18 August Saturday

ഭൂമിയിൽ വിള്ളൽ കാരണം ഭൂഗർഭ മണ്ണൊലിപ്പ്

സ്വന്തം ലേഖകൻUpdated: Thursday May 17, 2018

പെരുമണ്ണ ക്ലാരി കഞ്ഞിക്കുഴിങ്ങരയിൽ ഭൂമിയിൽ വിള്ളലുണ്ടായ പ്രദേശങ്ങളും തകർന്ന വീടും നാഷണൽ സെന്റർ ഫോർ എർ‍ത്ത് സയൻസ് സ്റ്റഡീസിലെ മുതിർന്ന ശാസ്ത്രജ്ഞൻ ജി ശങ്കറിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നു

 

 
കോട്ടക്കൽ
പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ കഞ്ഞിക്കുഴിങ്ങരിയിൽ കണ്ടെത്തിയ ഭൂമിയിലെ വിള്ളൽ ഭൂഗർഭ മണ്ണൊലിപ്പാണെന്ന‌് (സോയിൽ പൈപ്പിങ്) നാഷണൽ സെന്റർ ഫോർ എർത്ത‌് സയൻസ‌് സ‌്റ്റഡീസിലെ (എൻസിഇഎസ‌്എസ‌്) സീനിയർ സയന്റിസ‌്റ്റ‌് ജി ശങ്കർ. പെരുമണ്ണ പഞ്ചായത്തിൽ മാത്രമല്ല, മലപ്പുറം ജില്ലയിലെ പാണ്ടിക്കാട‌്, തേഞ്ഞിപ്പലം, ആലത്തൂർപ്പടി ഭാഗങ്ങളിലും കണ്ണൂർ, കാസർകോട‌് ജില്ലകളിലെ ചില പ്രദേശങ്ങളിലും ഈ പ്രതിഭാസം കണ്ടെത്തിയിട്ടുണ്ട‌്. ഇലക്ട്രിക്കൽ റെസിസ‌്റ്റിവിറ്റി സർവേ യന്ത്രമുപയോഗിച്ചുള്ള പരിശോധനയിൽ ഈ പ്രദേശത്ത ഭൂഗർഭ മണ്ണൊലിപ്പ‌ി​ന്റെ ഭാഗമായുണ്ടായ മൂന്നോളം ഭൂഗർഭ ഗുഹകൾ കണ്ടെത്തിയിട്ടുണ്ടെന്നും വിദഗ‌്ധ പരിശോധനക്കുശേഷം വ്യാഴാഴ‌്ച വൈകിട്ടോടെ മാത്രമെ പൂർണമായ വിവരവും വിള്ളലിന്റെ വ്യാപ‌്തിയും തിട്ടപ്പെടുത്താൻ കഴിയൂ.
ബുധനാഴ‌്ച രാവിലെ പത്തോടെ സ്ഥലത്തെത്തിയ വിദഗ‌്ധസംഘം തുടക്കത്തിൽ വിള്ളലുണ്ടായ ഭൂമിയും തകരാറായ സമീപത്തെ വീടും പരിശോധിച്ചശേഷമാണ‌് ജിയോ ഫിസിക്കൽ മെത്തേഡിൽ പരിശോധന ആരംഭിച്ചത‌്. 
ഇലക്ട്രിക്കൽ റെസിസ‌്റ്റിവിറ്റി സർവേ യന്ത്രമുപയോഗിച്ച‌് മുന്നൂറോളം മീറ്റർ ചുറ്റളവിൽ നടത്തിയ പരിശോധയിലാണ‌് തകരാറായ വീടിന്റെ അടിയിലുൾപ്പെടെ മൂന്ന‌് ഗുഹകൾ കണ്ടെത്തിയത‌്. 192 മീറ്റർ   ഇത്തരം പ്രതിഭാസങ്ങളുണ്ടാകുന്ന പ്രദേശങ്ങളിൽ ഭൂമിയുടെ ഘടന മേൽഭാഗത്ത‌് ചെങ്കല്ലും (ലാറ്ററേറ്റ‌്) അതിനടിയിൽ ചെകിടി മണ്ണ‌് (ക്ലേ), ശേഷം പാറ എന്നിവയാണുളളത‌്. 
