Top
19
Saturday, August 2017
About UsE-Paper

പാഠം രണ്ട്: കരനെല്ലില്‍ കതിര്‍

Sunday Aug 13, 2017
കെ കെ രാമകൃഷ്ണന്‍
ചേറൂര്‍ പിപിടിഎംവൈ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റ് നടത്തുന്ന കരനെല്‍ കൃഷി
 
 
വേങ്ങര > 'ഇതാ, ഈ നെല്‍ത്തണ്ടിന്റെ മധ്യത്തില്‍ കാണുന്ന തടിച്ച ഭാഗമുണ്ടല്ലോ, അതിലൂടെ നെല്ലിന്റെ കതിര്‍ വന്നുകൊണ്ടിരിക്കയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍തന്നെ കതിരുകള്‍ പുറത്തേക്കുവരും'- അധ്യാപകന്‍ ക്ളാസ് എടുക്കുകയാണ്. മഴയൊഴിഞ്ഞ ദിനത്തിലെ കടുത്ത വെയിലില്‍ നിന്നുകൊണ്ട് തന്നെയാണ് ക്ളാസ്. ഇവിടെ ക്ളാസ് മുറിയോ, ഡസ്കും ബെഞ്ചും ബ്ളാക്ക് ബോര്‍ഡും ചോക്കുമില്ല, ഇടയ്ക്ക് അധ്യാപകന്‍ കുട്ടികളോട് ദ്വേഷ്യപ്പെടുന്നുണ്ട്- ചെരുപ്പിട്ട് ക്ളാസില്‍ കയറിയതിന്. മറ്റൊന്നുകൊണ്ടുമല്ല, ചെരുപ്പുപയോഗിച്ച് ഈ ക്ളാസില്‍ കയറിയാല്‍ നെല്‍ച്ചെടികള്‍ ഒടിഞ്ഞുപോകും. ഈ ജാഗ്രത പഠിതാക്കള്‍ക്കും വേണം. 
ഇത് ചേറൂര്‍ പിപിടിഎംവൈ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ തൊട്ടടുത്തുള്ള അര ഏക്കറിലധികം വരുന്ന വളപ്പ്. ഇവിടെയാണ് അധ്യാപകന്‍ കെ ടി അബ്ദുല്‍ ഹമീദ് കൃഷിയുടെ രണ്ടാം പാഠം പഠിപ്പിക്കുന്നത്. നാല്‍പ്പതോളം വിദ്യാര്‍ഥികളും പഠനത്തിനുണ്ട്. കഴിഞ്ഞ വര്‍ഷം പാടത്ത് കൃഷി ചെയ്ത് ചേറൂര്‍ അരി പാക്ക് ചെയ്ത് വിപണിയിലിറക്കിയ ആഹ്ളാദത്തിലാണ് ഇവര്‍. ഇത്തവണ പുതിയ പരീക്ഷണമെന്ന നിലയില്‍ കരനെല്‍കൃഷിയാണ് ഇവര്‍ ഏറ്റെടുത്തത്. നാടു നീങ്ങിക്കൊണ്ടിരിക്കുന്ന കരനെല്‍ കൃഷിയിലൂടെത്തന്നെയാണ് പുതിയ കൃഷിപാഠം. 
ചേറൂര്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിനു മുന്‍വശത്ത് തേലപ്പുറത്ത് ലക്ഷ്മീദേവി എന്ന വീട്ടമ്മ വിട്ടുനല്‍കിയ അരയേക്കറിലധികം വരുന്ന സ്ഥലത്താണ് തെക്കന്‍ ചീര എന്ന മോടന്‍ വിത്തിനം വിതച്ചത്. 120 ദിവസത്തെ മൂപ്പുള്ള തെക്കന്‍ ചീര ഓണം കഴിഞ്ഞേ വിളവെടുക്കാനാകൂ എന്ന സങ്കടം ഇവര്‍ക്കുണ്ട്. എങ്കിലും ഉത്സാഹത്തിമര്‍പ്പിന് കുറവില്ലാതെതന്നെ കഴിഞ്ഞ ദിവസം കള പറിക്കുകയും ചാണകവും കോഴിക്കാഷ്ഠവും വളമായി നല്‍കുകയും ചെയ്തു. ഹയര്‍ സെക്കന്‍ഡറി എന്‍എസ്എസ് വളന്റിയര്‍മാരാണ് പുതിയ തലമുറയിലെ കൃഷിരീതികള്‍ അനുഭവത്തിലൂടെ പഠിക്കുന്നത്. 
ഇ കെ ജാനിഷ് ബാബു, പി ജഹാന ഷെറിന്‍, കിരണ്‍ സന്തോഷ്, ടി അനശ്വര, സി മുഹമ്മദ് ഷാസ് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എല്ലാറ്റിനും മേല്‍നോട്ടം വഹിച്ച് ഹയര്‍ സെക്കന്‍ഡറി സാമ്പത്തിക ശാസ്ത്ര അധ്യാപകന്‍ കെ ടി അബ്ദുല്‍ ഹമീദും. കൂടെ സര്‍വവിധ പിന്തുണയുമായി പ്രിന്‍സിപ്പല്‍ കാപ്പന്‍ അബ്ദുല്‍ ഹമീദും.