14 November Wednesday

ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങളുമായി ആയിരങ്ങൾ

സ്വന്തം ലേഖകൻUpdated: Wednesday Aug 15, 2018

കോഴിക്കോട‌്

ദുരിതത്തിലകപ്പെട്ടവരെ സഹായിക്കാൻ കോഴിക്കോട്ടെ സുമനസ്സുകൾ രംഗത്ത‌്. ജില്ലാ ഭരണനേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട‌ുശേഖരണത്തിന‌് അകമഴിഞ്ഞ സഹായമാണ‌് ലഭിക്കുന്നത‌്. സ‌്കൂൾ കുട്ടികൾ മുതൽ  കോർപറേറ്റ‌് കമ്പനികൾവരെ സഹായവുമായി എത്തുന്നു.  വി കെ സി ഗ്രൂപ്പ‌് ഒരു കോടി രൂപയുടെ ചെക്ക‌് കലക്ടർക്ക‌് കൈമാറി. 

സന്നദ്ധ സംഘടനകൾ, കുടുംബശ്രീ, പൊലീസുകാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ സ്വന്തം നിലയിൽ വസ‌്ത്രങ്ങളും മറ്റു സാധനങ്ങളും ശേഖരിച്ച‌് ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കുന്നുണ്ട‌്. എസ‌്എഫ‌്ഐ, ഡിവൈഎഫ‌്ഐ അടക്കമുള്ള സംഘടനകളും പ്രവർത്തനരംഗത്ത‌് സജീവമാണ‌്. രണ്ട‌ുകോടി രൂപയുടെ റിലീഫ‌് പ്രവർത്തനം നടത്താൻ എംഇഎസ‌് തീരുമാനിച്ചിട്ടുണ്ട‌്. മിക്ക സംഘടനകളും ഓണം, ബക്രീദ‌് ആഘോഷങ്ങൾ ഒഴിവാക്കിയാണ‌് ദുരിതാശ്വാസ ഫണ്ടുകളിലേക്ക‌് സംഭാവന നൽകുന്നത‌്. 

മഴക്കെടുതിയിൽ സകലതും നഷ്ടപ്പെട്ട് ജില്ലയിലും സമീപ ജില്ലകളിലും വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക‌് അത്താണിയാകാൻ  കലക്ടർ യു വി ജോസിന്റെ മേൽനോട്ടത്തിലാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള  സംഭാവനകൾ സ്വീകരിക്കുന്നത്. ആദ്യ തുകയായി അരലക്ഷം രൂപ കലക്ടർ തന്നെ നിധിയിലേക്ക‌് കൈമാറി. ഒരു ദിവസത്തെ ശമ്പളത്തിൽ കുറയാത്ത തുക ജില്ലയിലെ ജീവനക്കാർ നൽകണമെന്ന് കലക്ടർ അഭ്യർഥിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ജില്ലാ കലക്ടറുടെ പേരിൽ യൂണിയൻ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. 

 കലക്ടറുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന തുക ജില്ലയുടെ മൊത്തം തുകയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക‌് കൈമാറും.  ദുരിതബാധിത മേഖലകളിലുള്ളവർക്കായി കുടിവെള്ളവും ഭക്ഷ്യധാന്യങ്ങളും പുതപ്പുകളും പാത്രങ്ങളും വീട്ടുപകരണങ്ങളും തുടങ്ങി അവശ്യവസ്തുക്കൾ എന്തുതന്നെയായാലും നൽകാം.

സാമൂതിരി കുടുംബം,  റസിഡന്റ‌്സ് അസോസിയേഷനുകൾ, ക്ലബ്ബുകൾ, വ്യവസായ വാണിജ്യ പ്രമുഖർ, ഉദ്യോഗസ്ഥർ, കുടുംബശ്രീ, വിദ്യാർഥികൾ, സ്‌കൂളുകൾ തുടങ്ങി സമൂഹത്തിലെ പലഭാഗങ്ങളിൽ നിന്നുള്ളവരിൽനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന‌് കലക്ടർ പറഞ്ഞു. ചെക്കായോ ഡിഡി ആയോ കലക്ടറേറ്റിൽ എൽപ്പിക്കാവുന്നതാണ‌്(പണം സ്വീകരിക്കുന്നതല്ല). കലക്ടറേറ്റിൽനിന്ന‌് രസീത‌് ലഭിക്കും. 

ജില്ലാ കലക്ടറുടെ ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട പത്രവാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വടകര ശ്രീനാരായണ ഹയർസെക്കൻഡറി സ്‌കൂൾ മാനേജ്‌മെന്റ്, അധ്യാപകർ, വിദ്യാർഥികൾ, പിടിഎ എന്നിവ സംയുക്തമായി തുക പിരിച്ച് ഒരു ലക്ഷം രൂപയുടെ ചെക്ക് കലക്ടർക്ക് കൈമാറി. ദുരിത ബാധിതർക്ക് നഷ്ടമായ ജീവിത സാഹചര്യങ്ങൾ തിരിച്ചു നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ പരിശ്രമങ്ങൾക്ക് കരുത്തായി ജില്ലയിലെ സർക്കാർ ജീവനക്കാരും  തുക സ്വരൂപിച്ചു നൽകും.പൊതുജനങ്ങൾക്കും പങ്കുചേരാം. ഫോൺ: 9847736000, 9961762440. കലക്ടറുടെ ദുരിത്വാശ്വാസ നിധിലേക്ക‌് സംഭാവന നൽകേണ്ട വിലാസം: ജില്ലാ കലക്ടർ(ദുരിതാശ്വാസ നിധി). അക്കൗണ്ട‌് നമ്പർ: 370402010021140. ഐഎഫ‌്എസ‌്സി കോഡ‌്: ഡആകച0537047, യൂണിയൻ ബാങ്ക‌് ഓഫ‌് ഇന്ത്യ, പാളയം റോഡ‌്, കോഴിക്കോട‌്.

പ്രധാന വാർത്തകൾ
Top