20 September Thursday

വെറ്റിലപ്പാറ ഉരുള്‍പൊട്ടൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നൽകി

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

 

ഊർങ്ങാട്ടിരി
ഓടക്കയം വെറ്റിലപ്പാറ നെല്ലിയായി ആദിവാസി കോളനിയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിന‌് സർക്കാർ ധനസഹായം നൽകി. ഒരു കുടുംബത്തിലെ നാലുപേരടക്കം ഏഴുപേരാണ് മരിച്ചത്. നെല്ലിയായി സുന്ദരൻ (50), ഭാര്യ സരോജിനി (48), നെല്ലിയായി ചേന്ദന്റെ ഭാര്യ മാത (70), ഉണ്ണികൃഷ‌്ണന്റെ ഭാര്യ അമ്പിളി (20), അമ്പിളിയുടെ സഹോദരി ഷിംന (12) എന്നിവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നാല്‌ ലക്ഷം രൂപവീതം നൽകി. നെല്ലിയായി ചിരുത (68), മകൻ ഉണ്ണികൃഷ്ണൻ (35) എന്നിവർക്ക് അവകാശികൾ ഇല്ല. നടപടി പൂർത്തിയാക്കി ഈ തുക  ദുരിതാശ്വാസ നിധിയിലേക്ക് തിരിച്ചുനൽകും. 
  പുൽപറ്റയിൽ വെള്ളക്കെട്ടിൽ വീണുമരിച്ച മുഹമ്മദ് സുനീറി (26)ന്റെ കുടുംബത്തിനും തുക കൈമാറി. ഉരുൾപൊട്ടലിൽ പരിക്കേറ്റ നെല്ലിയായി മാതക്ക് ചികിത്സാസഹായമായി 4300 രൂപയും ചെറിയ ചേന്നന് 4800 രൂപയും സുമതിക്ക് 12,700 രൂപയും നൽകി. വീടും സ്ഥലവും നഷ്ടമായവർക്ക് വീടുവച്ച് നൽകും. ഇതിനായി ഊർങ്ങാട്ടിരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥലം കണ്ടെത്തി. നടപടി  പൂർത്തിയാക്കി വൈകാതെ  പ്രവൃത്തി തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എൻ കെ ഷൗക്കത്തലി പറഞ്ഞു. 
ഏറനാട് താലൂക്കിലെ പ്രളയ ദുരിതബാധിതർക്ക് സർക്കാരിന്റെ അടിയന്തര സഹായവിതരണം വേഗത്തിൽ പൂർത്തിയാവുകയാണ‌്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവർക്കും കുറഞ്ഞത് രണ്ടുദിവസം വെള്ളം ഇറങ്ങാതെനിന്ന വീടുകളിലെ താമസക്കാർക്കുമാണ് 10,000 രൂപ വിതരണംചെയ്യുന്നത്. 3119 കുടുംബങ്ങൾക്കുള്ള അടിയന്തര സഹായധനം ബാങ്ക് അക്കൗണ്ടിലിട്ടു. 
പാസ്ബുക്കിന്റെ പകർപ്പ് ഉൾപ്പെടെ രേഖകൾ ഹാജരാക്കാൻ കാലതാമസം വരുത്തിയ കുടുംബങ്ങൾക്ക് നടപടിക്രമം പൂർത്തിയാക്കി ധനസഹായം രണ്ടുദിവസത്തിനകം അക്കൗണ്ടിലൂടെ നൽകും. വീട് പൂർണമായും ഭാഗികമായും തകർന്നവരുടെ നഷ്ടം കണക്കാക്കാനും വിതരണംചെയ്യാനും തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപംനൽകി. പരിശോധന പൂർത്തിയാക്കി യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതബാധിതരുടെ പുനരധിവാസം നടപ്പാക്കുകയാണ‌് ലക്ഷ്യം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top