Top
11
Monday, December 2017
About UsE-Paper

വാഹനവും ജീവനക്കാരുമില്ലാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്

Friday Apr 21, 2017
വെബ് ഡെസ്‌ക്‌


കോഴിക്കോട് >  ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തേണ്ട വകുപ്പിനെ ജീവനക്കാരുടെ ക്ഷാമവും വാഹനമില്ലാത്തതും പ്രതിസന്ധിയിലാക്കുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ജില്ലയിലെ 13 സര്‍ക്കിളിലും  ജില്ലാ ഓഫീസിലുമായി ഒമ്പത് ഭക്ഷ്യസുരക്ഷാ ഓഫീസര്‍ മാത്രമാണുള്ളത്. നാല് ഒഴിവ് ഇപ്പോഴുമുണ്ട്. ഇവിടങ്ങളിലേയ്ക്കായി  ആകെ ഒരു വാഹനം മാത്രമാണുള്ളത്. ഇത് അത്യാവശ്യ ഘട്ടങ്ങളില്‍ പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നു.     
ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ആള്‍ക്ഷാമവും  വാഹന കുറവും വര്‍ഷങ്ങളായി ഉള്ളതാണ്. 2011ല്‍ അന്നത്തെ നിയമസഭാ കമ്മിറ്റി നടത്തിയ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നിയമസഭാ സമിതി തെളിവെടുപ്പ് നടത്തി.  നിയമസഭാ മണ്ഡലത്തില്‍ ഒരു സര്‍ക്കിള്‍ വീതം അനുവദിച്ചു. കുറ്റ്യാടി, നാദാപുരം, ബേപ്പൂര്‍, ബാലുശേരി, തിരുവമ്പാടി, എലത്തൂര്‍ എന്നിവിടങ്ങളിലാണ് ജില്ലയില്‍ പുതുതായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സര്‍ക്കിള്‍ ഓഫീസ് അനുവദിച്ചത്. മുമ്പ് ജില്ലയില്‍ അഞ്ച് സര്‍ക്കിള്‍ മാത്രമാണുണ്ടായിരുന്നത്. നിയമസഭാ സമിതി  തെളിവെടുപ്പ് നടത്തിയതിനുശേഷം  2014ലാണ് ഓരോ നിയമസഭാ മണ്ഡലത്തിലും സര്‍ക്കിള്‍ ഓഫീസ് അനുവദിച്ചത്. എന്നാല്‍ ഓഫീസ് അനുവദിച്ചിട്ടും ജീവനക്കാര്‍ക്കായി  കാത്തിരിക്കേണ്ടി വന്നു. ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ പിഎസ്സി ലിസ്റ്റ് നിലവിലുണ്ടെങ്കിലും ഹൈക്കോടതിയില്‍ കേസുള്ളതിനാല്‍ നിയമനം നടക്കുന്നില്ല. സര്‍ക്കിള്‍ ഓഫീസുകള്‍ക്ക് സ്വന്തമായി കെട്ടിടവുമില്ല. നാദാപുരം, കുറ്റ്യാടി സര്‍ക്കിള്‍ ഇപ്പോള്‍ വടകര ഓഫീസിലാണ് പ്രവര്‍ത്തിക്കുന്നത്. ബാലുശേരി കൊയിലാണ്ടി ഓഫീസിലും ബാക്കിയുള്ളവ ജില്ലാ ഓഫീസിലുമാണ് പ്രവര്‍ത്തിക്കുന്നത്്. 
 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരോഗ്യവകുപ്പിന് കീഴിലായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ്.  വകുപ്പ് വേര്‍പെട്ടപ്പോഴും  ആരോഗ്യ വകുപ്പ് ഉപയോഗിച്ചിരുന്ന വാഹനങ്ങളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. നിലവിലുള്ള ജീപ്പ് 15 വര്‍ഷത്തിലധികം പഴക്കമുള്ളതാണ്. എപ്പോഴും കട്ടപ്പുറത്ത് തന്നെ. വാഹനത്തിനായി സര്‍ക്കാരിലേക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടില്ല.  അടിയന്തരഘട്ടത്തില്‍ വാഹനം വാടകയ്ക്ക് എടുക്കുകയാണ് ചെയ്യുന്നത്. 

Related News

കൂടുതൽ വാർത്തകൾ »