19 November Monday

മൂന്ന‌് ഹെക്ടറിലധികം പച്ചക്കറി കൃഷി നശിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018
കോഴിക്കോട‌്
കനത്ത മഴയിൽ പച്ചക്കറി കൃഷി വ്യാപകമായി നശിച്ചു. മൂന്ന‌് ഹെക്ടറിലധികം പച്ചക്കറി കൃഷി നശിച്ചതായാണ‌് ഔദ്യോഗിക കണക്ക‌്. ഇതിനിയും ഉയരുമെന്നാണ‌് കർഷകർ പറയുന്നത‌്.   17 ഹെക്ടർ കപ്പ(മരച്ചീനി)യും  37,875 കുലച്ചവാഴയും 17,058 മൂക്കാത്ത വാഴയും നശിച്ചിട്ടുണ്ട‌്. 
 മെയ‌് അവസാന ആഴ‌്ച മുതൽ  കാലവർഷം ആരംഭിച്ചതിനാൽ  ഈ വർഷം കാര്യമായി പച്ചക്കറി കൃഷി നടന്നിട്ടില്ല. ഓണവിപണിയെ പച്ചക്കറി ക്ഷാമം കാര്യമായി ബാധിക്കും. ഓണക്കാലത്ത‌് വിലക്കയറ്റം പിടിച്ചു നിർത്താൻ ഏറെ സഹായിക്കുന്നത‌് ഹോർട്ടികോർപ്പിന്റെയും സഹകരണ ബാങ്കുകളുടെയും ജൈവപച്ചക്കറി വിപണികളുമാണ‌്. 
   സാധാരണ ഓണത്തിന‌് ജില്ലയിലെ 81 കൃഷിഭവനുകൾ കേന്ദ്രീകരിച്ചും ഫോർട്ടികോർപ‌് ചന്തകൾ ഉണ്ടാകാറുണ്ട‌്. ഇത്തവണയും ചന്ത നടത്താൻ കൃഷി വകുപ്പ‌് തീരുമാനിച്ചിട്ടുണ്ടെങ്കിലും എത്രമാത്രം പച്ചക്കറി ചന്തയിലെത്തുമെന്ന കാര്യത്തിൽ ആശങ്കയുണ്ട‌്. ഹോർട്ടികോർ‌പ‌് ചന്തകളിലേക്ക‌് 40 ശതമാനം പച്ചക്കറികൾ പ്രദേശികമായി കാർഷകരിൽനിന്ന‌് ശേഖരിക്കുകയാണ‌് ചെയ്യാറുള്ളത‌്. എന്നാൽ പ്രദേശികമായ പച്ചക്കറി കൃഷി വളരെ കുറവാണ‌്. കനത്ത മഴയിൽ കാര്യമായൊന്നും നടന്നിട്ടില്ല.  കൃഷി ചെയ‌്ത സ്ഥലത്താണെങ്കിൽ വെള്ളം കയറി നശിച്ചു. ഈ സാഹചര്യത്തിൽ പച്ചക്കറിച്ചന്തകൾ ശുഷ‌്കമാകും. 
സിപിഐ എം നേതൃത്വത്തിലുള്ള ജില്ലാ ജൈവപച്ചക്കറി കൃഷി സംഘാടക സമിതി, സഹകരണ ബാങ്കുകളുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെ കഴിഞ്ഞ മൂന്നു വർഷമായി ജില്ലയിൽ ഓണത്തിന‌് പച്ചക്കറിച്ചന്തകൾ നടത്താറുണ്ട‌്. കനത്ത മഴയിൽ ഈ വർഷത്തെ  പച്ചക്കറി കൃഷി വ്യാപകമായി നശിച്ചതായി സംഘാടക സമിതി ചെയർമാൻ കെ പി കുഞ്ഞമ്മദ‌്കുട്ടി പറഞ്ഞു. പല സഹകരണ ബാങ്കുകളും കൃഷിയിറക്കിയെങ്കിലും പലയിടത്തും വെള്ളം കെട്ടിനിൽക്കുന്നു. മഴമറയും പോളി ഹൗസുകളും ഉള്ളതാണ‌് ചിലയിടങ്ങളിൽ ആശ്വാസകരം. ഓണത്തോട‌ു ചേർന്നുള്ള രണ്ട‌ു ദിവസങ്ങളിൽ വാഴ, ചേമ്പ‌്, ചേന പോലുള്ള സാധനങ്ങൾ ശേഖരിച്ച‌് ചന്തകൾ നടത്താനാണ‌് ഉദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top