16 October Tuesday

വിശ്വാസം ദുരുപയോഗിച്ച് അരാജകത്വം സൃഷ്ടിക്കുന്നു: ശബ്നം ഹാഷ്മി

വെബ് ഡെസ്‌ക്‌Updated: Monday Dec 25, 2017

യുക്തിവാദിസംഘം 'സ്വതന്ത്രലോകം- 2017' സെമിനാര്‍ മനുഷ്യാവകാശ പ്രവര്‍ത്തക ശബ്നം ഹാഷ്മി ഉദ്ഘാടനംചെയ്യുന്നു

 മലപ്പുറം > ഫാസിസ്റ്റ് ആക്രമണങ്ങളും കൊലപാതക പരമ്പരകളും രാജ്യത്തിന്റെ ജനാധിപത്യമൂല്യങ്ങളും മതനിരപേക്ഷതയും തകര്‍ക്കുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ശബ്നം ഹാഷ്മി. തുറന്നുപറയുന്നവരെയും എതിര്‍ക്കുന്നവരെയും കേന്ദ്രഭരണത്തണലില്‍ ഉന്മൂലനംചെയ്യുന്ന നിലപാടിനെ കൂട്ടായി ചെറുക്കണം. മലപ്പുറം ടൌണ്‍ ഹാളില്‍ യുക്തിവാദിസംഘം 'സ്വതന്ത്രലോകം- 2017' സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍.

ഫാസിസ്റ്റ് ശക്തികള്‍ കേന്ദ്രഭരണത്തിന്റെ മറപിടിച്ച് രഹസ്യ അജന്‍ഡകള്‍ നടപ്പാക്കുകയാണ്. വിശ്വാസം ദുരുപയോഗിച്ച് വിവേചനവും കൊലപാതകങ്ങളും നടത്തി അരാജകത്വം സൃഷ്ടിച്ചാണ് ഇതെല്ലാം നടപ്പാക്കുന്നത്. ചോദ്യംചെയ്യുന്നവര്‍ക്ക് നിലനില്‍പ്പില്ല. പ്രതികരിക്കുന്ന എഴുത്തുകാരെ തെരഞ്ഞുപിടിച്ച് കൊല്ലുന്നു. പ്രതികരിക്കുന്ന യുവാക്കളെ കള്ളക്കേസുകളില്‍ കുടുക്കി ഒതുക്കുന്നു. കലാലയങ്ങളിലും യൂണിവേഴ്സിറ്റികളിലും വിദ്യാര്‍ഥിശബ്ദങ്ങളെ അമര്‍ച്ചചെയ്യുന്നു. സ്ത്രീകള്‍, കര്‍ഷകര്‍, ന്യൂനപക്ഷങ്ങള്‍, ദളിതര്‍, ആദിവാസികള്‍ എന്നീ ജനവിഭാഗങ്ങള്‍ പലകാരണങ്ങളാല്‍ നിരന്തരം ആക്രമിക്കപ്പെടുന്നുവെന്നും ശബ്നം ഹാഷ്മി പറഞ്ഞു.
യുക്തിവാദിസംഘം സംസ്ഥാന പ്രസിഡന്റ് ഡോ. കെ ആര്‍ വാസുദേവന്‍ അധ്യക്ഷനായി. എം എന്‍ കാരശേരി, യു കലാനാഥന്‍, ഡോ. ആര്‍ ഷര്‍മിള, മുഹമ്മദ് അഷറഫ്, ജെ രഘു എന്നിവര്‍ സംസാരിച്ചു. ധാര്‍മികതയുടെ ഭൌതിക അടിത്തറ എന്ന വിഷയത്തില്‍ തുറന്ന ചര്‍ച്ചയും സംഘടിപ്പിച്ചു. കലാസന്ധ്യ വി പി മന്‍സിയ ഉദ്ഘാടനംചെയ്തു. തിങ്കളാഴ്ച രാവിലെ 10ന് തുടരുന്ന സെമിനാറില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top