Top
19
Thursday, October 2017
About UsE-Paper

ഇന്‍സ്ട്രുമെന്റേഷന്‍: ശമ്പള കുടിശ്ശിക ഏറ്റെടുക്കില്ലെന്ന് കേന്ദ്രം

Saturday Oct 7, 2017
വെബ് ഡെസ്‌ക്‌

 

പാലക്കാട് > കേന്ദ്ര പൊതുമേഖല സ്ഥാപനമായ കഞ്ചിക്കോട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണ കുടിശ്ശികയും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ പൂട്ടാന്‍ നിശ്ചയിച്ച ഇന്‍സ്ട്രുമെന്റേഷന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് അറിയിക്കുകയും അതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. 
ഇന്‍സ്ട്രുമെന്റേഷനില്‍ 1997 ല്‍ നടപ്പാക്കേണ്ട ശമ്പള പരിഷകരണം 2009 ലാണ് അനുവദിച്ചത്. അതിനാല്‍ 12 വര്‍ഷത്തെ കുടിശിക ജീവനക്കാര്‍ക്ക് ലഭിക്കാനുണ്ട്. ഇത് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകത്തതിനാല്‍ ജിവനക്കാര്‍ കോടതിയെ സമീപിച്ചിരിക്കയാണ്. 12 കോടി രൂപ ഈ ഇനത്തില്‍ ജീവനക്കാര്‍ക്ക് ലഭിക്കാനുണ്ട്. 2007 ലെ ശമ്പളപരിഷ്കരണവും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇത് നടപ്പാക്കിയാല്‍ പത്ത് വര്‍ഷത്തെ കുടിശികയും ജീവനക്കാര്‍ക്ക് നല്‍കേണ്ടിവരും. ഇത്തരം കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുകൂല നിലപാടെടുത്തിട്ടില്ല. ശമ്പള കുടിശിക നല്‍കാന്‍ സന്നദ്ധമല്ലെന്നാണ് കഴിഞ്ഞ ദിവസം തിരുവനന്തപരുത്ത് ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ ആവര്‍ത്തിച്ചത്. 
   കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും ചീഫ് സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും തിരുവനന്തപരുത്ത് ചേര്‍ന്ന യോഗത്തില്‍ ജീവനക്കാര്‍ക്ക് യഥാസമയം ലഭിക്കേണ്ട ശമ്പള പരിഷ്കരണവും അതുമായി ബന്ധപ്പെട്ട  കുടിശികയും കേന്ദ്രം വഹിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 65 കോടി രൂപ മതിപ്പുവില കണകാക്കി അത്രയും തുക നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനം സംസ്ഥാന പൊതുമേഖലയിലാക്കുന്നത്. ജീവനക്കാര്‍ക്ക് യഥാസമയം ശമ്പള പരിഷകരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിസമ്മതിച്ചാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നും അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ജീവനകാര്‍ക്ക് നല്‍കാനുള്ള ബാധ്യത ഏറ്റെടുക്കണമെന്ന  സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനം ഏറ്റെടുക്കാന്‍ തത്ത്വത്തില്‍ തീരുമാനിച്ചതിനാല്‍ ചര്‍ച്ചയുമായി മുന്നോട്ടുപോകുമെന്നും വൈകാതെ ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാകുമെന്നും ഉന്നത വൃത്തങ്ങള്‍ സൂചന നല്‍കി. അടുത്ത രണ്ടാഴ്ചക്കകം വീണ്ടും യോഗം ചേരും. 
ഇന്‍സ്ട്രുമെന്റേഷന്റെ ആസ്ഥാന യൂണിറ്റ് രാജസ്ഥാനിലെ കോട്ടയിലായിരുന്നു. ഇത് ഏപ്രില്‍ 18ന് പൂട്ടി ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കാന്‍ 438 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു. നഷ്ടത്തിലായ കോട്ട യൂണിറ്റിലെ ജീവനക്കാര്‍ക്ക് ഇതുവരെ ശമ്പളവും ആനുകൂല്യവും നല്‍കിയത് കഞ്ചിക്കോട് യൂണിറ്റിലെ വരുമാനം കൊണ്ടാണ്. 20 വര്‍ഷമായി ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം നടപ്പാക്കിയിട്ടില്ല. സ്ഥാപനം സംസ്ഥാന സര്‍ക്കാരിന് കൈമാറുമ്പോള്‍ അര്‍ഹതപ്പെട്ട ശമ്പള പരിഷകരണ കുടിശ്ശിക ലഭിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, വിരമിച്ച ജീവനക്കാരുടെ ഗ്രാറ്റുവിറ്റിയും കുടിശ്ശികയാണ്. ഗ്രാറ്റുവിറ്റി കുടിശ്ശിക നല്‍കാനുള്ളത് ബാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തി ബാലന്‍സ് ഷീറ്റില്‍ കാണിച്ചതിനാല്‍ ഈ വര്‍ഷം കമ്പനി നഷ്ടത്തിലായിട്ടുണ്ട്. 1974ല്‍ കമ്പനി ആരംഭിച്ചതുമുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ച സ്ഥാപനം ആദ്യമായി ബാലന്‍സ് ഷീറ്റില്‍ നഷ്ടം രേഖപ്പെടുത്തി. 292 സ്ഥിരം ജീവനക്കാരും 162 കരാര്‍ ജീവനക്കാരുമാണ് സ്ഥാനപത്തിലുള്ളത്. സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ ആസ്തിബാധ്യത റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നേരത്തേയുള്ള ചര്‍ച്ചയില്‍ തീരുമാനിച്ചരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാലന്‍സ് ഷീറ്റ് തയ്യാറാക്കിയത്. 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!