24 October Wednesday

സിപിഐ എം ജില്ലാ സമ്മേളനം: 5ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018

 

മലപ്പുറം > സിപിഐ എം ജില്ലാ സമ്മേളനത്തിന് വെള്ളിയാഴ്ച പെരിന്തല്‍മണ്ണയില്‍ തുടക്കമാകും. അഞ്ച്, ആറ് ഏഴ് തീയതികളില്‍ പെരിന്തല്‍മണ്ണ ടൌണ്‍ഹാളിലെ ഇമ്പിച്ചിബാവ നഗറിലാണ് പ്രതിനിധി സമ്മേളനം. 16 ഏരിയകളില്‍നിന്നായി തെരഞ്ഞെടുത്ത 294 പ്രതിനിധികളും 34 ജില്ലാ കമ്മിറ്റി അംഗങ്ങളും ഉള്‍പെടെ 328 പ്രതിനിധികള്‍ മൂന്നുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ അറിയിച്ചു. 
അഞ്ചിന് രാവിലെ പത്തിന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനംചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍, പി കെ ശ്രീമതി, കെ കെ ശൈലജ, എളമരം കരീം, എ കെ ബാലന്‍, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എം വി ഗോവിന്ദന്‍, ബേബി ജോണ്‍, ടി പി രാമകൃഷ്ണന്‍, മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടനശേഷം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണം, ഗ്രൂപ്പ് ചര്‍ച്ച, പൊതുചര്‍ച്ച, മറുപടി എന്നിവ വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും. ഞായറാഴ്ച പുതിയ ജില്ലാ കമ്മിറ്റിയെയും  സെക്രട്ടറി, സംസ്ഥാന സമ്മേളന പ്രതിനിധികള്‍ എന്നിവരെയും തെരഞ്ഞെടുക്കും. സമാപനംകുറിച്ച് വൈകിട്ട് ചുവപ്പ് വളന്റിയര്‍ മാര്‍ച്ചും പ്രകടനവും. അയ്യായിരം ചുവപ്പ് വളന്റിയര്‍മാരുടെ മാര്‍ച്ചിന്  പിന്നിലായി  ഒരുലക്ഷംപേര്‍ അണിനിരക്കുന്ന ബഹുജനപ്രകടനം. തുടര്‍ന്ന് പടിപ്പുര സ്റ്റേഡിയത്തില്‍ ഫിഡല്‍ കാസ്ട്രോ നഗറില്‍ ചേരുന്ന ബഹുജനറാലി  കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും.
ജില്ലാ സമ്മേളന നഗരിയിലേക്കുള്ള പതാക കമ്യൂണിസ്റ്റ് പോരാളിയായിരുന്ന ഇമ്പിച്ചിബാവയുടെ  പൊന്നാനിയിലെ വീട്ടില്‍ നിന്ന് കൊണ്ടുവരും. ജില്ലാ സെക്രട്ടറിയറ്റംഗം കൂട്ടായി ബഷീര്‍ നയിക്കുന്ന പതാകജാഥ സംസ്ഥാന കമ്മിറ്റി അംഗം ടി കെ ഹംസ ഉദ്ഘാടനംചെയ്യും. കൊടിമരം രക്തസാക്ഷി കുഞ്ഞാലിയുടെ കാളികാവിലെ സ്മൃതികുടീരത്തില്‍നിന്നാണ്. ജില്ലാ സെക്രട്ടറിയറ്റംഗം വി എം ഷൌക്കത്തിന്റെ നേതൃത്വത്തിലാണ് കൊടിമരജാഥ. സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാര്‍ ഉദ്ഘാടനംചെയ്യും. സമ്മേളന നഗരിയിലേക്കുള്ള ദീപശിഖ ഇ എം എസിന്റെ ജന്മനാടായ ഏലംകുളത്തുനിന്ന് ജില്ലാ സെക്രട്ടറിയറ്റംഗം സി ദിവാകരന്റെ നേതൃത്വത്തില്‍  കൊണ്ടുവരും. പെരിന്തല്‍മണ്ണ ഏരിയയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറ് ഉപ ദീപശിഖകളും ഇതോടൊപ്പം ചേരും. ഏലംകുളംമനയുടെ പരിസരത്ത്  മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്യും. പതാക-കൊടിമര-ദീപശിഖകള്‍ പെരിന്തല്‍മണ്ണയില്‍ സംഗമിച്ച്  പൊതുസമ്മേളന നഗരിയിലേക്ക് നീങ്ങും. തുടര്‍ന്ന് പൊതുസമ്മേളന നഗരിയായ കാസ്ട്രോ നഗറില്‍ ചെങ്കൊടി ഉയര്‍ത്തും. 
മലപ്പുറത്ത് സംഘടനാതലത്തിലും രാഷ്ട്രീയമായും സിപിഐ എമ്മിന്  നല്ല വളര്‍ച്ച കൈവരിക്കാന്‍ സാധിച്ച മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനാനുഭവവുമായാണ് പെരിന്തല്‍മണ്ണയില്‍ സമ്മേളിക്കുന്നതെന്ന് പി പി വാസുദേവന്‍ പറഞ്ഞു. പാര്‍ടി, ബഹുജന സംഘടനാ അംഗത്വത്തിലും പഞ്ചായത്തുമുതല്‍ പാര്‍ലമെന്റ്വരെയുള്ള തെരഞ്ഞെടുപ്പുകളിലും ഈ വളര്‍ച്ച പ്രകടമാണ്. ന്യൂനപക്ഷ വിഭാഗത്തിലും പ്രസ്ഥാനത്തിനോടുള്ള ആഭിമുഖ്യവും വിശ്വാസവും വര്‍ധിച്ചിട്ടുണ്ട്. ഇടതുമുന്നണി ഘടകകക്ഷികള്‍ തമ്മിലുള്ള ഐക്യവും യോജിപ്പും ശക്തമായി മുന്നോട്ടുകൊണ്ടുപോകാനുമായി. സമ്മേളനത്തിന്റെ ഭാഗമായി വ്യത്യസ്തമായ സാംസ്കാരിക -കലാ പരിപാടികളും സെമിനാര്‍, സംവാദം എന്നിവയും പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം ടി കെ ഹംസ, ജില്ലാ സെക്രട്ടറിയറ്റംഗം ഇ എന്‍ മോഹന്‍ദാസ്, സമ്മേളന സ്വാഗതസംഘം ചെയര്‍മാന്‍ വി ശശികുമാര്‍, ജനറല്‍ കണ്‍വീനര്‍ വി രമേശന്‍ എന്നിവരും പങ്കെടുത്തു. 
പ്രധാന വാർത്തകൾ
Top