22 October Monday

വടകര നഗരസഭ ഇനി കടലും ശുചീകരിക്കും

സ്വന്തം ലേഖകൻUpdated: Sunday Sep 9, 2018
വടകര
'ക്ലീൻ സിറ്റി ഗ്രീൻ സിറ്റി സീറോ വേസ്റ്റ് വടകര' പദ്ധതിയിലൂടെ മാലിന്യ സംസ്കരണ രംഗത്ത് ദേശീയ ശ്രദ്ധയാകർഷിച്ച വടകര നഗരസഭയിൽ കടലിലെ മാലിന്യ നിർമാർജനത്തിന് പദ്ധതി ഒരുങ്ങുന്നു. കടൽ പരിസ്ഥിതി പഠനത്തിനും തീരക്കടൽ ശുചീകരണത്തിനുമാണ്  പദ്ധതി തയ്യാറാക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു നഗരസഭ ഇത്തരം പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. നഗരസഭയുടെ ആറ് കിലോമീറ്റർ ദൈർഘ്യമുള്ള തീരദേശത്താണ് പദ്ധതി നടപ്പാക്കുക. 
പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം 'ഫ്രന്റ്സ് ഓഫ് മറൈൻ ലൈഫ്' കോർഡിനേറ്റർ റോബർട്ട് പനിപ്പിള്ളയും സെൻട്രൽ ഫോർ ഡെവലപ‌്മെന്റ് സ്റ്റഡീസിലെ ഡോ. ജോൺ കുര്യനും  നഗരസഭ ചെയർമാൻ കെ ശ്രീധരന്റെ നേതൃത്വത്തിൽ കടൽത്തീരം സന്ദർശിച്ച് ചർച്ച നടത്തി. കരയിലെ ജൈവ വൈവിധ്യങ്ങൾ സംരക്ഷിക്കുന്നതുപോലെ കടലിലെയും ജൈവ വൈവിധ്യങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്. കടലിൽ നാല് നോട്ടിക്കൽ മൈൽ ദൂരത്ത് വരെ നഗരസഭകൾക്ക് ഇടപെടാം. 
മാലിന്യങ്ങളും അഴുക്കുവെള്ളവും കടലിലേക്ക് ഒഴുക്കിവിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. കടൽത്തീരങ്ങളിൽനിന്ന‌് മണലെടുക്കുന്നതും പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. കടലിലെ ജൈവസമ്പത്തിനെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധമുണ്ടാക്കാൻ 'സമുദ്ര സാക്ഷരത’യ്ക്ക് തുടക്കം കുറിക്കും. കരയിലെ മാലിന്യങ്ങൾ അഴിമുഖങ്ങളിലൂടെ കടലിലെത്തിയാണ് കടലിലെ ജൈവ പാരിസ്ഥിതിക പ്രദേശമായ 'പാരൽ' മേഖലക്ക് വിഘാതം സൃഷ്ടിക്കുന്നത്. കരയിൽ വലിച്ചെറിഞ്ഞ് കടലിലേക്ക് ഒഴുകിയെത്തുന്ന വലകളും ഭീഷണിയാകുന്നുണ്ട്. മത്സ്യസമ്പത്ത് ഇല്ലാതാക്കുന്നതോടൊപ്പം കടലിന്റെ ശുചിത്വമില്ലാഴ്മയും തീരദേശവാസികളെയും കടൽത്തൊഴിലാളികളെയുമാണ് ബാധിക്കുന്നത്. 
സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ രൂപീകരിച്ച ജൈവ പരിപാലന കമ്മിറ്റിക്കുകീഴിൽ സമുദ്ര ജൈവ പരിപാലന കമ്മിറ്റിക്ക് രൂപം കൊടുക്കും. മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തി രൂപീകരിക്കുന്ന കമ്മിറ്റി നേതൃത്വത്തിലാണ് പദ്ധതി ആരംഭിക്കുക.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top