12 December Wednesday
ബേപ്പൂർ തുറമുഖത്തിന‌് പുതിയ മുഖം

സുരക്ഷക്ക്‌ ഇനി അന്താരാഷ‌്ട്ര നിലവാരം

സ്വന്തം ലേഖകൻUpdated: Wednesday May 16, 2018

സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി ബേപ്പൂർ തുറമുഖത്ത്‌ ഒരുക്കുന്ന പ്രവേശന കവാടവും ഗേറ്റ്‌ ഹൗസും

 ഫറോക്ക്

മുഖഛായ മാറുന്ന ബേപ്പൂർ തുറമുഖത്ത‌് അന്താരാഷ‌്ട്ര നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുങ്ങുന്നു. തുറമുഖവും പരിസരവും അതീവ സുരക്ഷാ സംവിധാനത്തിന‌് കീഴിലാക്കിയതിന് പുറമെ കടലിലേക്കുള്ള നീരീക്ഷണവും വിപുലപ്പെടുത്തി. പുതിയ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി ഒരുക്കിയ പ്രവേശന കവാടവും കപ്പൽ യാത്രക്കാർക്ക‌് വേണ്ടിയുള്ള പരിശോധനാ കേന്ദ്രവും  ഉടൻ പ്രവർത്തനക്ഷമമാകും.
      തുറമുഖങ്ങളുടെ സുരക്ഷയ്ക്കായി നിഷ‌്കർഷിക്കുന്ന ഇന്റർനാഷണൽ ഷിപ‌്സ‌് ആൻഡ‌് പോർട്ട്  സെക്യൂരിറ്റി (ഐഎ‌സ‌്എസ് ) കോഡ് പ്രകാരമുള്ള സംവിധാനങ്ങളിൽ ഭൂരിഭാഗവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട‌്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ‌് വിടിഎംഎസ് (വെസ്സൽ ട്രാഫിക് മോണിറ്ററിങ് സിസ്റ്റം). ഈ സംവിധാനം നിലവിൽ പ്രവർത്തന ക്ഷമമായിട്ടുണ്ട‌്. ഇതിന‌് പുറമെ തുറമുഖത്തിനകത്തും പുറത്തും നിരീക്ഷണ സംവിധാനങ്ങളും കണിശമായ പരിശോധനകളുമുണ്ട‌്. പുതിയ പ്രവേശന കവാടത്തിന്റെയും ഗേറ്റ് ഹൗസിന്റെയും നിർമാണം പൂർത്തിയാകുന്നതോടെ പ്രത്യേക പരിശോധനാ കേന്ദ്രവും സമ്പൂർണ സുരക്ഷാ സംവിധാനങ്ങളും നിലവിൽ വരും.
നേരത്തെ മുംബൈ ഉൾപ്പെടെയുള്ള തുറുമുഖങ്ങളിലും തീരമേഖലയിലുമെല്ലാം നടന്ന ഭീകരാക്രമണങ്ങൾക്ക് ശേഷമാണ്  തുറമുഖങ്ങളിൽ അന്താരാഷ്ട്രാ സുരക്ഷാ കോഡിന് കീഴിലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇതുപ്രകാരം കേന്ദ്ര അഭ്യന്തര സുരക്ഷാ വിഭാഗങ്ങളുടെ നിർദേശമനുസരിച്ച് നേരത്തെ ‘മർക്കന്റൈൽ മറൈൻ' വിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബേപ്പൂർ ഉൾപ്പെടെ തുറമുഖങ്ങളിൽ പ്രത്യേക സർവേ നടത്തി റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പുറമെ ഇന്ത്യൻ രജിസ്ട്രാർ ഓഫ് ഷിപ്പിങ‌്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ  ഇന്റലിജന്റ‌്സ് വിഭാഗം എന്നിവയും തുറമുഖ സുരക്ഷാ സംവിധാനങ്ങൾ പരിശോധിച്ച് നിർദേശം നൽകിയിരുന്നു.
പുതിയ വിടിഎംഎസ് പ്രവർത്തന ഫലമായി കടലിൽ ഏതാണ്ട് 30 നോട്ടിക്കൽ മൈൽ ദൂരത്തേക്ക‌് കപ്പലുകളുടെയും മറ്റുള്ളവയുടെയും സഞ്ചാരം തുറമുഖത്തെ നിരീക്ഷണ കേന്ദ്രത്തിലിരുന്ന‌് അറിയാൻ സാധിക്കും. 
ഇതിനൊപ്പം പുറം കടലിലൂടെയുള്ള മറ്റ‌് കപ്പലുകളുടെയും വിവിധ തരത്തിലുള്ള യാനങ്ങളുടെയും സഞ്ചാരവും 24 മണിക്കൂറും പ്രവർത്തിക്കുന്ന തുറമുഖത്തെ കൺട്രോൾ റൂമിൽ കാണാൻ സാധിക്കും.  അപകടങ്ങളുടെ നിജസ്ഥിതി അറിയാനും മീൻപിടിത്ത ബോട്ടുകളിൽ  ഇടിച്ച‌് പോകുന്ന കപ്പലുകളെ കണ്ടെത്താനും ഈ സംവിധാനം  സഹായിക്കും.
തുറമുഖത്തും പരിസരത്തും സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ക്യാമറ സംവിധാനം വഴി അകത്തേക്ക് പ്രവേശിക്കുന്നതും പുറത്തു പോകുന്നതുമായ ആളുകൾ, വാഹനങ്ങൾ, ചരക്ക് കയറ്റിറക്ക്, വാർഫിലടുക്കുന്ന യാത്രാ, ചരക്കു കപ്പലുകൾ, ബാർജുകൾ, ഉരുക്കൾ ഉൾപ്പെടെയുള്ള യാനങ്ങൾ എന്നിവയുടെ സഞ്ചാരവും നീക്കങ്ങളുമെല്ലാം സദാസമയം ഒപ്പിയെടുക്കാനുള്ള സംവിധാനങ്ങളുണ്ട്.
വാഹനങ്ങളുടെ അടിഭാഗം വരെ പരിശോധിക്കാനും രാത്രിസമയത്തും തുറമുഖവും പരിസരവുമെല്ലാം പകർത്താനും പുതിയ സുരക്ഷാ സംവിധാനത്തിലൂടെ സാധിക്കും.
വൈകാതെ തുറമുഖവുമായി ബന്ധപ്പെട്ട എല്ലാവർക്കും തിരിച്ചറിയൽ കാർഡും നിർബന്ധമാക്കി  പ്രത്യേക  സേനയുടെ   നിയന്ത്രണത്തിലാകും തുറമുഖത്തിന്റെ സുരക്ഷാ ചുമതല. യാത്രക്കാരുടെ സുരക്ഷാ പരിശോധനയ്ക്കായുള്ള കേന്ദ്രത്തിന്റെ നിർമാണം നേരത്തെ പൂർത്തിയായിട്ടുണ്ട്.  ഗേറ്റ‌്ഹൗസ് പണി കഴിഞ്ഞാൽ പരിശോധനാ കേന്ദ്രവും പ്രവർത്തിച്ച‌് തുടങ്ങിയേക്കും. ഇതോടെ തുറമുഖം അതിസുരക്ഷാ സുരക്ഷാവലയത്തിന് കീഴിലാകും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top