20 October Saturday

നേട്ടങ്ങളുടെ ഒരുവർഷം പിന്നിട്ട്‌ ഫാൽക്കെ ഫിലിം ഹൗസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018
വടകര
ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്‌ പുതുചരിതം എഴുതിയ ഫാൽക്കെ ഫിലിം ഹൗസിന്‌ 18ന്‌ ഒരു വർഷം പൂർത്തിയാകും. ഇന്ത്യയുടെ അഭിമാന ചലചിത്രകാരൻ അടൂർ ഗോപാലകൃഷ്‌ണനാണ്‌ കഴിഞ്ഞ ഒക്ടോബർ 18ന്‌ ജനകീയ സംരംഭത്തോടെ ആരംഭിച്ച മിനി തിയറ്റർ നാടിന്‌ സമർപ്പിച്ചത്‌. 
ഒരു നാടിന്റെ ദൃശ്യ സങ്കൽപ്പത്തിനും കലാ അഭിരുചിക്കും മാതൃക തീർത്ത പുതിയാപ്പ്‌ ഫാൽക്കെ മിനി തിയറ്ററിൽ ഇതിനകം നൂറിലേറെ ചിത്രങ്ങൾ സൗജന്യമായി പ്രദർശിപ്പിച്ചു. ബഹുഭാഷാ സിനിമകൾ, ഇന്ത്യൻ ഇതര ഭാഷാ സിനിമകൾ, മലയാളം സബ്‌ ടൈറ്റിലിൽ പ്രദർശിപ്പിക്കുന്നുവെന്ന പ്രത്യേകതകൂടി ഇതിനുണ്ട്‌. വിദ്യാർഥികൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവക്കായി പ്രത്യേക പ്രദർശനവും ഫ്രൈഡേ സിനിമയെന്ന പ്രത്യേക പാക്കേജ്‌ പ്രദർശനവും മിനി തിയറ്ററിൽ നടന്നുവരുന്നു. 
അന്താരാഷ്‌ട്ര ചലച്ചിത്രോത്സവങ്ങൾ, ചിൽഡ്രൻസ്‌ ഫെസ്‌റ്റിവൽ, ചലച്ചിത്ര സഞ്ചാരം, സാംസ്‌കാരിക സദസുകൾ എന്നിവയും ഫാൽക്കെ സംഘടിപ്പിക്കുന്നുണ്ട്‌. 
ജനകീയ സിനിമക്ക്‌ കരുത്ത്‌ പകരുക എന്നതാണ്‌ ഫാൽക്കെയുടെ ലക്ഷ്യം. 1986ലാണ്‌ പുതിയാപ്പിൽ ഫാൽക്കെ ഫിലിം സൊസൈറ്റി പിറവിയെടുക്കുന്നത്‌. രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ നിരവധി വ്യക്തിത്വങ്ങൾ ഫാൽക്കെയുടെ പ്രവർത്തനങ്ങളിൽ ഊർജം പകർന്നു. 
മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാർ, പി ഗോവിന്ദപ്പിള്ള, ചിന്ത രവി, സംവിധായകരായ പ്രിയനന്ദൻ, േമാഹൻ രാഘവൻ, സലിം അഹമ്മദ്‌, എം ജി ശശി തുടങ്ങി നിരവധി  പേർ ഫാൽക്കെയുടെ സാംസ്‌കാരിക സദസ്സുകളിൽ സാന്നിധ്യമായിരുന്നു.
ജോൺ അബ്രഹാമിന്റെ ജനകീയ ബദൽ സിനിമാ സങ്കൽപ്പങ്ങളിൽ നിന്ന്‌ പ്രചോദനം ഉൾക്കൊണ്ടാണ്‌ പുതിയാപ്പിലെ ഒരു സംഘം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ ഫാൽക്കെ ഫിലിം സൊസൈറ്റി സ്ഥാപിച്ചത്‌. അന്തരിച്ച ഗായകൻ കെ വിശ്വനാഥന്റെ സ്‌മരണക്കായാണ്‌ സ്ഥാപിച്ച ഫാൽക്കെ ഫിലിം ഹൗസ്‌ ഇന്ന്‌ നാടിന്‌ അഭിമാനസ്‌തംഭമായി തലയുയർത്തി നിൽക്കുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top