18 November Sunday

ഉരുൾപൊട്ടൽ; ഏഴോളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018
നാദാപുരം
 കണ്ടി വാതുക്കൽ ഏളമ്പ മലയിൽ ഉരുൾപൊട്ടൽ ഉണ്ടായ സാഹചര്യത്തിൽ  താഴ് വാരത്തുള്ള ഏഴോളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.വെള്ളിയാഴ്ച വൈകിട്ട് ആറോടെയായിരുന്നു എളമ്പ പുഴയുടെ മറുവശമുള്ള കുണ്ടിൽപുര മലയിൽ ഉരുൾപൊട്ടലുണ്ടായത്.ജനവാസ പ്രദേശത്ത് നിന്നും മാറി കൃഷിയിടത്തിലാണ് ഉരുൾപൊട്ടിയത്.ആളപായമില്ലെങ്കിലും കൃഷി നാശം ഉണ്ടായിട്ടുണ്ട്.
ഭീമൻ പാറകളും മറ്റും വീഴുന്ന ശബ്ദം കേട്ടാണ് സംഭവം നാട്ടുകാർ അറിയുന്നത്.  തുടർന്ന് പ്രദേശവാസികൾ വീണ്ടും ഉരുൾപൊട്ടലുണ്ടാകുമെന്ന സംശയത്തിൽ ഇതിന്റെ താഴെ ഭാഗത്ത് താമസിച്ചിരുന്ന കുടുംബങ്ങളെയാണ് ബന്ധുവീടുകളിലേക്കും മറ്റും മാറ്റിയത്. മഴ ശക്തമായി തുടരുകയാണെങ്കിൽ ക്യാമ്പ് തുറക്കുന്ന കാര്യവും നാട്ടുകാർ ആലോചിക്കുന്നുണ്ട്. ഉരുൾപൊട്ടലുണ്ടായ പ്രദേശത്തിന്റെ മുകളിൽ താമസിക്കുന്നവർ മാറി താമസിക്കാൻ തയ്യാറായിട്ടില്ല. വളയം പഞ്ചായത്ത് അധികൃതരും പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വളയം പഞ്ചായത്തിൽ പെട്ട ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായതെങ്കിലും ഭീഷണിയിലായത് ചെക്യാട് പഞ്ചായത്ത് പരിധിയിൽപ്പെട്ട കുടുംബങ്ങളാണ്. 
ഇവരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. വർഷങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്ത് ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഉരുൾപൊട്ടലുണ്ടായ വിലങ്ങാടിന് സമീപമാണ് എളമ്പ പ്രദേശം.
പ്രധാന വാർത്തകൾ
Top