20 September Thursday

വനിതാ വികസന കോർപറേഷൻ : അനധികൃത നിയമനക്കാർ ഇപ്പോഴും സർവീസിൽ

എം കെ പത്മകുമാർUpdated: Friday Mar 9, 2018

തിരുവനന്തപുരം > വനിതാ  വികസന കോർപറേഷനിൽ അനധികൃതനിയമനം നേടിയെന്ന് സാമ്പത്തിക അന്വേഷണവിഭാഗം കണ്ടെത്തിയവർ ഇപ്പോഴും സർവീസിൽ തുടരുന്നു. മുൻ എംഡി മുഹമ്മദ് സുനീഷ് നിയമങ്ങളും ചട്ടങ്ങളും കാറ്റിൽപ്പറത്തി നിയമിച്ചവരാണ് തുടരുന്നത്.

ഈ നിയമനങ്ങളുടെയും കോടികളുടെ അഴിമതിയുടെയും പേരിൽ സസ്പെൻഷനിലായ മുഹമ്മദ് സുനീഷ്് വിജിലൻസ് അന്വേഷണം നേരിടുകയാണ്. മാനേജർ, മാനേജർ റിക്കവറി, അക്കൗണ്ടന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ്, റീജ്യണൽ മാനേജർ എന്നീ തസ്തികയിലാണ് മുഹമ്മദ് സുനീഷ് നിയമനം നടത്തിയത്. സർക്കാർചട്ടങ്ങളും നിയമങ്ങളും ലംഘിച്ചും ഇന്റർവ്യൂവിൽ തിരിമറി നടത്തിയുമായിരുന്നു ഇതെന്ന് സാമ്പത്തിക പരിശോധനാവിഭാഗം കണ്ടെത്തി. ഒന്നാംറാങ്കുകാരിയെ പരിഗണിക്കാതെ മൂന്നാംറാങ്കുകാരനെ നിയമിച്ചും യോഗ്യത ഇല്ലാത്തവർക്കുപോലും ജോലി നൽകിയുമായിരുന്നു ക്രമക്കേട്.

മാനേജർ, മാനേജർ റിക്കവറി തസ്തികകളിലേക്ക് മാർക്ക് തിരുത്തിയാണ് അന്നത്തെ എംഡി മുഹമ്മദ് സുനീഷ് നിയമനം നൽകിയത്. 80 മാർക്കിന് എഴുത്തുപരീക്ഷയും ഇന്റർവ്യൂവിന് പരമാവധി 50 മാർക്കുമായിരുന്നു. ഇന്റർവ്യൂവിലെ മാർക്ക് തിരുത്തി. മാനേജർ തസ്തികയിലേക്ക് 77 ശതമാനം മാർക്ക് ലഭിച്ച പി എം മുഹമ്മദ് റഹിമിനായിരുന്നു ഒന്നാംറാങ്ക്. ഇന്റർവ്യൂ ബോർഡിലെ അഞ്ചംഗങ്ങൾ നൽകിയ മാർക്ക് അമ്പതിലായിരുന്നു. ഇത് പരിഗണിച്ചാൽ ഈ തസ്തികയിൽ കട്ട് ഓഫ് മാർക്കായ 70 ആരും നേടിയിട്ടില്ല. എന്നാൽ, എം ഡി ഇടപെട്ട് അമ്പതിനുപകരം പത്തിൽ മാർക്ക് കണക്കാക്കിയാണ് നിയമനം നൽകിയത്. മാനേജർ റിക്കവറി തസ്തികയി ലേക്കും ഇതേരീതിയിൽ 72 ശതമാനം മാർക്ക് ലഭിച്ചതായി രേഖപ്പെടുത്തി എൽ എസ് മഹേഷിന് ഒന്നാംറാങ്ക് നൽകി. അതേസമയം,മാനേജർ പ്രോജക്ട്സ് തസ്തികയിലേക്ക് ആർക്കും 70 ശതമാനം മാർക്ക് ലഭിക്കാത്തതിനാൽ നിയമനം നടത്തിയില്ല.

അക്കൗണ്ടന്റ് തസ്തികയിൽ ഒന്നാംറാങ്കുകാരിക്കുപകരം മൂന്നാം റാങ്കുകാരനാണ് നിയമനം നൽകിയത്. കംപ്യൂട്ടർ അഭിരുചിപരീക്ഷ, ഇന്റർവ്യൂ എന്നിവയ്ക്ക് 20 ശതമാനംവീതം വെയിറ്റേജ് നൽകണമെന്ന ഉത്തരവ് പാലിച്ചതുമില്ല. 67.7 മാർക്ക് നേടിയ ഒ ദീപയാണ് ഒന്നാംറാങ്കുകാരി. എന്നാൽ, നിയമനം ലഭിച്ചത് 63.5 മാർക്ക് കിട്ടിയ വി ഹിറാഷിനാണ്. സർക്കാർ ഉത്തരവിനുവിരുദ്ധമായാണ് റാങ്ക്ലിസ്റ്റ് തയ്യാറാക്കിയതെന്ന് സാമ്പത്തിക പരിശോധനാ വിഭാഗം കണ്ടെത്തി. കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലേക്കും ഇതേപോലെ റാങ്ക്ലിസ്റ്റ് തയ്യാറാക്കിയാണ് 61.6 മാർക്കുള്ള കെ നൗഫൽ എന്നയാൾക്ക് നിയമനം നൽകിയത്. 62.7 മാർക്ക് നേടിയ നവ്യ അലക്സിനാണ് യോഗ്യത. ഈ തസ്തികയിലേക്ക് നിർബന്ധമായ പിജിഡിസിഎ യോഗ്യത നൗഫലിന് ഇല്ല.

റീജ്യണൽ മാനേജർ തസ്തികയിലേക്ക് പരീക്ഷ ഒഴിവാക്കി വിചിത്രമായ ഇന്റർവ്യൂ നടത്തിയായിരുന്നു നിയമനം നൽകിയത്. ബിരുദാനന്തര ബിരുദം, ബാങ്കിങ് മേഖലയിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം എന്നിവയായിരുന്നു യോഗ്യത. എംബിഎ ബിരുദമുള്ളവർക്ക് മുൻഗണനയും.

എന്നാൽ, ഇന്റർവ്യൂ ബോർഡിൽ സബ്ജക്ട് എക്സ്പേർട്ടായി നിയോഗിച്ചത് പത്തനംതിട്ട കാത്തോലിക്കറ്റ് കോളേജിലെ ചരിത്രാധ്യാപകനായ പി എസ് പ്രദീപിനെയും. മുഹമ്മദ് സുനീഷിനെതിരെയും നിയമനം നേടിയവർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് സാമ്പത്തിക പരിശോധനാ വിഭാഗം റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.

പ്രധാന വാർത്തകൾ
Top