Top
26
Monday, June 2017
About UsE-Paper

വെള്ളം നിറഞ്ഞ് ഓടായിക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് എന്നിട്ടും മമ്പാടിന് ദുരിതംതന്നെ

Friday Apr 21, 2017
വെബ് ഡെസ്‌ക്‌
മമ്പാട് ഓടായിക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജില്‍ നിറഞ്ഞുനില്‍ക്കുന്ന വെള്ളം
 
 
മമ്പാട് > ചാലിയാര്‍ പുഴയില്‍ നിര്‍മിച്ച ഓടായിക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജില്‍ വെള്ളം നിറഞ്ഞ് നില്‍ക്കുമ്പോഴും കുടിവെള്ളത്തിനായി മമ്പാടിലെ ജനങ്ങള്‍ നെട്ടോട്ടത്തില്‍. മമ്പാട് പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കൃഷിക്കുമായാണ് ഓടായിക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നത്. 
എന്നാല്‍ തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാര്‍ നിര്‍മാണം പൂര്‍ത്തിയാക്കാതെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ധൃതിപിടിച്ച് ഉദ്ഘാടനംനിര്‍വഹിച്ചു. ഇതോടെ പദ്ധതിയുടെ ലക്ഷ്യം കൈവരിക്കാനായില്ല. മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എ പി അനില്‍കുമാര്‍ മന്ത്രിയായിരിക്കുമ്പോഴായിരുന്നു ഈ ദുരവസ്ഥ. കെട്ടിനിര്‍ത്തിയ വെള്ളം ഷട്ടറില്‍ അതുപോലെ നില്‍ക്കുമ്പോഴാണ് നൂറുകണക്കിന് കുടുംബങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്.
പുഴയുടെ അക്കരെയുള്ള പുള്ളിപ്പാടം, മാടം, വീട്ടിക്കുന്ന്, കല്ലുവാരി, ആനംതല്ല്, കറുകമണ്ണ തുടങ്ങിയ ആദിവാസി കോളനികളിലുംകുടിവെള്ളക്ഷാമം രൂക്ഷമാണ്. ഇവിടങ്ങളില്‍ കഴിഞ്ഞ ഒരുമാസമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കുടിവെള്ളവിതരണം നടത്തുന്നുണ്ട്. മമ്പാട് പഞ്ചായത്തിലെ ഇപ്പൂട്ടിങ്ങല്‍ കുടിവെള്ളപദ്ധതിയെ ആശ്രയിച്ച് 600-ഓളം കുടുംബങ്ങളാണ് കഴിയുന്നത്. എന്നാല്‍ ഇപ്പൂട്ടിങ്ങലിലുള്ള കിണര്‍ മമ്പാട് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ താഴെഭാഗത്തായതിനാല്‍ വെള്ളം ഇല്ല. ഇതോടെ ഇവിടെയും ദുരിതമാണ്.
മമ്പാട് പഞ്ചായത്തിലെ കൊറത്തിപ്പൊയില്‍ മൂന്ന് സെന്റ് കോളനി, രാജീവ് കോളനി, കമ്പനിക്കുന്ന് കോളനി, നടുവക്കാട്, കരിത്താര്‍ എസ്സി കോളനി, ഇളമ്പുഴ എസ്സി കോളനി, വടപുറം എസ്സി കോളനി, പുളിക്കലൊടി, മാരമംഗലം, കമ്പനിപ്പടി തുടങ്ങിയ പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. 
കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്ത് മമ്പാട് പഞ്ചായത്തില്‍ വരള്‍ച്ച രൂക്ഷമായപ്പോള്‍ കുടിവെള്ളമെത്തിക്കാന്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ വാഹനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിലവിലെ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി പ്രശ്നപരിഹാരത്തിന് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് സിപിഐ എം പഞ്ചായത്തംഗങ്ങള്‍ ആരോപിച്ചു. 19 വാര്‍ഡുകളിലും അടിയന്തരമായി കുടിവെള്ളമെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം പഞ്ചായത്തംഗങ്ങള്‍ സെക്രട്ടറിക്ക് പരാതി നല്‍കി.