23 September Sunday
ഒളിമ്പിക്സ് മെഡൽ ജേതാവ്

റാസിഖിന്റെ ചികിത്സയ‌്ക്ക് സർക്കാരിന്റെ ധനസഹായം

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018
കൂറ്റനാട്
ഒളിമ്പിക്സ് മെഡൽ ജേതാവ് മുഹമ്മദ് റാസിഖിന്റെ ചികിത്സയ‌്ക്ക് അടിയന്തര സഹായമായി സർക്കാർ ഒരു ലക്ഷംരൂപ അനുവദിച്ചു.  ചാലിശേരി പഞ്ചായത്തിലെ പടാട്ട്കുന്നിൽ താമസിക്കുന്ന നാലകത്ത് റഫീഖ‌്, റുഖിയ ദമ്പതികളുടെ മൂത്ത മകൻ മുഹമ്മദ്‌ റാസിഖ്  ബിഎ പൂർത്തിയാക്കി എറണാകുളത്ത് തുടർപഠനം നടത്തിക്കൊണ്ടിരിക്കേ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽനിന്നും വീണ് ഗുരുതരാവസ്ഥയിൽ ആലുവ രാജഗിരി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ചികിത്സയ‌്ക്ക് സഹായം അഭ്യർഥിച്ച‌് സിപിഐ എം നേതൃത്വത്തിൽ റാസിഖിന്റെ പിതാവ് റഫീഖ് കായികമന്ത്രി എ സി മൊയ്തീന് നിവേദനം നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് ഒരു ലക്ഷം രൂപ ധനസഹായം അനുവദിച്ചത‌്. കൂലിപ്പണി ചെയ്യുന്ന പിതാവിന്റെ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. വേഗതകൊണ്ട് എതിരാളികളെ മറികടക്കുമ്പോഴും ജീവിതത്തിലെ പ്രയാസങ്ങൾ റാസിഖിന്റെ പ്രയാണങ്ങൾക്ക് തടസ്സമായിരുന്നില്ല . 
    ഇന്ന് കുടുംബത്തിന്റെയും ഒരു നാടിന്റെയും പ്രാർഥന റാസിഖ് ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നാണ്.  2016ൽ വളാഞ്ചേരി കോളേജിൽ പഠിക്കുന്ന സമയത്ത് വഡോദരയിൽ വച്ചുനടന്ന ദേശീയ സ്റ്റുഡൻസ് ഒളിമ്പിക്സിൽ 1,500 മീറ്ററിൽ സ്വർണവും 2017ൽ ശ്രീലങ്കയിൽ വച്ചുനടന്ന സ്റ്റുഡൻസ് ഒളിമ്പിക്സിൽ 1,500 മീറ്ററിൽ സ്വർണമെഡൽ നേടി ഇന്ത്യ രാജ്യത്തിന്റെ അഭിമാനമായിമാറിയ താരമാണ് റാസിഖ്.
പ്രധാന വാർത്തകൾ
Top