21 November Wednesday

ഹർത്താലിൽ യുഡിഎഫ് കോമഡി മിഠായി നല്‍കി നേതാക്കള്‍; ഹാപ്പി ബര്‍ത്ത്ഡേ പറഞ്ഞ് ഡ്രൈവര്‍മാര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018

 

സ്വന്തം ലേഖകന്‍
മലപ്പുറം 
ഹർത്താലിനെ അപഹാസ്യമാക്കുന്ന കോമഡിയുമായി യുഡിഎഫുകാർ. തിങ്കളാഴ‌്ച രാവിലെ മലപ്പുറം കുന്നുമ്മലിൽ പണിമുടക്ക് ‘വിജയിപ്പി’ക്കാനെത്തിയ നേതാക്കൾ നിരത്തിലൂടെ ഓടുന്ന വാഹനങ്ങൾ കൈകാട്ടി നിർത്തി ഡ്രൈവർമാർക്ക് മിഠായി നൽകി യാത്രയാക്കി. 
ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ആഹ്വാനംചെയ്ത ഹർത്താൽ വിജയിപ്പിക്കുമെന്ന് വീമ്പുപറഞ്ഞ് റോഡിലിറങ്ങിയവരുടെ കോമാളിത്തംകണ്ട്  അമ്പരന്ന നാട്ടുകാർക്ക്  ചിരിയടക്കാനായില്ല. കോൺഗ്രസ് നേതാവ് ഉപ്പൂടൻ ഷൗക്കത്ത്, മുസ്ലിംലീഗ് നേതാവ് ഹാരിസ് ആമിയൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യുഡിഎഫുകാർ പ്രകനത്തിനെത്തിയത്. 
പത്തുപേരേ പ്രകടനത്തിനുണ്ടായിരുന്നുള്ളൂ. ഏതാനും കോൺഗ്രസ്, ലീഗ് പ്രവർത്തകർ കൂട്ടത്തിലുണ്ടായിരുന്നുവെങ്കിലും ആരും  കൊടിപോലും കരുതിയിരുന്നില്ല. മിഠായി കിട്ടിയ ചില ഡ്രൈവർമാർ ജന്മദിനാശംസയൊക്ക നേർന്നതോടെ നേതാക്കൾ ചമ്മി. തുടർന്നാണ് പണിമുടക്കിനെ പിന്തുണക്കാനെത്തിയ യുഡിഎഫുകാരാണെന്ന് വെളിപ്പെടുത്തിയത്. പണിമുടക്ക് ദിവസം വണ്ടി ഓടിച്ചത് പ്രോത്സാഹിപ്പിക്കാനാണോ നിരുത്സാഹപ്പെടുത്താനാണോ മിഠായി വിതരണമെന്ന് ആർക്കും വ്യക്തതയുണ്ടായിരുന്നില്ല. 
പത്രത്തിൽ പടംവരാൻ ചില നേതാക്കൾ പതിവുപോലെ കാണിച്ച ബോറത്തരത്തിൽ പ്രവർത്തകർ അമർഷം മറച്ചുവച്ചില്ല. ഇന്ധന വിലവർധനപോലുള്ള അതിപ്രധാന വിഷയത്തിൽ നടത്തുന്ന പണിമുടക്കിന്റെ ഗൗരവംചോർത്തുന്ന ഇത്തരം കോമഡികൾ ഒഴിവാക്കണമായിരുന്നുവെന്ന അഭിപ്രായമാണ് മുതിർന്ന നേതാക്കൾക്ക്.
പ്രധാന വാർത്തകൾ
Top