24 October Wednesday

അന്തിമ കണക്കെടുപ്പ‌് പൂർത്തിയായി പ്രളയത്തിൽ നഷ്ടം 642 കോടി

വന്ദനകൃഷ‌്ണUpdated: Thursday Oct 11, 2018
കോഴിക്കോട‌്   
സർവമേഖലയും തകർത്ത പ്രളയത്തിൽ ജില്ലയിലെ നാശനഷ്ടത്തിന്റെ അവസാന കണക്കെടുപ്പ‌് പൂർത്തിയായി.  35 പേരുടെ ജീവനാണ‌്  നഷ്ടപ്പെട്ടത‌്. ആകെ  642.3046 കോടി രൂപയുടെ  നഷ്ടമുണ്ടായ കെടുതിയിൽ 2700 വീടുകൾ തകർന്നു. 19 കോടിയുടെ കൃഷി നശിച്ചതായും കണക്കെടുപ്പിൽ വ്യക്തമായി. കണക്കെടുപ്പ‌് നടത്തിയ ജില്ലാ പ്ലാനിങ്ങ‌് ഓഫീസ‌് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക‌് റിപ്പോർട്ട‌് സമർപ്പിച്ചു. റിപ്പോർട്ട‌് ഉടൻ സർക്കാരിന‌് കൈമാറുമെന്ന‌് ഡെപ്യൂട്ടി കലക്ടർ (ദുരന്ത നിവാരണം) എൻ റംല പറഞ്ഞു. എല്ലാ വിഭാഗങ്ങളുടെയും ക്രോഡീകരിച്ച കണക്കാണ‌് തയ്യാറായത‌്. 
    കാലവർഷം ആരംഭിച്ച മെയ‌് 29 മുതലുള്ള കണക്കാണിത‌്‌. ജില്ലയിൽ  ഏറ്റവും കുടുതൽ നാശമുള്ളത‌് റോഡുകൾക്കാണ‌്. മലയോരത്തും നഗരപ്രദേശങ്ങളിലുമായി 440.67 കോടിയുടെ നഷ്ടമുണ്ട‌്. റോഡുകൾ തകർന്നയിനത്തിൽ ദേശീയ പാതയ‌്ക്കും പിഡബ്ല്യുഡിക്കുമായി 316.17 കോടി രൂപയും തദ്ദേശ ഭരണത്തിന‌് 124.5 കോടി രൂപയും നഷ്ടമുണ്ടായി. 
മഴക്കെടുതിയിൽ പൂർണമായി തകർന്ന വീടുകൾ 250 എണ്ണമാണ‌്. നഷ്ടം 17.5 കോടി രൂപ. 2450 വീടുകൾ ഭാഗികമായും തകർന്നു. 49 കോടി രൂപയുടെ നഷ്ടമുണ്ട‌്. 
  ജില്ലയുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ കാർഷിക മേഖല  താറുമാറായി. 65 കർഷകരെ പ്രളയം നേരിട്ട‌് ബാധിച്ചു. 26.4 ഹെക‌്ടർ ഭൂമിയിലെ കൃഷി ഇല്ലാതായി‌. വാഴ കർഷകരാണ‌് കൂടുതൽ കെടുതി നേരിട്ടത‌്. 93 ശതമാനം വാഴകൃഷിയും നശിച്ചു. 
 കനത്ത കാറ്റിലും ഉരുൾപൊട്ടലിലും കെഎസ‌്ഇബിക്ക‌് നഷ്ടം 4.38 കോടി രൂപയാണ‌്. ട്രാൻസ‌്ഫോർമർ, പോസ‌്റ്റുകൾ, ലൈനുകൾ എന്നിവ തകർന്നാ‌ണിത‌്.
 മൃഗസംരക്ഷണ വിഭാഗത്തിൽ 1.15 കോടിയും ജലവിഭവ വകുപ്പിന് 98.11 കോടിയും ഫിഷറീസ‌് വകുപ്പിന‌് 5.4 കോടിയും ക്ഷീര വികസന വകുപ്പിൽ 1.35 കോടി രൂപയും നഷ്ടമുണ്ട‌്. ദുരിതാശ്വാസ ക്യാമ്പ‌് നടത്തിപ്പിനും പ്രളയ ബാധിത മേഖലയിൽ ടാങ്കർ ലോറിയിലും മറ്റും കുടിവെള്ളമെത്തിച്ച ഇനത്തിലും  ഒരുകോടി രൂപ വീതം ചെലവായി. പ്രളയ ബാധിത മേലഖകളിൽ കേന്ദ്ര സംഘം സന്ദർശിച്ച ഇനത്തിൽ 50 ലക്ഷം രൂപയും ചെലവുണ്ട‌്. 
വീടുകളിലും പൊതു ഇടങ്ങളിലും നാശാവശിഷ്ടങ്ങൾ നീക്കംചെയ‌്ത ഇനത്തിൽ 1.72 കോടി രൂപയും ചെലവായി.  ഉരുൾപൊട്ടലുണ്ടായ മലയോര മേലഖയിലാണ‌് കൂടുതൽ നഷ്ടം. കട്ടിപ്പാറയിലെ കരിഞ്ചോല മല, മട്ടിക്കുന്ന‌്, കണ്ണപ്പൻകുണ്ട‌്, പരപ്പൻപാറ, ചെമ്പുകടവ‌്, പുതുപ്പാടിയിലെ വരാൽപ്പാറ, കൂമ്പാറ, പനക്കച്ചാൽ, ആനയോട‌്, താനിക്കുന്ന‌്, ആനക്കാംപാറ, കക്കാടംപൊയിൽ, മറിപ്പുഴ, മുത്തപ്പൻപുഴ, കോടഞ്ചേരി, എന്നിവിടങ്ങളിലാണ‌് നഷ്ടം കൂടുതൽ‌.  കോർപറേഷൻ, പയ്യോളി, കൊയിലാണ്ടി, മുക്കം, വടകര, കൊടുവള്ളി, ഫറോക്ക‌്, രാമനാട്ടുകര എന്നീ മുനിസിപ്പാലിറ്റികളിലും മഴക്കെടുതിയുണ്ട‌്.   കടലാക്രമണവും ജില്ലയെ സാരമായി ബാധിച്ചു. ഗോതീശ്വരം ബീച്ച‌്, ഭട്ട‌്റോഡ‌് ബീച്ച‌്, വെസ‌്റ്റ‌്ഹിൽ ബീച്ച‌്, വടകര ബീച്ച‌് എന്നിവിടങ്ങളിലെല്ലാം കടലാക്രമണം രൂക്ഷമായിരുന്നു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top