Top
21
Tuesday, February 2017
About UsE-Paper

യൂണിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം; എസ്എഫ്ഐ മാര്‍ച്ച് നടത്തി

Thursday Jan 12, 2017
വെബ് ഡെസ്‌ക്‌
എസ്എഫ്ഐ കലിക്കറ്റ് സര്‍വകലാശാല ഭരണ വിഭാഗത്തിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന സെക്രട്ടറി എം വിജിന്‍ ഉദ്ഘാടനംചെയ്യുന്നു

 

തേഞ്ഞിപ്പലം > യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ കലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ് യോഗം നടന്ന ഭരണവിഭാഗത്തിലേക്ക് എസ്എഫ്ഐ മാര്‍ച്ച്. കോളേജ് യൂണിയന്‍ ഭാരവാഹികളാണ് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. ബുധനാഴ്ച പകല്‍ പതിനൊന്നോടെ പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ഭരണവിഭാഗം ഓഫീസിനുമുമ്പില്‍ കുത്തിയിരുന്നു. ഉച്ചയോടെ ഉപരോധസമരം ആരംഭിച്ചു. സിന്‍ഡിക്കറ്റ് യോഗത്തിനായി എത്തുന്ന അംഗങ്ങളെ തടയില്ലെന്നും പ്രഖ്യാപിച്ചു. പകല്‍ രണ്ടോടെ എല്‍ഡിഎഫ് അംഗങ്ങള്‍ യോഗത്തിനായി ഭരണവിഭാഗത്തില്‍ എത്തിയെങ്കിലും വിസി, പിവിസി, രജിസ്ട്രാര്‍, യുഡിഎഫ് അംഗങ്ങള്‍ എന്നിവര്‍ എത്തിയില്ല. 
മൂന്നരയോടെ എല്‍ഡിഎഫ് അംഗങ്ങള്‍ ഗസ്റ്റ്ഹൌസിലേക്ക് തിരിച്ചുപോയി. ഈ സമയം ലീഗ്-കോണ്‍ഗ്രസ് അംഗങ്ങള്‍ എംഎസ്എഫ് - കെഎസ്യുക്കാരുമായി ഗസ്റ്റ്ഹൌസിലിരുന്ന് സംസാരിക്കുകയായിരുന്നു. അവസാനം നാലേമുക്കാലോടെയാണ് വിസിയടക്കമുള്ള എല്ലാവരും ഒന്നിച്ച് ഗസ്റ്റ്ഹൌസില്‍നിന്നും യോഗത്തിനെത്തിയത്. എന്നാല്‍ കോണ്‍ഗ്രസംഗങ്ങളായ അഡ്വ. പി എം നിയാസും ഡോ. കെ എം നസീറും യോഗത്തില്‍ പങ്കെടുക്കാതെ ഗസ്റ്റ്ഹൌസില്‍നിന്നും തിരിച്ചുപോയി. ഏറെ നേരത്തെ ചര്‍ച്ചക്കൊടുവിലാണ് ഭൂരിപക്ഷ തീരുമാനപ്രകാരം യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് നിശ്ചയിച്ചപ്രകാരംതന്നെ നടത്താന്‍ തീരുമാനിച്ചത്. ഇതിനിടെ ഭരണവിഭാഗത്തിന് മുമ്പിലുണ്ടായിരുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ സിന്‍ഡിക്കറ്റ് യോഗം നടക്കുന്ന ഹാളിനുമുമ്പിലേക്ക് സമരവുമായെത്തി. തുടര്‍ന്ന് സിന്‍ഡിക്കറ്റംഗങ്ങള്‍ എസ്എഫ്ഐ നേതാക്കളുമായി ചര്‍ച്ച നടത്തുകയും തീരുമാനം അറിയിക്കുകയുംചെയ്തതോടെയാണ് സമരം അവസാനിപ്പിച്ചത്. 
മാര്‍ച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ ഉദ്ഘാടനംചെയ്തു. കെ ശ്യാംപ്രസാദ് അധ്യക്ഷനായി. എ കെ ബിജിത്ത്, ലിന്റോ ജോസഫ്, കെ ഷെബീര്‍, സോനുപ്രസാദ് എന്നിവര്‍ സംസാരിച്ചു.