22 September Saturday

ഓണമില്ല, അരി സഹപാഠികൾക്ക‌്

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018
നിലമ്പൂർ
 ഓണത്തിന് സർക്കാരിൽനിന്ന് ലഭിച്ച അഞ്ചുകിലോ അരി ദുരിതമനുഭവിക്കുന്നവർക്ക് നൽകി വീട്ടിക്കുത്ത് ജിഎൽപി സ്കൂൾ വിദ്യാർഥികൾ. വിദ്യാലയത്തിലെ  നിരവധി കുട്ടികളുടെ വീടുകൾ കാലവർഷക്കെടുതിയിൽ ഭാഗികമായോ പൂർണമായോ തകർന്ന‌് താമസിക്കാനിടമില്ലാതായി. 
സഹപാഠികളുടെ കുടുംബങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് 26 കുട്ടികൾ സർക്കാരിൽനിന്ന‌് ലഭിച്ച അരി ദുരിതാശ്വാസത്തിനായി കൈമാറിയത‌്. പ്രധാനാധ്യാപകൻ ഇല്ലിക്കണ്ടി അസീസാണ‌്  മാർഗനിർദേശംനൽകി കൂടെയുള്ളത‌്.  
വാട‌്സാപ‌് ഗ്രൂപ്പ‌് വഴി അരലക്ഷം രൂപയിലധികം വരുന്ന സാധനങ്ങളാണ‌് അധ്യാപകരും പിടിഎയും പൂർവവിദ്യാർഥികളും ചേർന്ന് വിവിധ മേഖലയിലെ  50 കുടുംബങ്ങൾക്ക് എത്തിച്ചത്. വിതരണോദ്ഘാടനം പി വി അൻവർ എംഎൽഎ നിർവഹിച്ചു. കൗൺസിലർമാരായ ഗോപാലകൃഷ്ണൻ, ചാലിൽ ഉണ്ണി എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top