22 November Thursday

കളൻതോട്്‐കൂളിമാട് റോഡ‌് പ്രവൃത്തി ഉദ്ഘാടനം ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Thursday Jun 28, 2018
കുന്നമംഗലം 
ഭരണാനുമതി ലഭ്യമാക്കിയ കളൻതോട്് കൂളിമാട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം വ്യാഴാഴ‌്ച  മന്ത്രി ജി സുധാകരൻ നിർവഹിക്കും. പി ടി എ റഹീം എംഎൽഎ അധ്യക്ഷനാകും. 25 കോടി രൂപയുടെ പ്രവൃത്തിക്കാണ‌് ഭരണാനുമതി ലഭിച്ചത‌്.  കുന്നമംഗലം നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന കുന്നമംഗലം അഗസ്ത്യൻമുഴി റോഡ്, കോഴിക്കോട് ‐ മാവൂർ റോഡ്, കൂളിമാട്‐ എരഞ്ഞിമാവ് റോഡ് എന്നിവ ബന്ധിപ്പിച്ചുകൊണ്ടുള്ള ഏഴ‌് കിലോമീറ്റർ വരുന്ന കളൻതോട്‐ കൂളിമാട് റോഡിന്റെ ഉപരിതലം പഴയ രീതിയിലുള്ള ചിപ്പിങ‌് കാർപ്പറ്റ് പതിച്ചതാണ്. ഈ റോഡിന്റെ പല ഭാഗങ്ങളും വീതി കുറവും വെള്ളക്കെട്ടും മൂലം മഴക്കാലത്ത് തകരുന്നതും പതിവാണ്. 
ഈ റോഡിന്റെ പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ കുറഞ്ഞദൂരംകൊണ്ട് എളുപ്പത്തിൽ മലപ്പുറം ജില്ലയിലേക്ക് എത്താം. കൂടാതെ മലപ്പുറം ജില്ലയിലുള്ളവർക്ക് കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന എൻഐടി, ഐഐഎം എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കെത്തുവാനുള്ള കുറഞ്ഞ ദൂരവുമാകും. ഇത്തരത്തിലുള്ള പ്രാധാന്യം കണക്കിലെടുത്താണ് ഈ റോഡിന്റെ നവീകരണത്തിനായി 25 കോടി ഫണ്ട് വകയിരുത്തിയിട്ടുള്ളത്.
കളൻതോട‌്  മുതൽ കൂളിമാട്  വരെയുള്ള ഏഴ‌് കിലോമീറ്ററോളം ദൂരം  വരുന്ന റോഡ് 5.50 മീറ്റർ വീതിയിലാണ് നവീകരിക്കാൻ ഉദ്ദേശിച്ചിരുന്നുവെങ്കിലും നാട്ടുകാരുടെയും ജനപ്രതിനിധികളുടേയും അഭ്യർഥന മാനിച്ച്  ഏഴ‌് മീറ്റർ വീതിയിൽ റോഡ്  പ്രവൃത്തി ചെയ്യാനുള്ള സാധ്യതക്കായി തുടർ നടപടികൾ പൂർത്തീകരിച്ചുവരികയാണ്. നിലവിലുള്ള റോഡിന്റെ വീതികൂട്ടുന്ന ഭാഗങ്ങളിൽ ജിഎസ്ബി, ഡബ്ല്യുഎംഎം എന്നിവ ഉപയോഗിച്ച് യഥാക്രമം സബ് ബേസ്, ബേസ് എന്നിവ നിർമിക്കുന്നതാണ്. റോഡിന്റെ ഉപരിതലത്തിൽ പതിക്കുന്ന മഴവെള്ളത്തിന്റെ സുഗമമായ ഒഴുക്കിനുവേണ്ടി കൾവെർട്ട്, ഡ്രെയിനേജ് എന്നിവയും കാൽനട യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി ഇരുവശവും 1.50 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടുത്തിയിട്ടുണ്ട്. 
റോഡ് സുരക്ഷാ സംവിധാനത്തിനാവശ്യമായ സീബ്രാ ലൈൻ ഉൾപ്പെടെയുള്ള റോഡ് മാർക്കിങ‌്, സ്റ്റഡുകൾ, സൈൻ ബോർഡുകൾ എന്നിവയും സ്കൂൾ പരിസരങ്ങളിലും ജങ‌്ഷനുകളിലും കൈവരിയും സ്ഥാപിക്കും. ഇലക്ട്രിക‌് പോസ്റ്റ്, ട്രാൻസ്ഫോർമറുകൾ, ടെലിഫോൺ കേബിളുകൾ, പൈപ്പ് ലൈനുകൾ എന്നിവ മാറ്റുന്നതിനായി 20 ലക്ഷം രൂപയും, ജങ‌്ഷൻ ഡിസൈൻ, സൗന്ദര്യവത്കരണം എന്നിവക്കായി  15 ലക്ഷം രൂപയും സ്ട്രീറ്റ് ലൈറ്റ് സിഗ്നൽ എന്നിവക്കായി 25 ലക്ഷം രൂപയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ത്രിമതി കോൺട്രാക്ടിങ‌് കമ്പനി നിലമ്പൂർ എന്ന സ്ഥാപനമാണ് പ്രവൃത്തി കരാർ ഏറ്റെടുത്തിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യാതിഥിയാകും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top