14 November Wednesday

മണ്ണത്തംപാലിയിൽ ഇടിഞ്ഞിറങ്ങിയത് അര ഏക്കർ കൃഷിഭൂമി

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

 

മേലാറ്റൂർ
അഞ്ചുവർഷത്തിനുള്ളിൽ മണ്ണത്തം പാലിയിൽ ഇടിഞ്ഞിറങ്ങിയത് അര ഏക്കറോളം കൃഷിഭൂമി. കീഴാറ്റൂർ പഞ്ചായത്ത് ആറാം വാർഡിൽ നോർത്തിലെ ഇല്ലിക്കൽ കുഞ്ഞിരാമൻ, ഇല്ലിക്കൽ ഭാസ്കരൻ എന്നിവരുടെ വയലുകളാണ് ഇടിഞ്ഞിറങ്ങുന്നത്. മണ്ണിടിച്ചിൽ  തുടരുന്ന സാഹചര്യത്തിൽ ആശങ്കയിലാണ‌് കർഷകർ. വെള്ളിയാറിനോടുചേർന്നുള്ള മണ്ണത്തം പാലിയിൽ 2013ലെ മഴക്കാലത്താണ് കുഴുകോൽവരിത്തോട് ഗതിമാറി മണ്ണിടിയാൻ തുടങ്ങിയത്.  
10 മീറ്ററോളം താഴ്ചയിലേക്ക് കൃഷിഭൂമി ഇടിയുകയായിരുന്നു. പിന്നീട‌്  വിളവിറക്കിയിരുന്ന ഭൂമി ഒാരോ മഴക്കാലത്തും ഇടിഞ്ഞിറങ്ങാൻ തുടങ്ങി. ഈ വർഷമുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി ഭാഗങ്ങൾ വീണ്ടും തകർന്നു. ഇപ്പോൾ ഇത്രയും സ്ഥലം വലിയ ഗർത്തമായി കാടുപിടിച്ച നിലയിലാണ്. നേരത്തെ വാഴ, നെല്ല്, മരച്ചീനി തുടങ്ങിയവ കൃഷിചെയ്തിരുന്ന സ്ഥലം പൂർണമായും ഇപ്പോൾ ഉപയോഗശൂന്യമായി. ബാക്കിഭാഗംകൂടി ഇടിയുകയാണ‌്.
തോടിന്റെ പാർശ്വഭിത്തി പടുത്തുയർത്തി വെള്ളം വഴിതിരിച്ചുവിട്ടാൽ ഇതിന് പരിഹാരമാവും. എന്നാൽ ഈ പ്രവൃത്തിക്ക് ലക്ഷങ്ങൾ ചെലവുവരും. നിരവധി തവണ ബന്ധപ്പെട്ടവർക്ക്  നിവേദനം നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്നാണ് കർഷകരുടെ പരാതി. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളോ എംഎൽഎയോ  മുൻകൈയെടുത്താലെ ഇത്രയും വലിയ തുക അനുവദിക്കാൻ കഴിയൂ.

 

പ്രധാന വാർത്തകൾ
Top