19 June Tuesday

മേമുണ്ടയില്‍ 'നക്ഷത്ര' തിളക്കം

വി വി രഗീഷ്Updated: Friday Mar 9, 2018
വടകര > വടക്കന്‍പാട്ടുകളിലെ കഥകള്‍ ആസ്പദമാക്കിയാണ് മലയാളസിനിമയില്‍ വടകര നിറഞ്ഞുനിന്നതെങ്കില്‍ ഇന്ന് അഭ്രപാളിക്ക് അഭിമാനിക്കാനിതാ താരത്തിളക്കവും.  ദേശീയ അവാര്‍ഡുകള്‍ ഉള്‍പ്പടെ നേടി ചലചിത്രലോകത്ത് വേറിട്ട പാരമ്പര്യം സമ്മാനിച്ച കലയുടെ അങ്കത്തട്ടില്‍ മറ്റൊരു നക്ഷത്രം കൂടി പിറന്നു. രഞ്ജന്‍ പ്രമോദിന്റെ രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തില്‍ ബബിത എന്ന പ്ളസ്ടുകാരി കഥാപാത്രത്തെ അവീസ്മരണീയമാക്കിയതിനാണ് പ്ളസ് വണ്‍ വിദ്യാര്‍ഥിയായ നക്ഷത്രയെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ബാലപുരസ്കാരം തേടിയെത്തിയത്. നേട്ടങ്ങളുടെ നെറുയില്‍ അഭിമാനിക്കുന്ന മേമുണ്ട ഹയര്‍ സെക്കണ്ടറി സ്കൂളിന്  നക്ഷത്രയുടെ പുരസ്കാരം മറ്റൊരു താരോദയം കൂടിയായി. 
സ്കൂളിലെ പ്ളസ് ടു ഹ്യുമാനീറ്റീസ് വിദ്യാര്‍ഥിയായ നക്ഷത്രയുടെ അംഗീകാരം പരീക്ഷാചൂടില്‍ വേവുന്നകലാലയത്തിന് ഉത്സവാന്തരീക്ഷം സമ്മാനിച്ചു. ഉച്ചയോടെ ചാനലുകളില്‍ വാര്‍ത്തനിറഞ്ഞതോടെ അഭിനന്ദന പ്രവഹമായി.  പ്രിന്‍സിപ്പാള്‍ പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും മധുരം നല്‍കി ആഹ്ളാദം പങ്കിട്ടു.  വര്‍ഷങ്ങള്‍ക്ക് മുമ്പ് കലാകാരനും നാടക പ്രവര്‍ത്തകനുമായ അച്ഛന്‍ മനോജ,് കൊയിലോത്ത് മീത്തല്‍ എന്നവീടിന്  'മുഖചിത്രം'എന്നായിരുന്നു പേരിട്ടത്. ഈ പേര് അന്വര്‍ത്ഥമായതോടെ നക്ഷത്ര വീടിന്റെയും നാടിന്റെയും മുഖചിത്രമായി.  പതിവായി മത്സ്യവില്‍പ്പന നടത്തുന്ന മനോജ് ജോലിക്കിടെയാണ് അവാര്‍ഡ് ലഭിച്ച വാര്‍ത്തയറിഞ്ഞത്. അച്ഛന്റെ നാടകങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്താണ് നക്ഷത്ര അഭിനയരംഗത്തേക്ക് കാലെടുത്തുവെച്ചത്. 
നാടകത്തോടും കവിതാലാപനത്തോടും ഏറെ താല്‍പര്യമുള്ള നക്ഷത്ര ഇതിനകം നിരവധി നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്. കെ ടി മുഹമ്മദിന്റെ  'കണ്ണുകള്‍' എന്ന കഥയെ ആസ്പദമാക്കി പരോഗമന കലാസാഹിത്യസംഘം അരങ്ങിലെത്തിച്ച കുരങ്ങുമനുഷ്യനിലും ലീലയായി വേഷമിട്ട് പ്രശംസനേടിയിരുന്നു. ഒരു ദിവസം ഒരേ സമയം അമ്പതിലധികം വേദികളില്‍ ഈ നാടകം അരങ്ങേറിയിരുന്നു. ഏഴാം ക്ളാസില്‍ പഠിക്കുന്ന സമയം അച്ഛന്‍ എഴുതി സംവിധാനം ചെയ്ത 'മഞ്ചാടി മരങ്ങള്‍' എന്ന നാടകത്തിലൂടെയാണ് അരങ്ങേറ്റം. 
പ്രദേശത്തെ കല്‍പന തിയേറ്റേഴ്സിന്റെ പ്രധാന സംഘാടകരില്‍ ഒരാളാണ് മനോജ്. ഓരോ അധ്യയനവര്‍ഷവും വിവിധ മേഖലകളില്‍ ഉജ്ജ്വലമായ നേട്ടങ്ങള്‍ സ്വന്തമാക്കിക്കൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് മുന്നേറുകയാണ് മേമുണ്ട ഹയര്‍സെക്കണ്ടറി സ്കൂള്‍. വജ്ര ജൂബിലി ആഘോഷ നിറവില്‍ നക്ഷത്രയിലൂടെ മറ്റൊരു നേട്ടമാണ് സ്കൂളിന് കൈവന്നിരിക്കുന്നത്. നാടിന്റെ അഭിമാന താരമായനക്ഷത്രക്ക് അഭിനന്ദനങ്ങള്‍ ചൊരിയാന്‍ വീട്ടില്‍ തിരക്കായിരുന്നു.  സിനിമാ രംഗത്തെ പലരും ഫോണില്‍ അഭിനന്ദനം അറിയിച്ചു. വേനല്‍ തുമ്പി കലാ ജാഥയിലെ സ്ഥിരം അംഗമായ നക്ഷത്ര ബാലസംഘം മേമുണ്ട വില്ലേജ് പ്രസിഡന്റും ഡിവൈഎഫ്ഐ  ചെക്കോട്ടി ബസാര്‍ യൂനിറ്റ് ജോ. സെക്രട്ടറിയും എസ്എഫ്ഐ മേമുണ്ട ലോക്കല്‍ കമ്മറ്റി അംഗവുമാണ്. അമ്മ വിജിഷ സിപിഐ എം ചെക്കോട്ടി ബസാര്‍ ബ്രാഞ്ചംഗമാണ്. ഒമ്പതാം ക്ളാസ് വിദ്യാര്‍ഥി ഋതുദേവാണ് സഹോദരന്‍.
 
പ്രധാന വാർത്തകൾ
Top