതും ഒരു വയസ‌് വരെ ജീവിച്ചതും പൂർണആരോഗ്യത്തോടെയായിരുന്നു. എന്നാൽ ഒരു വയസ്സായപ്പോൾ മുതൽ പോളിയോ അവളെ വേട്ടയാടി തുടങ്ങി. തന്റെ ഒമ്പതാം മാസത്തിൽ എടുത്ത പോളിയോ പിന്നീട് വില്ലനായി മാറുകയായിരുന്നു. അരക്ക് താഴെ തളർന്ന‌ ശരീരവുമായി പ്രതീക്ഷ നഷ്ടപ്പെട്ട‌് 25 വർഷങ്ങൾ അവൾ തള്ളി നീക്കി. 
എന്നാൽ ഇനിയും നിരാശയോടെ ജീവിക്കാൻ നൗഷിജ തയ്യാറായിരുന്നില്ല. അങ്ങനെയാണ‌് ഭിന്നശേഷിയുള്ളവരുടെ പുനരധിവാസം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഹാൻഡിക്രോപ്സ് നിന്ന‌് പേപ്പർ വിത്തു പേനകൾ നിർമിക്കാൻ പരിശീലനം നേടുന്നത‌്. ഇത് നൗഷിജയുടെ ജീവിതത്തിൽ വഴിത്തിരിവായി. പ്രതിദിനം നൂറ്റി അമ്പതോളം പേനകൾ നിർമിക്കാറുണ്ട്. ഒരു പേനക്ക് 8 രൂപയാണ് വില. പേനയിൽ പ്രിൻറ് ആവശ്യമുള്ളവർക്ക് ഒരു രൂപ കൂടി അധികം നൽകേണ്ടി വരും. ദിവസം 450 രൂപ വരുമാനമുണ്ടാക്കാൻ കഴിയുന്നുണ്ട്. ഇതിനകം 50,000 പേപ്പർ പേനകൾ ഇവർ നിർമിച്ചു കഴിഞ്ഞു. പരിസ്ഥിതിക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ഇൗ കടലാസു പേനകൾ. റീഫിൽ ഒഴികെ ബാക്കിയെല്ലാം പേപ്പർ കൊണ്ട് നിർമിക്കുന്ന പേനകളിൽ ഒാരോ വിത്തുകൾ കൂടി ഒളിപ്പിച്ചു വയ‌്ക്കുന്നു. ഉപയോഗം കഴിയുന്ന പേനകൾ ഉപേക്ഷിക്കുമ്പോൾ പേന മണ്ണിൽ ലയിക്കുകയും വിത്ത് വളരുകയും ചെയ്യും.  പഠിക്കാനും എസ‌്എസ‌്എൽസി പരിക്ഷ എഴുതാനുമുള്ള ശ്രമത്തിലാണ‌് നൗഷിജ ഇപ്പോൾ. 
ചാലിശേരി പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി പഠനത്തിന‌് സഹായിക്കുന്നുണ്ട‌്.  നൗഷിജയുടെ പേപ്പർ പേനകൾ ആവശ്യമുള്ളവർക്ക് 9747500948, 984689560 എന്ന നമ്പറിൽ വിളിക്കാം.
 

 

പ്രധാന വാർത്തകൾ
Top