18 November Sunday

ഇരുനില വീട‌് പൂർണമായി തകർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018

കനത്ത മഴയിലും കാറ്റിലും തകർന്നുവീണ ഐക്കരപ്പടി നെച്ചിയിൽ മുനീറിന്റെ വീട‌്

 

കൊണ്ടോട്ടി
കനത്ത മഴയിലും കാറ്റിലും നിർമാണത്തിലിരിക്കുന്ന ഇരുനില വീട‌് പൂർണമായും തകർന്ന‌് വീണു. ഐക്കരപ്പടി നെച്ചിയിൽ കളരിയിൽ പി അബ്ദുൽമുനീറിന്റെ  വീടാണ‌് ചൊവ്വാഴ‌്ച രാവിലെ ആറരയോടെ തകർന്നത‌്. വീടൊന്നാകെ നിലംപൊത്തി.
ഗ്രൗണ്ട‌് ഫ‌്ളോറിന്റെ കോൺക്രീറ്റ‌് അടക്കം പൂർത്തിയാക്കി ഒന്നാം നിലയിലെ കോൺക്രീറ്റ‌ിന്റെ പ്രവൃത്തിക്കായി പലക അടിക്കുന്ന പ്രവൃത്തി തുടങ്ങിയപ്പോഴാണ‌് വീട‌് നിലംപൊത്തിയത‌്. കല്ലും കോൺക്രീറ്റ‌് സാമഗ്രികളും പൊട്ടിപ്പൊളിഞ്ഞു. വലിയ ശബ്ദം കേട്ട‌ാണ‌് പ്രദേശവാസികൾ ഉണർന്നത‌്. പലരും പുറത്തേക്കോടി. തറവാട‌് വീടിന‌് തൊട്ടടുത്താണ‌് പ്രവാസിയായ മുനീർ പുതിയ വീട‌് നിർമിക്കുന്നത‌്.
എട്ട‌് വർഷം മുമ്പാണ‌് പ്രാരബ്ധംമൂലം മുനീർ കടൽ കടന്നത‌്. ഡ്രൈവർജോലി ചെയ‌്ത‌് കിട്ടുന്ന തുഛവരുമാനം നിത്യജീവിതത്തിന‌് തന്നെ തികയാത്ത അവസ്ഥയാണ‌്. 
വരുമാനത്തിൽ മിച്ചംവയ്ക്കാൻ ഇല്ലാത്തതിനാൽ ബാങ്കിൽ ആധാരം പണയപ്പെടുത്തിയാണ‌് വീട‌് നിർമാണത്തിനുള്ള തുക കണ്ടെത്തിയത‌്. ഒന്നാം നിലയുടെ കോൺക്രീറ്റ‌് പ്രവൃത്തികൂടി പൂർത്തിയാക്കി വെള്ളിയാഴ‌്ച ഗൾഫിലേക്ക‌് മടങ്ങിപ്പോകാനിരിക്കെയാണ‌് കാലവർഷം മുനീറിന്റെ ജീവീതം മാറ്റിമറിച്ചത‌്. 
പതിമൂന്ന‌് ലക്ഷം രൂപ നിർമാണത്തിന‌് ചെലവ‌് വന്നതായി മുനീർ പറഞ്ഞു. വാഴക്കാട‌് സ്വദേശിയായ കരാറുകാരനായിരുന്നു വീടിന്റെ നിർമാണ ചുമതല. ചെറുകാവ‌് വില്ലേജ‌് ഓഫീസർ സ്ഥലം സന്ദർശിച്ചു.
പ്രധാന വാർത്തകൾ
Top