24 September Monday
വാഹന റിപ്പയറിങ്ങിൽ തട്ടിപ്പെന്ന് ആക്ഷേപം

അന്വേഷണ സമിതിയെ നിയോ​ഗിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018
 
സ്വന്തം ലേഖകൻ
തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാലയുടെ റിപ്പയർചെയ്ത വാഹനങ്ങൾ ​ദിവസങ്ങൾക്കകം കട്ടപ്പുറത്ത്. സ്വകാര്യ വർക്ക്ഷോപ്പുമായുള്ള ഒത്തുകളിയെന്ന് ആക്ഷേപമുയർന്നതിനെ തുടർന്ന് അന്വേഷിക്കാൻ മൂന്നം​ഗ ഉപസമിതിയെ നിയോ​ഗിച്ച് കലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കറ്റ്. പ്രൊഫ. ആർ ബിന്ദു, ഡോ. റിജുലാൽ, കെ ശ്യാംപ്രസാദ് എന്നിവരാണ് അന്വേഷണത്തിനായി നിയോ​ഗിക്കപ്പെട്ട കമ്മിറ്റിയിലുള്ളത്. 
വാഹനങ്ങൾ റിപ്പയർചെയ്യാൻ അം​ഗീകൃത സർവീസ് സെന്ററിൽ കൊടുക്കുകയും എന്നാൽ പിന്നീട് അവിടെനിന്ന് മാറ്റി ലോക്കൽ വർക്ക്ഷോപ്പിൽ പണിയെടുപ്പിക്കുകയുംചെയ്തതായി പരാതിയുണ്ടായിരുന്നു. റിപ്പയർചെയ്ത വാഹ​നം അടുത്ത സമയങ്ങളിലായി മൂന്നുതവണ തകരാറായി. 
റിപ്പയറിന് ഡ്രൈവർ ആവശ്യപ്പെട്ടപ്പോൾ പിഡബ്ല്യുഡി മെക്കാനിക്കൽ ഡിവിഷൻ എന്‍ജിനിയറിൽനിന്ന് നിലവിലെ റണ്ണിങ് കണ്ടീഷൻ വിലയിരുത്തി റിപ്പോർട്ട് വാങ്ങാൻ ഉ​ദ്യോ​ഗസ്ഥൻ തീരുമാനിച്ചുവത്രെ. സ്വാധീനം ഉപയോ​ഗിച്ച് റിപ്പയറുകൾ ഒന്നുംതന്നെ ഇല്ല എന്ന അനുകൂല റിപ്പോർട്ട് വാങ്ങുന്നതിനാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അംബാസിഡർ കാറുകൾക്കുവേണ്ട വർക്കുകൾ എഴുതിനൽകിയാൽ അവയെല്ലാംതന്നെ ‘തട്ടിക്കൂട്ട്’ പരിപാടിയായി റിപ്പയർചെയ്ത് കമീഷൻ തട്ടുകയാണ് നടക്കുന്നതെന്നും ആക്ഷപമുണ്ട്. ഇതിനാൽതന്നെ കാറുകൾ ക്യാമ്പസിനുപുറത്ത് ഓടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. വാഹനങ്ങൾക്ക് പലതിനും കഴിഞ്ഞ മൂന്ന് വർഷമായി ചെലവാക്കിയ തുക വാഹനത്തിന്റെ ഇപ്പോഴത്തെ മതിപ്പുവിലയെക്കാൾ എത്രയോ അധികമാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. 
2015 മുതൽ ഇൻസ്ട്രുമെന്റേഷൻ ഡിപ്പാർട്ട്മെന്റിനുകീഴിൽ നടത്തിയ വാഹനങ്ങളുടെ റിപ്പയറിന് ചെലവായ തുകയും വിശദാംശങ്ങൾ പരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്. മെക്കാനിക്കൽ എന്‍ജിനിയർ ബിരുദമുള്ളയാൾക്ക് മാത്രമേ വാഹനത്തിന്റെ വർക്കുകളെക്കുറിച്ച് ആധികാരികമായി വിലയിരുത്താൻ കഴിയൂവെന്നും അത്തരമൊരു സംവിധാനം സർവകലാശാലയിലില്ലെന്നും പറയുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top