23 September Sunday

തകർന്ന പാലങ്ങൾ നന്നാക്കാന്‍ 20 കോടി വേണം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

 

മഞ്ചേരി
പ്രളയക്കെടുതിയിൽ തകർന്ന ജില്ലയിലെ പാലങ്ങൾ ഗതാഗതയോഗ്യമാക്കാൻ 20 കോടി രൂപ വേണമെന്ന് പൊതുമരാമത്ത് വകുപ്പ്. 
ചെറുതും വലുതുമായി 17 പാലങ്ങളാണ് തകർന്നത്. ജില്ലയിലെ പല പ്രദേശങ്ങളും ഇപ്പോഴും ഒറ്റപ്പെട്ട് കിടക്കുകയാണ്. കാക്കത്തോട്, ചെളിത്തോട്, എടവണ്ണപ്പാറ എന്നീ പാലങ്ങൾ ഗതാഗതയോഗ്യമല്ലാതായി. മൂന്ന് പാലങ്ങളും പുനർനിർമിക്കേണ്ടിവരുമെന്നാണ് കണ്ടെത്തൽ. ഇതിനായി 6.25 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. 
കുത്തൊഴുക്കാണ‌് പാലങ്ങളുടെ തൂണുകൾക്ക് ബലക്ഷയമുണ്ടാക്കിയത‌്. ഇവയുടെ കൈവരികളും ഒലിച്ചുപോയി. നെല്ലിക്കുത്ത്, വടപുറം, പൊങ്ങൽ, കോട്ടപുഴ, മാതാപുഴ, കുഴിപുറം, കുണ്ടന്നത്ത്, ഉണ്ണ്യാൽ, പനമ്പുഴകടവ്, ഏഴൂർ, തിരുവേഗപുറം, മണിക, കോലുപാലം, തൃക്കാക്കടവ് പാലങ്ങളുടെ കൈവരികൾ പൂർണമായും തകർന്നു. പല പാലങ്ങളും റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് മണ്ണൊലിച്ചുപോയി. പാറക്കല്ലും കൂറ്റൻമരങ്ങളും വന്നിടിച്ചാണ് പാലങ്ങൾ തകരാറിലായത്. ഇത്തരത്തിലുള്ള 13 പാലങ്ങളുടെ കേടുപാടുകൾ തീർക്കാനായി 12.30 കോടി രൂപ ഇതിനായി ചെലവിടണം. പാലങ്ങൾ അറ്റകുറ്റപ്പണികൾ നടത്തി പഴയസ്ഥിതിയിലാക്കാൻ കുറഞ്ഞത് ഒരുവർഷം വേണ്ടിവരും. റോഡ്‌സ് ആൻഡ് ബ്രിഡ‌്ജസ് വിഭാഗത്തിനുകീഴിൽ ഉൾപ്പെടാത്തതും തദ്ദേശ സ്ഥാപനങ്ങൾക്കുകീഴിലും മറ്റുമുള്ള പാലങ്ങളുടെയും മറ്റും കണക്ക് ശേഖരിക്കുന്നതേയുള്ളൂ. അതും കൂടിയാകുമ്പോൾ നഷ്ടം പിന്നെയും കൂടും. ആയിരം കിലോമീറ്റർ റോഡ് ഗതാഗതയോഗ്യമല്ലാതായി. ജില്ലയിലൂടെ കടന്നുപോകുന്ന സംസ്ഥാന ഹൈവേ ഉൾപ്പെടെ 45 പ്രധാന റോഡുകളാണ് തകർന്നത‌്. 45 കിലോമീറ്ററിൽ ഓവുചാലും 39 കലുങ്കുകളും തകർന്നു. 125.2 കിലോമീറ്റർ സംരക്ഷണഭിത്തിയും തകർന്നു. 350 കിലോമീറ്ററോളം റോഡിൽ കുഴികൾ രൂപപ്പെട്ടു. ഇത് പഴയസ്ഥിതിയിലാക്കാൻ  564 ലക്ഷം രൂപ വേണ്ടിവരും. കലുങ്കുകൾ പുനർനിർമിക്കാൻ 494 ലക്ഷം രൂപയും സംരക്ഷണഭിത്തിക്ക‌് 765 ലക്ഷം രൂപയും ഓവുചാലിന‌് 42 ലക്ഷം രൂപയും ചെലവിടണം. നടപടികൾ പൂർത്തിയാക്കി നിർമാണ പ്രവർത്തികൾ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് പൊതുമരാമത്ത് അധികൃതർ.
പ്രധാന വാർത്തകൾ
Top