Top
25
Saturday, March 2017
About UsE-Paper
ആയുധങ്ങളും കണ്ടെടുത്തു

പ്രചാരണബോര്‍ഡുകള്‍ നശിപ്പിക്കവേ രണ്ട് ആര്‍എസ്എസുകാര്‍ പിടിയില്‍

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌



ഫറോക്ക് > അര്‍ധരാത്രി ബൈക്കില്‍ ആയുധങ്ങളും പെട്രോളുമായി ചുറ്റിനടന്ന് സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പ്രചാരണബോര്‍ഡുകളും കൊടികളും നശിപ്പിച്ച രണ്ട് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍. വെസ്റ്റ് നല്ലൂര്‍ അങ്ങാടിയില്‍ ഡിവൈഎഫ്ഐയുടെ കൊടി കത്തിച്ചുകൊണ്ടിരിക്കെ ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് ഇവര്‍ നാട്ടുകാരുടെ പിടിയിലായത്.  ബൈക്ക് ഓടിച്ചിരുന്ന വെസ്റ്റ് നല്ലൂര്‍ സ്വദേശി പെരുന്തൊടി സുരേശന്റെ മകന്‍ സുഷനാസ്(28), കരുവന്‍തിരുത്തി പുതുശേരി രമേശന്റെ മകന്‍ അതുല്‍(19) എന്നിവരാണ് പിടിയിലായത്. 
വെസ്റ്റ് നല്ലൂര്‍ അങ്ങാടിയില്‍ രാത്രി കൊടി കത്തിക്കുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്. കൊടി കത്തിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പ്രതികള്‍ ബൈക്കെടുത്തു സ്ഥലം വിടുകയായിരുന്നു. നാട്ടുകാര്‍ ഇവരെ പിന്തുടര്‍ന്ന് പിടികൂടി. തുടര്‍ന്ന് ഫറോക്ക് പൊലീസെത്തി കസ്റ്റഡിയിലെടുത്തു. സുഷനാസിന്റെ അരയില്‍നിന്ന്  ഇരുതലമൂര്‍ച്ചയുളള പ്രത്യേക തരം കത്തി കണ്ടെടുത്തു.
ഫറോക്ക് ടൌണില്‍ പ്രീതി കോംപ്ളക്സിനു മുമ്പില്‍ സിഐടിയു മോട്ടോര്‍ തൊഴിലാളികള്‍ സ്ഥാപിച്ച കൊടിയാണ് ഇവര്‍ ആദ്യം നശിപ്പിച്ചത്. പിന്നീട് പുറ്റെക്കാട് റോഡിലെ റെയില്‍വേ അടിപ്പാതക്കടുത്ത് ദേശാഭിമാനി പ്രചാരണ ബോര്‍ഡും സമീപങ്ങളിലായുളള ഇ എം എസ്-എ കെ ജി ദിന കൊടിമരത്തിലെ പതാകയും നശിപ്പിച്ചു. വെസ്റ്റ് നല്ലൂര്‍ സ്്കൂളിനുസമീപത്തെ കൊടിമരവും പെട്രോള്‍ ഒഴിച്ചുകത്തിച്ചതായി കണ്ടെത്തി. ഒറ്റരാത്രിതന്നെ നിരവധി സ്ഥലങ്ങളിലെ ബോര്‍ഡുകളും കൊടികളും മിന്നല്‍ വേഗത്തില്‍ നശിപ്പിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം മറ്റു പലരും സംഘത്തില്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്.
പൊലീസിന്റെ ചോദ്യംചെയ്യലില്‍ ഫറോക്കിലും പരിസരത്തും കൊടിതോരണങ്ങള്‍ നശിപ്പിച്ചത് തങ്ങളാണെന്ന് പ്രതികള്‍ സമ്മതിച്ചു. പ്രതികളെ രാത്രി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
ഫറോക്ക് ടൌണിലും വെസ്റ്റ് നല്ലൂര്‍ ഭാഗങ്ങളിലും സിപിഐ എം, ഡിവൈഎഫ്ഐ ബോര്‍ഡുകളും കൊടികളും നശിപ്പിക്കുന്നത് തുടര്‍ക്കഥയാണ്. അടുത്തിടെ വെസ്റ്റ നല്ലൂര്‍ അങ്ങാടിയില്‍ സ്ഥാപിച്ച കൊടിമരം നശിപ്പിച്ചിരുന്നു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വം കുഴപ്പങ്ങളുണ്ടാക്കാന്‍ ഏറെ നാളായി ആര്‍എസ്എസ് ശ്രമിക്കുകയാണ്. ക്രിമിനല്‍ സ്വഭാവമുള്ള ചിലര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് അക്രമം നടത്തുന്നത്.