Top
19
Friday, January 2018
About UsE-Paper

തീവ്ര ഹിന്ദുത്വത്തിന് ബദല്‍ മതനിരപേക്ഷത: കോടിയേരി

Wednesday Dec 20, 2017
വെബ് ഡെസ്‌ക്‌


പുതുപ്പാടി > ആര്‍എസ്എസിന്റെ തീവ്ര ഹിന്ദുത്വത്തിന് ബദല്‍ മതനിരപേക്ഷതയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റ മൃദു ഹിന്ദുത്വ നിലപാട് ആര്‍എസ്എസിന് സഹായമാകുന്നുവെന്നതാണ് ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സന്ദേശം. പുതുപ്പാടിയില്‍ മത്തായിചാക്കോ സ്മാരക മന്ദിരത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോരാട്ടങ്ങളിലൂടെയും വര്‍ഗസമരങ്ങളിലൂടെയും രാജ്യത്ത് ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തേണ്ടത്. ഇതിന് സാധിക്കുമെന്നതിന്റെ ഉദാഹരണമാണ് ഹിമാചല്‍ പ്രദേശില്‍ സിപിഐ എം സ്ഥാനാര്‍ഥി രാകേഷ്സിംഗയുടെ വിജയം. ഇവിടെ സിപിഐ എം മൂന്ന് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തും 10 മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്തുമാണ്.
കര്‍ഷകരേയും സാധാരണക്കാരേയും കൈവിട്ട ബിജെപിയുടെ ജനവിരുദ്ധ ഭരണം കോര്‍പറേറ്റുകള്‍ക്കുവേണ്ടിയാണ്. ഇതിനെ ഹിന്ദുത്വം എന്ന് പേരിട്ട് വിളിക്കുകയാണ്. നയപരമായി യോജിപ്പില്ലാത്ത പാര്‍ടികള്‍ ചേര്‍ന്ന് രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കിയാല്‍ ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യതയുണ്ടാവില്ല. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സാമ്പത്തിക നയങ്ങള്‍ ഒന്നാണ്. അതുകൊണ്ട്  ബിജെപിയുടെ വര്‍ഗീയ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ പോരാടുന്നതിനൊപ്പം കോണ്‍ഗ്രസിന്റെ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തുകയും ചെയ്യുക എന്ന ദ്വിമുഖ പോരാട്ടമാണ് സിപിഐ എം നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.