11 December Tuesday

ആഴമേറിയ അനുഭവങ്ങളുടെ 'പ്രതിധ്വനി'

സ്വന്തം ലേഖകൻUpdated: Friday Mar 9, 2018

കുടുംബശ്രീയുടെ ‘പ്രതിധ്വനി’ ടോക്്‌ ഷോ സക്കീന പുൽപ്പാടൻ ഉദ്ഘാടനം ചെയ്യുന്നു

 

 
മലപ്പുറം > 'ആണിന്റെ കണ്ണിലേക്ക് ഒറ്റയ്ക്കൊരു സ്ത്രീ ശക്തമായി നോക്കിയാൽ അവൻ ചൂളും‐ കലാമണി പറഞ്ഞുതുടങ്ങി. പതിനാലാം വയസിൽ കർണാടകയിലേക്ക് വിവാഹം കഴിച്ചയക്കുകയും ഭർത്താവ് മറ്റൊരാൾക്ക് വിൽക്കുകയും മുംബൈയിലെത്തിക്കുകയുംചെയ്ത അനുഭവം വിവരിക്കുമ്പോൾ ആ കണ്ണുകളിൽ നിശ്ചയദാർഢ്യം. സ്വന്തംപ്രയത്നത്താൽ പിന്നീട് നാട്ടിലെത്തി കുടുംബശ്രീയുടെ നട്ടെല്ലായി. രംഗശ്രീ കമ്യൂണിറ്റി തിയറ്റർ രൂപീകരിച്ചപ്പോൾ അതിന്റെ നട്ടെല്ല് കാളികാവ് പഞ്ചായത്തിലെ കലാമണിയായിരുന്നു. ജെൻഡർ കോൺഗ്രസിന്റെ ഭാഗമായി കുടുംബശ്രീ സംഘടിപ്പിച്ച 'പ്രതിധ്വനി' ടോക് ഷോ  അനുഭവസമാഹരണമായിരുന്നു വേദി. 
   യാഥാസ്ഥിതിക മുസ്ലിംകുടുംബത്തിൽ ജനിച്ച് സിഡിഎസ് ചെയർപേഴ്സണായ അനുഭവമാണ് തെന്നലക്കാരിയായ യാസ്മിൻ പങ്കിട്ടത്. 'സ്പർശം' പദ്ധതി ആരംഭിക്കുകയും സുമനസ്സുകളുടെയും സർക്കാർ ഏജൻസികളുടെയും സഹായത്തോടെ  22 കുടുംബത്തിന് അത്താണിയാകുകയുംചെയ്തു. തെന്നല പഞ്ചായത്തിലെ അഞ്ഞൂറോളംവരുന്ന  കർഷക വനിതകളെ സംഘടിപ്പിച്ചുകൊണ്ട് അവരുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ സംഭരിക്കുകയും മൂല്യവർധിത ഉൽപ്പന്നങ്ങളായി  വിറ്റഴിക്കുന്നതിനും ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി രൂപീകരിച്ചു.
പലായനത്തിന്റെ കഥ പറയുന്ന നന്നംമുക്ക് പഞ്ചായത്തുകാരിയായ മുംതാസ്, തന്റെ പരിമിതികളെ സ്വപ്രയത്നംകൊണ്ട് അതിജീവിച്ച്, രാജസ്ഥാൻ അടക്കമുള്ള ഇതര സംസ്ഥാനങ്ങളിലെ ഗ്രാമീണ വനിതകളെ സംഘടിപ്പിക്കുകയും കുടുംബശ്രീ നാഷണൽ റിസോഴ്സ് ഓർഗനൈസേഷന്റെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്യുന്ന 62‐കാരിയായ നിറമരുതൂർ നിവാസി ശാന്തകുമാരി... അതിജീവനത്തിന്റെയും ഗാഥകളേറെ. 
പതിനഞ്ച് പേർ ടോക് ഷോയിൽ പങ്കെടുത്തു. ഓരോ അനുഭവസാക്ഷ്യങ്ങളും നിറഞ്ഞ കണ്ണുകളോടെയും  നിർത്താത്ത കൈയടിയോടെയും സദസ്സ് സ്വീകരിച്ചു. കലാമണി, യാസ്മിൻ എന്നിവരെ കുടുംബശ്രീ സംഘടിപ്പിക്കുന്ന സംസ്ഥാനതല ടോക് ഷോ മത്സരത്തിലേക്ക് തെരഞ്ഞെടുത്തു. 
 'പ്രതിധ്വനി' ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുൽപ്പാടൻ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹാജുറുമ്മ അധ്യക്ഷയായി. ഉണ്ണി സത്താർ, എം സനോജ്,  രാജേഷ് നാരായണൻ എന്നിവരായിരുന്നു വിധികർത്താക്കൾ. ജില്ലാ മിഷൻ കോ‐ഓഡിനേറ്റർ  സി കെ ഹേമലത, അസി. കോ‐ഓഡിനേറ്റർ കെ എം വിനോദ്, ജില്ലാ പ്രോഗ്രാം മാനേജർ റൂബി രാജ് എന്നിവർ സംസാരിച്ചു.
ഹരിതഭവനങ്ങളും സിഡിഎസുകളും 
രൂപീകരിക്കും
മലപ്പുറം > കുടുംബശ്രീ ഇരുപതാം വാർഷികാഘോഷത്തിന്റെ  മുന്നോടിയായി ജില്ലയിൽ ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ എന്നിവയുടെ സഹകരണത്തോടെ 50,000 ഹരിതഭവനങ്ങളും 100 ഹരിത സിഡിഎസുകളും രൂപീകരിക്കാൻ ജില്ലാ കുടുംബശ്രീ മിഷന്റെ പദ്ധതി. ഇതിനായി ചോദ്യാവലി അടങ്ങുന്ന 'തനിമ അഥവാ തനി മലപ്പുറം' മൊബൈൽ ആപ്പ് സജ്ജമാക്കി. 
ജലസംരക്ഷണം, ഊർജസംരക്ഷണം, കൃഷി, കൃഷിഭൂമിയുടെ ഉപയോഗം, മാലിന്യസംസ്കരണം തുടങ്ങിയ മേഖലകളിൽനിന്നാണ് ചോദ്യാവലി തയ്യാറാക്കിയിട്ടുള്ളത്. അയൽക്കൂട്ടങ്ങളെ നാലോ അഞ്ചോ കുടുംബങ്ങൾ അടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ച് മൊബൈൽ ആപ്പിലുള്ള ചോദ്യാവലി വീടുകളിൽ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പുവരുത്തും. 
കൂട്ടായപ്രവർത്തനത്തിലൂടെ എല്ലാ വീടുകളെയും ഹരിതഭവനങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഹരിതഭവനങ്ങളും ഹരിത സിഡിഎസും രൂപീകരിക്കുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top