13 November Tuesday

വിളിപ്പുറത്തുണ്ട് വായന

വെബ് ഡെസ്‌ക്‌Updated: Saturday Jun 23, 2018
നിലമ്പൂർ 
പൊതു ഇടങ്ങളിൽ വായനവീടുകൾ ഒരുക്കിയും മൊബൈൽ ലൈബ്രറി സംവിധാനത്തിലൂടെ പുസ്തകങ്ങൾ എത്തിച്ചു നൽകിയും വ്യത്യസ്തമാവുകയാണ് ഈ വായനദിനത്തിലും ദേശാസേവാസമാജം വായനശാല. 1956ലെ സ്വാതന്ത്ര്യദിനത്തിൽ പിറവിയെടുത്ത വായനശാല  ഇന്ന‌് ഒരു നാടിന്റെ അക്ഷരവെളിച്ചമാണ‌്. കുട്ടികൾമുതൽ മുതിർന്നവർവരെ  നിരവധി പേരാണ് ദിനംപ്രതി ഈ വായനശാലയിലും  ഇതിന്റെ ഭാഗമായുള്ള ഗ്രന്ഥശാലയിലും എത്തുന്നത‌്. നിലമ്പൂർ താലൂക്കിൽ ആറായിരത്തോളം  വരുന്ന പുസ്തകങ്ങളുള്ള ഗ്രന്ഥശാലയിൽ ദേശാസേവാസമാജവും ഉൾപ്പെട്ടിട്ടുണ്ട്.  
കരുളായി പഞ്ചായത്തിലെ വായനക്കാർ കൂടുതലുള്ള വിവിധ വാർഡുകളിലെ അഞ്ച് പ്രദേശങ്ങളിലാണ‌് വായനവീടൊരുക്കിയിരിക്കുന്നത‌്. വാരിക്കൽ കണ്ണൻകുളവൻ ഷിജില, ഭൂമിക്കുത്ത് കരുവാടൻ സുനിത, പുള്ളിയിൽ അല്ലിപ്ര നിഷ, പ്രിയ, മരുതങ്ങാട് കണ്ടങ്ങാപ്പുറം വീട്ടിൽ ഷൈലജ, കാർലിക്കോട് സുമ എന്നീ മികച്ച വായനക്കാരായ വനിതകളുടെ വീടുകളിലാണ്  വായനവീടുകൾ ഒരുക്കിയത്. പുസ്‌തകങ്ങൾ വായിക്കാൻ വായനശാലയിലേക്ക് എത്താൻ കഴിയാത്ത വയോധികർക്കും കിടപ്പിലായവർക്കും വീടുകളിലേക്ക് മൊബൈൽ ലൈബ്രറി വഴി പുസ‌്തകങ്ങൾ എത്തിച്ചുനൽകും. മൊബൈൽ ലൈബ്രേറിയനായ കെ സുനിത ആഴ്ചയിലും മാസത്തിലും ഈ വായനവീടുകളിൽ പുസ്തകങ്ങൾ എത്തിച്ചുനൽകും. ആ ദിവസങ്ങളിൽ സമീപത്തുള്ള വായനക്കാർ അവിടെ ഒത്തുകൂടും. അതിനുശേഷം തങ്ങൾക്ക് വേണ്ട പുസ്തകങ്ങൾ വായിക്കാൻ വേണ്ടി വീടുകളിലേക്ക് കൊണ്ട് പോകും. 
1956ൽ തുടങ്ങിയ വായനശാല പുതിയ കെട്ടിടത്തിലേക്ക് മാറിയത് 2008ലാണ്.  ലൈബ്രേറിയൻ ടി അരവിന്ദാക്ഷൻ, വനിതാ ലൈബ്രേറിയൻ കെ സുനിത, സെക്രട്ടറി കെ എൻ ചന്ദ്രൻ, പ്രസിഡന്റ പി സി  ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് വായനശാലയുടെ പ്രവർത്തനങ്ങൾ  മുന്നോട്ടു കൊണ്ടുപോകുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top