26 September Wednesday
പകർച്ചവ്യാധി

ഉറവിട നശീകരണം ഊർജിതം

സ്വന്തം ലേഖകൻUpdated: Sunday Sep 9, 2018
കോഴിക്കോട്
ജില്ലയിൽ ഉറവിട നശീകരണ ക്യാമ്പയിൻ ഊർജിതമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി ജയശ്രീ അറിയിച്ചു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ തലത്തിൽ ആരോഗ്യപ്രവർത്തകർ, ആരോഗ്യസേന, കുടുംബശ്രീ, ആശാപ്രവർത്തകർ, അയൽക്കൂട്ടം, വിവിധ ക്ലബ്ബുകൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ യജ്ഞത്തിൽ പങ്കാളികളായി, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 
പ്രളയ ബാധിത മേഖലകളും പകർച്ചവ്യാധി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടത്തിയത്. വാർഡ് തലത്തിൽ സ്ക്വാഡുകളായി തിരിഞ്ഞ് വീടുകൾ സന്ദർശിച്ച് വീടിനകത്തും പുറത്തുമുള്ള കൊതുകിന്റെ കൂത്താടികൾ വളരുന്ന ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിച്ചു. കൂടാതെ ക്ലോറിനേഷനും ലഘുലേഖ വിതരണവും ബോധവൽക്കരണവും നടത്തി.
ജില്ലാതലത്തിൽ പ്രോഗ്രാം ഓഫീസർമാർക്ക് ബ്ലോക്ക് തിരിച്ച് ചാർജ് നൽകുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രവർത്തന രൂപരേഖ തയ്യാറാക്കുകയും പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയും ചെയ‌്തു. ഞായറാഴ്ചയും പ്രതിരോധ ക്യാമ്പയിൻ തുടരും. ഫോഗിങ‌്, സ‌്പ്രേയിങ‌്, ബോധവൽക്കരണ ക്ലാസുകൾ, ലഘുലേഖ വിതരണം എന്നിവ തുടരുമെന്നും ഡിഎംഒ അറിയിച്ചു.
പ്രധാന വാർത്തകൾ
Top