20 October Saturday

വികസനവഴിയിൽ കൗക്കാട് ആയുർവേദ ആശുപത്രി

സ്വന്തം ലേഖകൻUpdated: Thursday Oct 11, 2018

 

എടക്കര
മലയോരത്ത് ആയുർവേദ ചികിത്സാരംഗത്തിന് കുതിപ്പേകി കൗക്കാട് ആയുർവേദ ആശുപത്രിയെ 30 കിടക്കകളുള്ള ആശുപത്രിയായി ഉയർത്തി സർക്കാർ ഉത്തരവായി. ഇതിനായി 12 പുതിയ തസ്തിക സൃഷ്ടിച്ചു. നിയമനം ഉടൻ ഉണ്ടാകുമെന്ന‌് പി വി അൻവർ എംഎൽഎ അറിയിച്ചു. നിലവിൽ ഒരു ഡോക്ടറടക്കം നാല‌് ജീവനക്കാരാണുള്ളത്. മൂന്ന‌് ഡോക്ടർ, മൂന്ന‌് നേഴ്സ്, രണ്ട് തെറാപ്പിസ്റ്റ്, രണ്ട‌് ഫാർമസിസ്റ്റ്, ഒന്നുവീതം സാനിറ്റേഷൻ വർക്കർ, ക്ലർക്ക്, പാചകക്കാരൻ എന്നിങ്ങനെയാണ‌് അധിക നിയമനം. 
കൗക്കാടിൽ പതിറ്റാണ്ടുകൾക്കുമുമ്പാണ് കിഴക്കനേറനാട്ടിലെ ആദ്യത്തെ സർക്കാർ ആയുർവേദ ആശുപത്രി ആരംഭിക്കുന്നത്. അയ്യനേത്ത് ഗോവിന്ദനാണ് സൗജന്യമായി അരയേക്കർ സ്ഥലം ആശുപത്രിക്കായി നൽകിയത്. 2012–13 വർഷത്തിൽ അന്നത്തെ എംഎൽഎയും മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് ആശുപത്രി വികസനത്തിനായി 50 ലക്ഷം രൂപ അനുവദിച്ചെങ്കിലും തുടർ നടപടി ഇല്ലാത്തതിനാൽ ഫണ്ട് ലാപ്സായി. 2016 ആഗസ‌്തിൽ പി വി അൻവർ എംഎൽഎ വികസന പ്രവർത്തനം പുനരാരംഭിച്ചു. 
ആഗസ‌്ത‌് അവസാനത്തോടെ കിടത്തിചികിത്സാ ബ്ലോക്കിന്റെ നിർമാണത്തിന് ഭരണാനുമതിയും സെപ്തംബറിൽ സാങ്കേതികാനുമതിയും ലഭിച്ചു. ഡിസംബറിൽ എംഎൽഎ തറക്കല്ലിട്ടു. മെയ് അഞ്ചിന‌് മന്ത്രി കെ കെ ശൈലജ പുതിയ ബ്ലോക്ക് നാടിന് സമർപ്പിച്ചു. 12 പഞ്ചായത്തുകൾ കൂടിച്ചേരുന്ന മലയോരത്ത് കിടത്തിചികിത്സ ലഭ്യമാവുന്ന ഏക സർക്കാർ ആയുർവേദ ആശുപത്രിയാണിത‌്. ഇതോടെ മലയോരവാസികൾക്ക് കൗക്കാട് അയ്യനേത്ത് ഗോവിന്ദൻ നായർ സ്മാരക ആയുർവേദ ആശുപത്രി ആശ്രയമാകും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top