22 September Saturday

മീനിലെ മായം പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ‌്

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018

  

മലപ്പുറം
മീനിൽ ഫോർമലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ചേർക്കുന്നത് തടയാൻ നടപടി ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ‌്. മത്സ്യമാർക്കറ്റുകളിലും ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന ലോറികളിലും ഐസ് ഫാക്ടറികളിലും പരിശോധന നടത്തി. സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനക്കയച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം  ക്യുക്ക് റെസ്‌പോൺസ് ടീമും രൂപീകരിച്ചു. 
പൊന്നാനി, തിരൂർ, താനൂർ, കൊണ്ടോട്ടി, കോട്ടക്കൽ, മലപ്പുറം, കൂട്ടിലങ്ങാടി, പെരിന്തൽമണ്ണ, മങ്കട, മക്കരപ്പറമ്പ്, കൊളത്തൂർ എന്നിവിടങ്ങളിലെ പരിശോധനയിൽ 28 തരം മത്സ്യങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് കോഴിക്കോട് മലാപ്പറമ്പിലെ റീജണൽ അനലറ്റിക്കൽ ലാബിലേക്കയച്ചു. ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനുശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമീഷണർ കെ സുഗുണൻ പറഞ്ഞു.  രണ്ട് ഭക്ഷ്യസുരക്ഷാ ഓഫീസർമാരും സഹായിയും അടങ്ങുന്നതാണ് ക്യുക്ക് റെസ്‌പോൺസ് ടീം. ഭക്ഷ്യവസ്തുക്കളിൽ ആരോഗ്യത്തിന് ഹാനികരമായ തോതിൽ മായംകലർത്തുന്നത് ജയിൽ ശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണ്. മായം കലർന്ന ഭക്ഷണം കഴിച്ചതുകാരണം മരണംസംഭവിച്ചാൽ ജീവിതകാലംവരെ തടവും പിഴയുമാണ് ശിക്ഷ. ലൈസൻസില്ലാതെ കച്ചവടംചെയ്താൽ ആറുമാസംവരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും. പൊതുജനങ്ങൾക്ക് പരാതി 0483 2732121 എന്ന നമ്പറിൽ അറിയിക്കാം.
പ്രധാന വാർത്തകൾ
Top