17 November Saturday

പട്ടികവിഭാഗങ്ങളുടെ വീട‌് നിർമാണം 84.97 ഏക്കര്‍ സ്ഥലം കണ്ടെത്തി

സ്വന്തം ലേഖകൻUpdated: Thursday Sep 6, 2018

 

മലപ്പുറം
ജില്ലയിൽ ഭൂമിയില്ലാത്ത പട്ടികവിഭാഗങ്ങൾക്ക‌് താമസസൗകര്യം ഒരുക്കാൻ 84.97 ഏക്കർ സ്ഥലം കണ്ടെത്തി. മൂത്തേടം, എടക്കര, ചുങ്കത്തറ, കുറുമ്പലങ്ങോട്, താഴെക്കോട്, വഴിക്കടവ്, എടപ്പറ്റ, ചോക്കാട്, പോത്ത്കല്ല് എന്നീ പഞ്ചായത്തുകളിലായാണ‌് ഭൂമി കണ്ടെത്തിയത്. ഒമ്പത് പഞ്ചായത്തുകളിൽനിന്നായി 20 ഭൂവുടമകളുടെ അപേക്ഷ  ഭൂമി വിലയ്ക്ക് നൽകുന്നതിന‌് ലഭിച്ചു. നേരത്തെ പട്ടികവർഗക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി പണം നൽകി ഭൂമി ലഭ്യമാക്കാൻ താൽപ്പര്യമുള്ളവരിൽനിന്ന‌് കലക്ടർ അപേക്ഷ ക്ഷണിച്ച പ്രകാരമാണിത‌്.
ജില്ലയിൽ ആകെ 767 ആദിവാസി കുടുംബങ്ങളാണ് ഭൂമിയില്ലാത്തവരായുള്ളത‌്. ഇവർക്ക‌് വീട‌് ഒരുക്കാൻ ചുരുങ്ങിയത‌് 767 ഏക്കർ സ്ഥലം ആവശ്യമാണ‌്. ഇതിൽ 84.97 ഏക്കറാണ‌് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. ട്രൈബൽ എക്‌സറ്റൻഷൻ ഓഫീസർ, വില്ലേജ് ഓഫീസർ, റേഞ്ച് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ സ്ഥലം സന്ദർശിച്ച‌് പുനരധിവാസത്തിന് അനുയോജ്യമാണോ എന്ന‌് പരിശോധിക്കും. ഇതിന്റെ റിപ്പോർട്ട‌് 30നകം കലക്ടർക്ക‌് നൽകും. 
തുടർന്ന‌്  കലക്ടർ, ഡിഎഫ്ഒ, ജില്ലാ സർവേ സൂപ്രണ്ട്, ഐടിഡിപി പ്രൊജക്ട് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ ഉൾപ്പെടുന്ന സമിതി വിശദമായ റിപ്പോർട്ട‌് തയ്യാറാക്കും. വാസയോഗ്യവും ക്യഷിയോഗ്യവുമായ ഭൂമി, ഗതാഗത സൗകര്യം, വൈദ്യുതി, കുടിവെള്ള ലഭ്യത, ആദായ ലഭ്യത, നിരപ്പായ ഭൂമി എന്നിവ പരിഗണിച്ചാണ‌് റിപ്പോർട്ട‌് തയ്യാറാക്കുക. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പർച്ചേസ് കമ്മിറ്റിയും രൂപീകരിക്കും. പർച്ചേഴ്‌സ്‌ കമ്മിറ്റിയാണ് ഭൂമിയുടെ വില നിർണയിക്കുക.   
ആദിവാസി പുനരധിവാസ വികസന മിഷനാണ് പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല. ഒരു കുടുംബത്തിന് ഒരു ഏക്കർ മുതൽ അഞ്ച് ഏക്കർവരെ ഭൂമി നൽകുന്നതിനാണ് പദ്ധതി തയ്യാറാക്കുന്നത്. മിഷൻ സ്ഥലം വിലയ്ക്കെടുത്ത് വിതരണംചെയ്യുന്ന രീതിയിലാണ് പദ്ധതി.
പ്രധാന വാർത്തകൾ
Top