19 October Friday
ഇന്ന് ഉദ്ഘാടനം

പുതുമോടിയില്‍ 6 നഗരപാതകള്‍

സ്വന്തം ലേഖികUpdated: Tuesday Nov 14, 2017

 കോഴിക്കോട് > ടൈല്‍ പാകിയ നടപ്പാതകള്‍,  ഇരുമ്പ് കൈവരികളും പുല്‍ത്തകിടികളും, ഹൈമാസ്റ്റ് ലൈറ്റുകള്‍, ബസ് ബേകള്‍... വീര്‍പ്പുമുട്ടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകാന്‍ സുരക്ഷയും മനോഹാരിതയും പകര്‍ന്ന് അന്താരാഷ്ട്ര നിലവാരത്തില്‍ ആറ് നഗരപാതകള്‍. നഗരത്തിലെ യാത്രാ വഴികള്‍ക്ക് പൊന്‍ചിറകാവുന്ന കോഴിക്കോടിന്റെ അഭിമാന പാതകള്‍ ചൊവ്വാഴ്ച നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. 

  നഗരപാതാ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്റ്റേഡിയം-പുതിയറ, കാരപ്പറമ്പ്-കല്ലുത്താന്‍ കടവ്, കോവൂര്‍-വെള്ളിമാട്കുന്ന്, ഗാന്ധിറോഡ്-മിനി ബൈപാസ്, പനാത്ത് താഴം-സിഡബ്ള്യുആര്‍ഡിഎം, പുഷ്പ ജങ്ഷന്‍-മാങ്കാവ് ജങ്ഷന്‍ എന്നീ റോഡുകളാണ് നവീകരിച്ചത്. മൊത്തം 22.25 കിലോ മീറ്റര്‍ നീളത്തിലുള്ള റോഡുകള്‍ 200 കോടി രൂപ ചെലവിട്ട് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് രൂപകല്‍പ്പന ചെയ്തത്. 
റോഡുകളില്‍ ഇരുവശവും കോണ്‍ക്രീറ്റ് ഓടകളും യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്‍പത് ഹൈമാസ്റ്റ് ലൈറ്റുകള്‍, 15 പ്രധാന ജങ്ഷനുകളില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനം, ബസ് ബേകള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ജങ്ഷനുകളിലും റോഡ് സുരക്ഷയുടെ ഭാഗമായി ഇരുമ്പ് കൈവരികളും കാല്‍നടയാത്രക്കാര്‍ക്ക്  മനോഹരമായി നടപ്പാതകളും പ്രത്യേകതയാണ്. ശാരീരിക അവശതയനുഭവിക്കുന്നവര്‍ക്കും മറ്റുമായി റോഡ് മുറിച്ചുകടക്കാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. റോഡിന് ഇരുവശത്തും ഇന്റര്‍ലോക്ക് പതിച്ച നടപ്പാതയുണ്ട്. സ്ഥലസൌകര്യം ലഭ്യമായ ഇടങ്ങളില്‍ പുല്‍ത്തകിടി, പൂന്തോട്ടങ്ങള്‍, ആന്റിഗ്ളെയര്‍ സ്ക്രീനിങ്, റിഫ്ളക്ടറോട് കൂടിയ സ്റ്റഡുകള്‍, സൈന്‍ ബോര്‍ഡുകള്‍ തുടങ്ങി നഗരപാതകള്‍ക്ക് രാജകീയ പ്രൌഢി നല്‍കാന്‍ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 600 വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പരിസരത്ത് ഒഴുകുന്ന മഴവെള്ളം റോഡുകളുടെ ഓരങ്ങളിലൂടെ ഓവുചാലില്‍ ഒഴുക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. 
  കാരപ്പറമ്പ്-കല്ലുത്താന്‍ കടവ് നാല് വരിയായും മറ്റ് റോഡുകള്‍ 10 മീറ്റര്‍ വീതിയിലുമാണ് വികസിപ്പിച്ചത്. കുനിയില്‍ കാവ്-മാവൂര്‍ റോഡ് വീതി ഏഴ് മീറ്ററാണ്. മൂന്ന് ഘട്ടങ്ങളിലായുള്ള പദ്ധതിയുടെ ആദ്യ ഘട്ട പ്രവൃത്തികളാണ് പൂര്‍ത്തിയാക്കിയത്. പദ്ധതി നിര്‍വഹണത്തിനായി 2008ലെ ബജറ്റില്‍ വകയിരുത്തിയ 138 കോടി രൂപ ഭൂമി ഏറ്റെടുക്കലിനായി ചെലവഴിച്ചു. 15 വര്‍ഷം കൊണ്ട് ചെലവായ തുക തിരിച്ചുനല്‍കുന്ന ആന്വിറ്റി മാര്‍ഗത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പദ്ധതി നിര്‍വഹിച്ചത്. 15 വര്‍ഷത്തേക്ക് ആവശ്യമായ റീടാറിങ്, നടപ്പാത, തെരുവ് വിളക്കുകള്‍, സിഗ്നല്‍ സംവിധാനം തുടങ്ങിയവയുടെ പരിചരണം പൂര്‍ണമായും യുഎല്‍സിസിഎസിനാണ്. 24 മാസംകൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട പ്രവൃത്തി 20 മാസത്തിനകമാണ് പൂര്‍ത്തീകരിച്ചത്്. സംസ്ഥാനത്തെ രണ്ടാമത്തെ നഗരപാതാ വികസന പദ്ധതിയാണ് കോഴിക്കോട്ട് നടപ്പാക്കുന്നത്. 
  അടുത്ത ഘട്ടത്തില്‍ നഗരത്തിലെ 10 റോഡുകളാണ് വികസിപ്പിക്കുക. ഇതിനുള്ള വിശദ പദ്ധതി രേഖ സമര്‍പ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം ഫണ്ടുകള്‍ ലഭ്യമാക്കി മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് പ്രവൃത്തിയും പൂര്‍ത്തീകരിക്കും. വാര്‍ത്താസമ്മേളനത്തില്‍ എ പ്രദീപ്കുമാര്‍ എംഎല്‍എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എ കെ രാഘവന്‍ എംപി, എം കെ മുനീര്‍ എംഎല്‍എ, എ പി പ്രമോദ്, സബ് കലക്ടര്‍ വിഘ്നേശ്വരി, യുഎല്‍സിസിഎസ് ഡയറക്ടര്‍ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top