20 October Saturday
പ്രതിയെ നാട്ടുകാര്‍ പിടികൂടി

മോഷണശ്രമത്തിനിടയില്‍ വൃദ്ധദമ്പതികള്‍ക്ക് വെട്ടേറ്റു

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018

 വളാഞ്ചേരി > മോഷണശ്രമത്തിനിടയില്‍ വൃദ്ധദമ്പതികള്‍ക്ക് വെട്ടേറ്റു. കൃത്യം നടത്തി രക്ഷപ്പെട്ട പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. കാവുംപുറം കോതോള്‍ ദര്‍ശനയില്‍ കുഞ്ഞന്‍ നായര്‍ (72), ഭാര്യ സുലോചന (67) എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം രാത്രി വെട്ടേറ്റത്. പ്രതി കാവുംപുറം കോതോള്‍ പാറയില്‍ വീട്ടില്‍ പ്രമോദി (42)നെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രിയിലാണ് വൃദ്ധദമ്പതികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ പ്രതി മുഖംമൂടി ധരിച്ച് അതിക്രമിച്ച് കയറിയത്. സുലോചനയുടെ കഴുത്തില്‍ വെട്ടുകത്തി വച്ച് ആഭരണങ്ങള്‍ ഊരി നല്‍കാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ കഴുത്തിന് നേരെ വെട്ടുകത്തി വീശിയെങ്കിലും ചുമലിലാണ് വെട്ടേറ്റത്. അക്രമം തടയാനെത്തിയപ്പോള്‍ കുഞ്ഞന്‍ നായരുടെ കൈയ്ക്കും വെട്ടേറ്റു. ദമ്പതികള്‍ നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ സംഭവം നടന്ന വീടിന്റെ അര കിലോമീറ്റര്‍ അകലെനിന്നും വെട്ടുകത്തി കണ്ടെത്തി. ജീന്‍സ് പാന്റും ടീഷര്‍ട്ടും ധരിച്ചയാളാണ് അക്രമം നടത്തിയതെന്ന ദമ്പതികളുടെ മൊഴിയാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. പ്രതിയെ സംഭവത്തിന് മുമ്പ് നാട്ടുകാര്‍ കണ്ടിരുന്നു. പ്രതിയെ അന്വേഷിച്ച് പൊലീസ് അയാളുടെ വീട്ടിലെത്തിയെങ്കിലും ഏറെനേരത്തെ തെരച്ചിലിനൊടുവില്‍ ബാത്ത്റൂമില്‍നിന്നും പിടികൂടി. ആദ്യം പ്രതി കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.
പരിക്കേറ്റ സുലോചന 15 പവനോളം വരുന്ന ആഭരണം സ്ഥിരമായി ധരിക്കാറുള്ളത് പ്രതി ശ്രദ്ധിച്ചിരുന്നു. കൃത്യത്തിന് മൂന്ന് ദിവസം മുമ്പ് വളാഞ്ചേരിയിലെ ഒരു കടയില്‍നിന്ന് ഇയാള്‍ വെട്ടുകത്തി വാങ്ങിയതായും പൊലീസ് കണ്ടെത്തി. വസ്ത്രങ്ങള്‍ തൊട്ടടുത്ത കുളത്തില്‍ ഉപേക്ഷിച്ചിരുന്നു. ഇവയും കണ്ടെടുത്തു. 
വളാഞ്ചേരി സിഐ എന്‍ കെ കൃഷ്ണന്റെ നേതൃത്വത്തില്‍ എസ്ഐമാരായ ബഷീര്‍ സി ചിറക്കല്‍, വി പി ശശി, എഎസ്ഐ ഷംസുദ്ധീന്‍, സിപിഒമാരായ സുരേഷ്, മജീദ്, അബ്ദുറഹ്മാന്‍, ശ്രീജിത്ത്, ജയപ്രകാശ്, അബ്ദുള്‍ അസീസ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ വ്യാഴാഴ്ച തിരൂര്‍ കോടതിയില്‍ ഹാജരാക്കും.
 
പ്രധാന വാർത്തകൾ
Top