Top
18
Saturday, November 2017
About UsE-Paper

നമുക്ക് മാറ്റാം, വലിച്ചെറിയുന്ന ശീലം

Sunday Nov 12, 2017
* സി വി രാജീവ്
പെരിന്തല്‍മണ്ണ > അറിവുത്സവത്തിനിടെ, ശീലങ്ങളുടെ മാറ്റങ്ങളിലേക്ക് വഴിതുറന്ന് സെമിനാര്‍. മാലിന്യനിര്‍മാര്‍ജനം വലിയൊരു സംസ്കാരമാണെന്നും അതിന് തുടക്കമിടേണ്ടത് മനസ്സുകളിലാണെന്നുമുള്ള ബോധ്യത്തിലേക്കുള്ള ചുവടൊരുക്കുന്നതായി അത്. 'ശുചിത്വ പരിപാലനവും പുരയിട കൃഷിയും' വിഷയത്തില്‍ കോഴിക്കോട് വേങ്ങേരി നിറവ് റസിഡന്റ്സ്് അസോസിയേഷന്‍ പ്രവര്‍ത്തകന്‍ ബാബു നിറവ് രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി ക്ളാസ് നല്‍കി. 
വലിച്ചെറിയല്‍ സംസ്കാരം ഒഴിവാക്കി എങ്ങനെ മലിനമല്ലാത്ത ചുറ്റുപാടൊരുക്കാമെന്ന് അദ്ദേഹം വിവരിച്ചു. കോഴിക്കോട് കോര്‍പറേഷനിലെ നിറവ് റസിഡന്റ്സ് അസോസിയേഷനിലെ 101 വീടുകളില്‍ വലിയ മാറ്റം സാധ്യമാക്കിയതെങ്ങനെയെന്ന് ഉദാഹരണസഹിതം ബാബു വിശദമാക്കി. വീടിന്റെ പിന്നാമ്പുറങ്ങളില്‍ ചവര്‍കൂന നിറയാതിരിക്കാന്‍ ചെയ്യേണ്ടതൊക്കെ പറഞ്ഞപ്പോള്‍ സദസ്സ് കാതുകൂര്‍പ്പിച്ചിരുന്നു. അവിടങ്ങളില്‍ അടുക്കളത്തോട്ടമൊരുക്കുകയാണ് വേണ്ടത്. അതിനായി, പ്ളാസ്റ്റിക് മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും സിഎഫ്എല്‍ തുടങ്ങിയവയും വ്യത്യസ്ത ചാക്കുകളിലാക്കി ശേഖരിക്കണം. അവ പിന്നീട് റീസൈക്കിളിങ്ങിന് അയക്കാം. ഒന്നരസെന്റായാലും ഒരേക്കറായാലും വസിക്കുന്നയിടം വൃത്തിയായി സൂക്ഷിക്കാന്‍ ആവശ്യമായ മുന്‍കരുതലും വിവരിച്ചു. 
ക്യാന്‍സര്‍പോലുള്ള മാരകരോഗങ്ങളെ തടയാന്‍ വീട്ടുമുറ്റത്തും മട്ടുപ്പാവിലും മതിലിലും പച്ചക്കറികള്‍ കൃഷിചെയ്യാം. കോഴിക്കോട് കലക്ടറേറ്റ്, ജയില്‍വളപ്പ്, കരിപ്പൂര്‍ വിമാനത്താവളം, കുതിരവട്ടം മാനസികാരോഗ്യാശുപത്രി എന്നിവിടങ്ങളില്‍ നിറവ് പ്രവര്‍ത്തകര്‍ നടത്തിയ ശുചിത്വപരിപാലന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.

Related News

കൂടുതൽ വാർത്തകൾ »