11 December Tuesday

പിടിയിലായത‌് കവർച്ച ആസൂത്രണം ചെയ്യുന്നതിനിടെ പ്രതികളെ ചോദ്യം ചെയ്യാനായി കസ‌്റ്റഡിയിൽ വാങ്ങും

വെബ് ഡെസ്‌ക്‌Updated: Monday Oct 8, 2018
  
കോഴിക്കോട്
കവർച്ച ആസൂത്രണംചെയ്യുന്നതിനിടെ പിടിയിലായ നാലംഗ സംഘത്തെ പൊലീസ‌് കസ‌്റ്റഡിയിൽ വാങ്ങും. വെള്ളിയാഴ്ച രാത്രി വലിയങ്ങാടിയിൽനിന്ന‌് പിടിയിലായ അരീക്കോട് തെരട്ടമ്മൽ സ്വദേശി നെല്ലിപ്പക്കണ്ടൻ വീട്ടിൽ നൗഫാൻ (23), ചീമാടൻ വീട്ടിൽ മുഹമ്മദ്  ബാഷ (22), തിരൂർ സ്വദേശി മുഹമ്മദ് ആഷിഖ് (24), പൂവാട്ട്പറമ്പ് സ്വദേശി നെല്ലൂളി ഇഷ അലി (23) എന്നിവരെയാണ‌് ടൗൺ പൊലീസ‌് കസ‌്റ്റഡിയിൽ വാങ്ങുന്നത‌്. 
തിരുവനന്തപുരം, എറണാകുളം, മലപ്പുറം വയനാട് ജില്ലകളിലും സംഘം കവർച്ച  നടത്തിയിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ കെ പി കേശവമേനോൻ റോഡിൽ പൊക്കുന്ന് സ്വദേശി  മാനക്കോട് താഴെ അസീസിന്റെ കട തകർത്ത‌്  പണവും സാധനങ്ങളും മോഷ്ടിച്ചിരുന്നു. ശ്രീകണ‌്ഠേശ്വരം ക്ഷേത്രത്തിനടുത്തുള്ള കട പൊളിച്ച് പണം കവർന്നതും മർക്കസ് കോംപ്ലക്സിനടുത്തുള്ള ഇതര സംസ്ഥാന  തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്ന് മൊബൈൽ ഫോൺ കവർന്നതും ