20 April Friday

ഡോക്ടർമാരുടെ സമരം: രോഗികൾ വലഞ്ഞു

സ്വന്തം ലേഖികUpdated: Sunday Apr 15, 2018

ഡോക്ടർമാരുടെ പണിമുടക്കിനെ തുടർന്ന്‌ തിരക്കിലായ ബീച്ച്‌ ആശുപത്രി അത്യാഹിത വിഭാഗം

കോഴിക്കോട‌് , ഡോക്ടർമാരുടെ സമരത്തെ തുടർന്ന‌് ജില്ലയിൽ  സർക്കാർ ആശുപത്രികളിലെത്തിയ രോഗികൾ വലഞ്ഞു. ഒ പി പ്രവർത്തനം പൂർണമായും സ‌്തംഭിച്ചു. പിഎച്ച‌്സി, സിഎച്ച‌്സി, താലൂക്ക‌്, ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിൽ ഡോക്ടർമാരൊന്നും ഒപിയിൽ എത്തിയില്ല. അതേസമയം അത്യാഹിത വിഭാഗത്തിൽ  ചികിത്സ ലഭ്യമായിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തിയവർ പലയിടത്തും ചികിത്സ ലഭിക്കാതെ മടങ്ങി. ഡോക്ടർമാരുടെ സമരത്തിനെതിരെ വൻ പ്രതിഷേധമാണ‌് ഉയരുന്നത‌്. ഡോക്ടർമാർക്ക‌് അധിക ജോലി വരാത്ത തരത്തിൽ ഒപി സമയം ദീർഘിപ്പിച്ചതിനെതിരെ നടത്തുന്ന സമരം സർക്കാരിന്റെ ആർദ്രം പദ്ധതി അട്ടിമറിക്കാനാണെന്ന ആരോപണവും ഉയരുന്നു. 
    വടകര ജില്ലാ ആശുപത്രി, ബീച്ച‌് ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ എത്തിയ രോഗികളെ അത്യാഹിത വിഭാഗത്തിലാണ‌് ചികിത്സിച്ചത‌്. കോട്ടപ്പറമ്പ‌് സ‌്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ചികിത്സ‌ വൈകിയതുമായി ബന്ധപ്പെട്ട‌് വാക്ക‌്തർക്കമുണ്ടായി. രാവിലെ ഒ പിയിലെത്തിയ ദമ്പതികൾ രണ്ട‌് മണിക്കൂർ കാത്ത‌് നിന്നിട്ടും ചികിത്സ കിട്ടിയില്ല. പിന്നീട‌് ഡോക്ടറെത്തി ചികിത്സിച്ചതോടെയാണ‌് പ്രശ‌്നം പരിഹരിച്ചത‌്.  ചേവായൂർ ചർമരോഗാശുപത്രിയിൽ ഒപി  പ്രവർത്തിച്ചില്ല. ദൂര സ്ഥലങ്ങളിൽ നിന്നെത്തിയ നിരവധി ആളുകൾ ചികിത്സ കിട്ടാതെ മടങ്ങി.       
       വടകര ആശുപത്രിയിൽ ഒപി പ്രവർത്തനം പൂർണമായി നിലച്ചു.   അത്യാഹിത വിഭാഗത്തിൽ രണ്ട‌് ഡോക്ടർമാരുടെ സേവനമുണ്ടായി. ഇവിടെ നീണ്ട ക്യൂ ആയിരുന്നതിനാൽ പലർക്കും മടങ്ങേണ്ടി വന്നു. എന്നാൽ  പേരാമ്പ്ര താലൂക്ക‌് ആശുപത്രിയിൽ ഒപിയിൽ നാല‌് ഡോക്ടർമാർ പകൽ 12 വരെ പരിശോധിച്ചു. തുടർന്ന‌് അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടറുടെ സേവനമുണ്ടായി.  താമരശേരി, കൊയിലാണ്ടി താലൂക്ക‌് ആശുപത്രികളിലും ഒപി പ്രവർത്തനം ഉണ്ടായില്ല. കൊയിലാണ്ടിയിൽ അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടർ മാത്രമാണ‌് എത്തിയത‌്. ബാക്കി 17 പേരും  സമരത്തിൽ പങ്കെടുത്ത‌് വിട്ടുനിന്നു.  സമരവിവരമറിയുന്നതിനാൽ പലേടത്തും രോഗികൾ കുറവാണ‌് എത്തിയത‌്. അതേസമയം മറ്റ‌് ആശുപത്രികളിലെ സമരം പരിഗണിച്ച‌്   മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലും പ്രാദേശിക ഒപിയിലും കൂടുതൽ രോഗികളെ ചികിത്സ‌ിച്ചു.പ്രാദേശിക ഒപിയിൽ സാധാരണയുള്ള ദൂര മാനദണ്ഡം പരിഗണിക്കാതെ എത്തുന്ന രോഗികളെയെല്ലാം ചികിത്സിക്കണമെന്ന‌് സൂപ്രണ്ട‌് നിർദേശം നൽകിയിരുന്നു.
പ്രധാന വാർത്തകൾ
Top