കാലവർഷത്തിൽ മണ്ണിനടിയിലേക്ക‌് വെള്ളം താഴ‌്ന്ന‌ിറങ്ങുന്നതോടെ ചെകിടിമണ്ണ‌് ചെങ്കല്ലിനും പാറയ്ക്കും ഇടയിലൂടെ പൈപ്പിലൂടെ ഒഴുകിപ്പോകുന്നതുപോലെ ഒരിടത്തുനിന്ന‌് മറ്റൊരു സ്ഥലത്തേക്ക‌് മാറും. 
ഈ വിടവിലേക്ക‌് മുകൾഭാഗത്തെ ഭൂഭാഗം ഇരിക്കുന്നതോടെയാണ‌് വിള്ളലുൾപ്പെടെയുള്ള പ്രതിഭാസങ്ങൾ പ്രത്യക്ഷപ്പെടുന്നത‌്. മറ്റൊരു സ്ഥലത്തേക്ക‌് മാറുന്ന ചെകിടിമണ്ണ‌് എവിടെയാണ‌് നിക്ഷേപിക്കപ്പെടുന്നുവെന്നത‌് പരിശോധനയിൽ കണ്ടെത്താനാകും. 
പരിശോധനകൾ പൂർത്തിയാകുന്നതോടെ ഭൂമിയിലുണ്ടായ വിള്ളലിനെക്കുറിച്ചും ഇതിന്റെ വ്യാപ‌്തിയെ കുറിച്ചും വിശദ റിപ്പോർട്ട‌് സർക്കാരിന‌് സമർപ്പിക്കും. മുന്നൂറുമീറ്റർ ചുറ്റളവിൽ നടത്തിയ പരിശോധനയിൽ മുൻകരുതലെടുക്കേണ്ട കാര്യങ്ങളെകുറിച്ച‌് റവന്യൂ വകുപ്പിനും റിപ്പോർട്ട‌് നൽകും. 
വിള്ളൽ കണ്ടെത്തിയ ഭൂപ്രദേശത്ത‌് ജനങ്ങൾ പ്രവേശിക്കുന്നതും ഭാരമേറിയ വാഹനങ്ങൾ സഞ്ചരിക്കുന്നതും ഒഴിവാക്കണമെന്ന‌് ജി ശങ്കർ പറഞ്ഞു. 
പുതിയ വീടുകളുടെ നിർമാണ പ്രവൃത്തിചെയ്യുമ്പോൾ ഭൂഗർഭ മണ്ണൊലിപ്പിന് സാധ്യതയുള്ള പ്രദേശമാണോ എന്നുകൂടി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ സി അബ്ദുൾ റഷീദ‌്, തഹസിൽദാർ എം എസ‌് സുരേഷ‌്കുമാർ, ഡെപ്യൂട്ടി തഹസിൽദാർ സി കെ ആഷിഖ‌്, ജില്ലാ ഹൈഡ്രോ ജിയോളജിസ‌്റ്റ‌് അനീഷ‌് എം അലി, ജിയോളജിസ‌്റ്റ‌് കെ വി ജിതിൻ വിജയ‌്, ഫിസാറ്റ‌് എൻജിനിയറിങ‌് കോളേജിലെ പ്രൊഫ. കെ പഞ്ചമി എന്നിവരും സഥലത്തെത്തിയിരുന്നു. 
കഞ്ഞിക്കുഴിങ്ങരയിലെ പരുത്തിക്കുന്നൻ സൈനുദീന്റെ പറമ്പിലാണ‌് വിള്ളൽ കണ്ടെത്തിയത‌്. സമീപമുള്ള പൊട്ടംചോല റഹീമിന്റെ വീട‌് ഇതിന്റെ ഭാഗമായി തകർന്നു വീഴാറായ നിലയിലാണ‌്.  
കലക്ടറുടെ ഇടപെടലിൽ പൊട്ടംചോല റഹീമിന്റെ കുടുംബാംഗങ്ങളെ മറ്റൊരു വീട്ടിലേക്ക‌് മാറ്റാൻ നടപടിയെടുത്തു.
പ്രധാന വാർത്തകൾ
Top