16 November Friday

ഇത‌് നിയമമായാൽ ഞങ്ങളുടെ ജീവിതം തകരും

ആദർശ‌് ജോസഫ‌്Updated: Tuesday Aug 7, 2018

പാലക്കാട‌് സ‌്റ്റേഡിയം ഗ്രൗണ്ടിന‌് സമീപം ഡ്രൈവിങ് സ‌്കൂൾ വാഹനത്തിൽ സുശീല

 

 
പാലക്കാട‌്
ജീവിതത്തിനും സ്വപ‌്നങ്ങൾക്കും  മേൽ കരിനിഴൽ വീഴാൻ പോകുന്നതിന്റെ ഭീതിയിലാണ‌് സുശിൽ ഡ്രൈവിങ‌് സ‌്കൂൾ ഉടമ നാൽപ്പത്തിയഞ്ചുകാരി സുശീല. കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന മോട്ടോർ വാഹന നിയമ ഭേദഗതി  ബിൽ നിയമമായാൽ 25 വർഷമായി ചെയ്യുന്ന തൊഴിലും വരുമാനവും ഇല്ലാതാക്കുമെന്ന പേടിയിലാണ‌് ഇവർ. ഡ്രൈവിങ‌് സ‌്കൂൾ നടത്തിയിരുന്ന അച്ഛന്റെ വഴിയെയാണ‌് സുശീലയും ഇൗ മേഖലയിൽ എത്തുന്നത‌്. അച്ഛൻ നടത്തിയിരുന്ന ഗണേശ‌് ഡ്രൈവിങ‌്സ‌്കൂളിൽ ട്രെയിനറായിരുന്നു ആദ്യം . പിന്നീട‌് വിവാഹ ശേഷം സുശീലയും ഭർത്താവ‌് കൃഷ‌്ണൻകുട്ടിയും ചേർന്ന‌് 2003ൽ സുശീൽ എന്ന പേരിൽ നഗരത്തിൽ ഡ്രൈവിങ‌് സ‌്കൂൾ തുടങ്ങി. മക്കളുടെ പഠനവും വിവാഹവും അടക്കമുള്ള ചെലവുകൾക്ക‌് പണം കണ്ടെത്തിയത‌് ഡ്രൈവിങ‌് സ‌്കൂൾ നടത്തിപ്പിലൂടെയായിരുന്നു. മോട്ടോർ വാഹന നിയമ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ ഏക ജീവിത മാർഗം അടയുമെന്ന‌് ഇവർ പറയുന്നു.
 പുതിയ നിയമത്തിൽ ഡ്രൈവിങ‌് സ‌്കൂൾ നടത്തണമെങ്കിൽ മൂന്ന‌് ഏക്കർ സ്ഥലവും ആയിരം സ്വകയർ ഫീറ്റ‌് കെട്ടിടവും വേണം. ഇതൊന്നും  കണ്ടെത്താൻ ഞങ്ങൾക്ക‌് കഴിയില്ല. ഓട്ടോമൊബൈൽ കോഴ‌്സ‌് പഠിച്ചവരാകണം ട്രെയിനർ എന്നുളള ബില്ലിലെ വ്യവസ്ഥ ഞങ്ങളെ പോലുള്ള ആയിരങ്ങളുടെ തൊഴിൽ ഇല്ലാതാക്കുന്നതാണ‌്. ഞങ്ങൾക്ക‌് നന്നായി വണ്ടി ഓടിക്കാൻ അറിയാം. അത‌് മറ്റുള്ളവർക്ക‌് പറഞ്ഞ‌് കൊടുക്കാനും അറിയാം. ഇപ്പോൾ വീട്ടുജോലിക്ക‌് പോകുന്ന സ‌്ത്രീകൾ വരെ ഡ്രൈവിങ‌് പഠിക്കാൻ വരുന്നുണ്ട‌്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ സാധാരണക്കാരന‌് ഡ്രൈവിങ‌് പഠിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും–സുശീല പറയുന്നു. 
വൻകിട കുത്തകകളെ സഹായിക്കാനാണ‌് ബില്ലെന്ന‌് ഡ്രൈവിങ‌് സ‌്കൂൾ വർക്കേഴ‌്സ‌് യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ‌് വി  ഉണ്ണികൃഷ‌്ണൻ പറഞ്ഞു. സ്വന്തമായി സ്ഥലവും മറ്റ‌് അത്യാധുനിക സൗകര്യങ്ങളും വേണമെന്ന‌് ബില്ലിൽ വ്യവസ്ഥയുണ്ട‌്. ചെറുകിട ‌, ഇടത്തരം ഡ്രൈവിങ‌് സ‌്കൂളുകളെ ഇൗ മേഖലയിൽ നിന്ന‌് അകറ്റുന്നതാണ‌് ഭേദഗതി.  കേരളത്തിലെ അയ്യായിരത്തോളം വരുന്ന ചെറുകിട ഡ്രൈവിങ‌് സ‌്കൂളുകളെ തകർക്കുന്നതാണ‌് കേന്ദ്ര ബില്ലെന്നും ഉണ്ണികൃഷ‌്ണൻ പറഞ്ഞു.
 
പ്രധാന വാർത്തകൾ
Top