21 September Friday

വിളിപ്പുറത്ത‌് സഹായവുമായി ഇവരുണ്ട്‌

സ്വന്തം ലേഖികUpdated: Saturday Aug 25, 2018

 

 
കോഴിക്കോട‌്
വീട്ടിൽ കട്ടിലിനടിയിൽ പാമ്പുണ്ട‌്, എന്തു ചെയ്യണം, കിണറിലെ മോട്ടോർ കേടായി, സ‌്കൂൾ സർട്ടിഫിക്കറ്റുകളും ആധാരവും നഷ‌്ടപ്പെട്ടു, ഞങ്ങൾക്ക‌് വളണ്ടിയറാകണം. പ്രളയം ദുരിതത്തിലാക്കിയവരുടെ പരാതികളും സങ്കടങ്ങളും സഹായഹസ‌്തങ്ങളും ഇവിടെ രാവും പകലും നിലയ‌്ക്കുന്നില്ല.  ഓരോ വിളിക്കും കൃത്യമായ മറുപടികളും ആശ്വാസവും നൽകി ചുണക്കുട്ടികളായ 22 പേരും. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട‌് കലക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലാണ‌് സംശയങ്ങളും ആവശ്യങ്ങളും നിലയ‌്ക്കാതെ എത്തുന്നത‌്. 
ക്യാമ്പിൽ നിന്ന‌് വീട്ടിലേക്ക‌് മടങ്ങിയ ആദ്യ ദിവസങ്ങളിൽ കൂടുതലും ശുചീകരണവുമായി ബന്ധപ്പെട്ടായിരുന്നു സംശയങ്ങൾ. കിണർ ശുചീകരിക്കാൻ എന്ത‌് ചെയ്യണം, എങ്ങനെ ചെയ്യണം എന്ന‌് തുടങ്ങുന്ന ചോദ്യങ്ങൾ. ചില വീടുകളിൽ പാമ്പ‌് കയറിയ ഭീതിയിലും നിരവധിപേർ വിളിച്ചു.  ഫ്രിഡ‌്ജും മോട്ടോറും ഉൾപ്പെടെ ഇലക‌്ട്രോണിക‌് ഉൽപ്പന്നങ്ങൾ കേടായവർക്ക‌് ക്രിസ‌്ത്യൻ കോളേജിലെ ക്യാമ്പിനെ കുറിച്ചുള്ള വിവരം നൽകും. ആധാരവും സ‌്കൂൾ സർട്ടിഫിക്കറ്റുകളും നഷ‌്ടമായ ഏറെ പേരാണ‌് വിളിക്കുന്നത‌്. രേഖകൾ ലഭ്യമാവാൻ വേണ്ട നടപടി ക്രമങ്ങൾ ഈ കുട്ടികൾ ഓരോന്നും വ്യക്തമാക്കി പറയുന്നു. ക്യാമ്പിലേക്ക‌് പോകാതെ ബന്ധുക്കളുടെ വീട്ടിൽ പോയവർക്ക‌് കിറ്റുകളും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട‌്‌.
എല്ലാം നഷ‌്ടപ്പെട്ടവർക്ക‌് സഹായം നൽകാൻ തയ്യാറായുള്ള ഫോൺ വിളികളും നിരന്തരം വരുന്നു. വളണ്ടിയർമാർ ആവാൻ താൽപ്പര്യം അറിയിച്ച‌് കൊച്ചുകുട്ടികൾ വരെ വിളിക്കുന്നുണ്ട‌്. 10 ഉം 12 ഉം വയസ്സുള്ള നിരവധി കുട്ടികളെ   സ‌്നേഹപൂർവം കാര്യം പറഞ്ഞ‌് ഒഴിവാക്കുകയാണ‌്.  കൺട്രോൾ റൂമിൽ  വിളിക്കുന്നവരുടെ പേരുകളും വിവരങ്ങളും എടുത്തു വയ‌്ക്കുന്നുണ്ട‌്. ഇത‌് ആവശ്യാനുസരണം സഹായം ആവശ്യമുള്ളവർക്ക‌് കൈമാറും.
എൻഐടി, ഗവ.ലോ കോ ളേജ‌്,എസ‌്എൻ കോളേജ‌്, പ്രൊവിഡൻസ‌് തുടങ്ങിയ ജില്ലയിലെ കോളേജുകളിൽ നിന്നുള്ള കുട്ടികളും സന്നദ്ധസംഘടനാ പ്രവർത്തകരും അധ്യാപകരുമെല്ലാം ടീമിലുണ്ട‌്. മൂന്ന‌് ഷിഫ‌്റ്റുകളിലായാണ‌് ഇവർ പ്രവർത്തിക്കുന്നത‌്. ഹരിത മിഷൻ കോ‐ഓർഡിനേറ്റർ പി പ്രകാശൻ,  അധ്യാപകനായ യു പി ഏകനാഥൻ എന്നിവരാണ‌് ഏകോപനം. തിരുവോണദിനത്തിലും കൺട്രോൾ റൂം പ്രവർത്തിക്കും. ഫോൺ: 0495‐2378810, 2378820, 2378860, 2378870.
പ്രധാന വാർത്തകൾ
Top