16 July Monday

പാസ്പോര്‍ട്ട് ഓഫീസ് തുഗ്ളക് നടപടിയുമായി വിദേശകാര്യ മന്ത്രാലയം

സ്വന്തം ലേഖകന്‍Updated: Friday Dec 8, 2017

 * 

മലപ്പുറം > അടച്ചുപൂട്ടിയ പാസ്പോര്‍ട്ട് ഓഫീസ് പഴയനിലയില്‍ പ്രവര്‍ത്തിക്കണമെന്ന വിചിത്ര ഉത്തരവ് വിദേശകാര്യ വകുപ്പ് പുറപ്പെടുവിച്ചപ്പോള്‍ ബാക്കിയാകുന്നത് കുറേ ചോദ്യങ്ങളാണ്. അതും ഈ മാസം 31 വരെ മാത്രം പ്രവര്‍ത്തിക്കാനാണ് ഉത്തരവ്. നവംബര്‍ 30ന് അടച്ചുപൂട്ടുകയും അതിന് മുമ്പുതന്നെ കംപ്യൂട്ടര്‍ ഉള്‍പെടെയുള്ള മുഴുവന്‍ സാമഗ്രികളും മാറ്റുകയുംചെയ്തിരുന്നു. അതുവരേയും അനങ്ങാതിരുന്ന കേന്ദ്ര സര്‍ക്കാരിന്റെ വൈകിവന്ന ഉത്തരവിന്റെ പൊരുളറിയാതെ ഉദ്യോഗസ്ഥരും വലയുന്നു. 
സെപ്തംബര്‍ അവസാനവാരമാണ് മലപ്പുറം മേഖലാ പാസ്പോര്‍ട്ട് ഓഫീസ് കോഴിക്കോട് ഓഫീസില്‍ ലയിപ്പിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് വന്നത്. ഡിസംബര്‍ ഒന്നുമുതല്‍ പാസ്പോര്‍ട്ട് സംബന്ധമായ ആവശ്യത്തിന് കോഴിക്കോട് ഓഫീസിനെ സമീപിക്കണം. അതിനെതിരെ നിരവധി പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും മലപ്പുറത്ത് ഉണ്ടായെങ്കിലും അതൊന്നും അധികൃതര്‍ ഗൌനിച്ചില്ല. നവംബര്‍ തുടക്കംമുതല്‍ ഓഫീസിലെ സാധനസാമഗ്രികള്‍ കോഴിക്കോടേക്ക് മാറ്റിത്തുടങ്ങിയിരുന്നു. നവംബര്‍ 17ന് ഓഫീസ് പ്രവര്‍ത്തനം ഏറെക്കുറെ അവസാനിപ്പിച്ചു. നവംബര്‍ 30 വരെ പാസ്പോര്‍ട്ട് ഓഫീസര്‍ ജി ശിവകുമാറും ചില ജീവനക്കാരും മലപ്പുറത്തുണ്ടായിരുന്നു. ഏതാനും കംപ്യൂട്ടറുകളും. 30ന് പാസ്പോര്‍ട്ട് ഓഫീസര്‍ വിടുതല്‍ നേടി. അദ്ദേഹത്തെ കോയമ്പത്തൂര്‍ പാസ്പോര്‍ട്ട് ഓഫീസറായി സ്ഥലം മാറ്റുകയുംചെയ്തു. മലപ്പുറം കിഴക്കേത്തലയിലെ വാടക കെട്ടിടവും ഒഴിഞ്ഞു. ഓഫീസിലെ സ്വിച്ച് ബോര്‍ഡ് ഉള്‍പെടെയുള്ളവ കോഴിക്കോട്ടേക്ക് കൊണ്ടുപോയിരുന്നു. ജീവനക്കാരുടെ പുനര്‍വിന്യാസ നടപടികളും ആയിവരികയായിരുന്നു. 
ഇതിനിടെയാണ് മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് മാറ്റാനുള്ള തീരുമാനം റദ്ദാക്കി വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് വന്നത്. നിലവിലുള്ള സ്ഥലത്തുതന്നെ ഡിസംബര്‍ 30 വരെ പ്രവര്‍ത്തിക്കുമെന്നായിരുന്നു ഉത്തരവ്. 
തുഗ്ളക് മോഡല്‍ തീരുമാനത്തിന്റെ പിന്നിലെന്ത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം മലപ്പുറത്തുള്ളവര്‍ക്ക് കൂടുതല്‍ പ്രയാസം സൃഷ്ടിക്കുകയേയുള്ളു. നിലവില്‍ മലപ്പുറത്തുള്ളത് സേവാ കേന്ദ്രം മാത്രമാണ്. ഇവിടെ ഇപ്പോള്‍ അപേക്ഷ സ്വീകരിക്കുന്നത് കോഴിക്കോട് ഓഫീസിന്റെ മേല്‍വിലാസത്തിലാണ്. പുതിയ തീരുമാനം വന്നതോടെ ഇതെല്ലാം താളംതെറ്റും. ഓഫീസ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കെട്ടിടം ഒഴിവായ സ്ഥിതിക്ക് കുറച്ചുദിവസത്തേക്ക് മാത്രമായി പുതിയ ഓഫീസ് ഒരുക്കുക എന്നതും ശ്രമകരമാണ്. തല്‍ക്കാലം ഓഫീസ് കണ്ടെത്തിയാലും ഇവിടെ കംപ്യൂട്ടറും നെറ്റുവര്‍ക്കും ഒരുക്കുക എന്ന കടമ്പയുമുണ്ട്. അതൊരുക്കുമ്പോഴേക്കും വീണ്ടും വൈകും. 
ജീവനക്കാരെ മുഴുവന്‍ കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു. ഇവര്‍ക്ക് നവംബര്‍ മാസത്തെ ശമ്പളം നല്‍കിയത് കോഴിക്കോട്ടുനിന്നാണ്. പഴയ പാസ്പോര്‍ട്ട് ഓഫീസറെ മാറ്റിയിരുന്നു. പഴയ സ്ഥിതി തുടരണമെങ്കില്‍ ഇദ്ദേഹം ചുമതലയേല്‍ക്കണം. ഇങ്ങനെ നൂലാമാലകളും സങ്കീര്‍ണതകളുമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കൊണ്ട് ഉണ്ടായത്.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top