24 September Monday

സ്‌നേഹമണി മുഴങ്ങുകയായി, ഇത് കുടുംബശ്രീ കോളിങ് ബെല്‍

ടി വി സുരേഷ്Updated: Saturday Jul 7, 2018
മഞ്ചേരി
ആരാലും എത്തിനോക്കാനില്ലാത്ത വീടുകളിൽ സ്‌നേഹത്തിന്റെ  മണി മുഴങ്ങുകയായി. സമൂഹത്തിൽ ഒറ്റപ്പെട്ട് താമസിക്കുന്നവരുടെ വീടുകളിൽ വിശേഷം ചോദിക്കാനും  കുശലം പറഞ്ഞിരിക്കാനും ഇനി കുടുംബശ്രീ പ്രവർത്തകരെത്തും. അവരോട് സങ്കടങ്ങളും ആവശ്യങ്ങളും പറയാം. സമൂഹത്തിൽ ഒറ്റപ്പെട്ട് താമസിക്കുന്നവരെയും ശ്രദ്ധയും പരിചരണവും ആവശ്യമുള്ള മുതിർന്ന പൗരന്മാരെയും കണ്ടെത്തി പിന്തുണ നൽകാനുമാണ് കുടുംബശ്രീ 'സ്‌നേഹിത കോളിങ് ബെൽ' പദ്ധതി. ഇതിനായി കുടുംബശ്രീയുടെ ആരോഗ്യ വളന്റിയർമാർക്കുള്ള പരിശീലനം നൽകിത്തുടങ്ങി. സിഡിഎസ് തലംവരെയുള്ള പരിശീലനം  പൂർത്തിയായി. 
ആരുമില്ലാത്തവർ, തിരിച്ചറിയൽ രേഖപോലും ഇല്ലാത്തവർ, സാമൂഹികമായ ഒറ്റപ്പെടൽ അനുഭവിക്കുന്നവർ എന്നിങ്ങനെ ജില്ലയിൽ 7299 ആളുകൾ ഉണ്ടെന്നാണ‌്   കുടുംബശ്രീയുടെ കണ്ടെത്തൽ. ഇവരുമായി നിരന്തര സമ്പർക്കം പുലർത്തി സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഒറ്റപ്പെട്ടുജീവിക്കുന്നവരെ പൊതുസമൂഹവുമായി ബന്ധിപ്പിക്കും.  ഉപജീവന മാർഗങ്ങളിൽ ഏർപ്പെടാൻ കഴിയുന്നവർക്ക് അതിനുള്ള സംവിധാനം ഒരുക്കും.  മാനസിക ഉല്ലാസത്തിനും സംവിധാനമേർപ്പെടുത്തും. 
മൂന്ന് ദിവസത്തിലൊരിക്കൽ അയൽക്കൂട്ട വളന്റിയർമാർ ഗുണഭോക്താക്കളുമായി സമ്പർക്കം ഉറപ്പുവരുത്തും. ഇവരുടെ വീടുകളും സന്ദർശിക്കും. ആവശ്യമായ എല്ലാ പിന്തുണയും നൽകും. അയൽക്കൂട്ടങ്ങളിൽ ചുമതലപ്പെടുത്തിയ ആരോഗ്യ വള​ന്റിയർമാരുടെ സംഘങ്ങൾക്കാണ് ചുമതല. ചുരുങ്ങിയത് രണ്ടുപേരെങ്കിലും ഓരോ വീട്ടിലും എത്തി വിശേഷങ്ങൾ ചോദിച്ചറിയും. നേരിട്ട് എത്താൻകഴിയാത്ത ദിവസങ്ങളിൽ ഫോണിലൂടെ വിവരങ്ങൾ അന്വേഷിക്കും. ആവശ്യമെങ്കിൽ കൗൺസലിങ് സേവനം, വൈദ്യസഹായം, നിയമസഹായം എന്നിവയെല്ലാം ഉറപ്പാക്കും. ഒറ്റപ്പെട്ട സ്ത്രീകളെ അയൽക്കൂട്ടവുമായും യുവതീയുവാക്കളെ പ്രദേശത്തെ സാംസ്‌കാരിക സ്ഥാപനങ്ങളുമായും ബന്ധിപ്പിക്കും. വയോജ നങ്ങൾക്കായി   പകൽവീട് സൗകര്യവും ഒരുക്കും.
 അതത് മേഖലയിലെ അയൽക്കൂട്ടങ്ങൾവഴിയാണ് ക്ഷേമപ്രവർത്തനത്തിന്റെ ചുമതല. ക്ഷേമ പ്രവർത്തനങ്ങളുടെ വിശദ വിവരങ്ങൾ കുടുംബശ്രീ ജില്ലാ മിഷന് കൈമാറണം. തദ്ദേശസ്ഥാപനങ്ങൾ, പൊലീസ്, സാമൂഹ്യനീതി ആരോഗ്യ വകുപ്പുകൾ, സാംസ്‌കാരിക സംഘടനകളുടെയും പിന്തുണയും പദ്ധതിക്കുള്ളതായി ജില്ലാ പ്രോഗ്രം മാനേജർ റൂബിരാജ് പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top