13 December Thursday
മൺസൂൺകാല നിരോധനം തുടങ്ങി

ദ്വീപ് യാത്രാ കപ്പലിനും ഉരുക്കൾക്കും നാലുമാസം വിലക്ക്

സ്വന്തം ലേഖകൻUpdated: Wednesday May 16, 2018

മൺസൂൺകാല നിരോധനത്തിന് മുന്നോടിയായി ബേപ്പൂർ തുറമുഖത്തെ ചരക്ക് കയറ്റിറക്ക്

 ബേപ്പൂർ

ബേപ്പൂർ തുറമുഖത്ത‌് മൺസൂൺകാല നിരോധനത്തിന‌് തുടക്കമായി. വരുന്ന നാലുമാസത്തേക്ക് ബേപ്പൂർ തുറമുഖത്തുനിന്നും ലക്ഷദ്വീപിലേക്കുള്ള യാത്രാ കപ്പൽ സർവീസിനും യന്ത്രവൽകൃത യാനങ്ങൾ (ഉരു) വഴിയുള്ള ചരക്ക് കയറ്റിറക്കിനും നിരോധനമേർപ്പെടുത്തി. മർക്കന്റയിൽ മറൈൻ നിയമപ്രകാരം ചെറുകിട, ഇടത്തരം തുറമുഖങ്ങൾവഴി യാത്രാ കപ്പലുകൾ, യന്ത്രവൽകൃത വെസലുകൾ  ഉൾപ്പെടെയുള്ളവക്ക‌്  എല്ലാവർഷവും ഏർപ്പെടുത്താറുള്ള മൺസൂൺകാല നിരോധനം  പതിവുപോലെ മെയ‌് 15ന് ആരംഭിച്ച‌് സെപ്തംബർ 15ന്  അവസാനിക്കും. ഇതിന്റെ ഭാഗമായി യാത്രാ കപ്പലും ഉരുക്കളും തുറമുഖം വിട്ടുപോകണമെന്നാണ് വ്യവസ്ഥ.
 നിരോധനം നിലവിൽ വന്നെങ്കിലും ഏതാനം ദിവസംകൂടി ഉരുക്കളിൽനിന്നുള്ള ചരക്കിറക്ക് തുടരും. അവസാന ദിവസങ്ങളിൽ എത്തിയതും നേരത്തെ ക്ലിയറൻസ് ലഭിച്ചശേഷം ദ്വീപിൽനിന്നും പുറപ്പെട്ട് വൈകിയെത്തുന്നതുമായ ഉരുക്കളിൽനിന്നാകും ചരക്കിറക്കാനുണ്ടാകുക. ബേപ്പൂരിൽനിന്നും ദ്വീപിലേക്ക് പോകാൻ ചൊവ്വാഴ്ച ക്ലിയറൻസ് നേടിയ  ഉരുക്കളുമുണ്ട‌്. ഇവയിൽ പകുതി ചൊവ്വാഴ്ച യാത്രതിരിച്ചു. മറ്റുള്ളവ ബുധനാഴ്ചയും ദ്വീപിലേക്ക് പോകും. കാലാവസ്ഥ പൊടുന്നനെ മോശമായതാണ് ഉരുക്കൾ എല്ലാം പുറപ്പെടാൻ വൈകിയത്.
ദ്വീപിൽനിന്നും ചൊവ്വാഴ്ചയെത്തിയ 'എം വി മിനിക്കോയ്’ യാത്രാ കപ്പലും ബുധനാഴ്ചയോ വ്യാഴാഴ്ചയോ തിരിച്ചുപോകും. ഈ സർവീസോടെ സീസണിലെ യാത്രാകപ്പൽ സർവീസ് അവസാനിച്ചു. ദ്വീപിലേക്കുള്ള അവശ്യസാധനങ്ങളെല്ലാം പ്രധാനമായും കൊണ്ടുപോകുന്നത് യന്ത്രവൽകൃത ഉരു മാർഗമാണ്. ഭക്ഷ്യോല്പന്നങ്ങൾ, ഇന്ധനം, നിർമാണത്തിനായുള്ള അസംസ്കൃത വസ്തുക്കളെല്ലാം ഇവിടെനിന്നാണ് കയറ്റുന്നത‌്. നിരോധനമടുത്തതോടെ കഴിഞ്ഞ രണ്ടാഴ്ചയായി നിരവധി ഉരുക്കളാണ് ദ്വീപിലേക്ക് ചരക്കുമായി പോയത്. വലിയ ബാർജിലും ചരക്ക് കയറ്റി അയക്കുന്നുണ്ട്.
നിരോധിത കാലയളവിൽ ഇന്ധനമടക്കം ഒട്ടുമിക്ക സാധനങ്ങളും ദ്വീപിൽ സംഭരിക്കുകയാണ്  പതിവെങ്കിലും പച്ചക്കറി ഉൾപ്പെടെ അത്യാവശ്യ സാധനങ്ങൾ കൊണ്ടുപോകുന്നതിനായി ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പ്രത്യേക ബാർജ് സർവീസ് നടത്തും. കപ്പൽ യാത്രയില്ലാത്തതിനാൽ വിദ്യാർഥികൾ, പതിവായി  ചികിത്സതേടിവരുന്നവർ തുടങ്ങിയവരെല്ലാം യാത്ര ചുരുക്കേണ്ടിവരും. അടിയന്തര ഘട്ടങ്ങളിൽ  കൊച്ചിയെയാണ് ദ്വീപുകാർ ആശ്രയിക്കുക. തുറമുഖത്ത് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ചരക്ക് കയറ്റിറക്ക് സജീവമാണ്. വലിയ കണ്ടെയ്നർ കപ്പലുകൾക്കും മറ്റു ചരക്കുകപ്പലുകൾക്കും നിരോധനം ബാധകമല്ലാത്തതിനാൽ കണ്ടെയ്നറും മറ്റ‌് ചരക്കിറക്കും ഇത്തവണ കൂടുതൽ വിപുലപ്പെടുത്തും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top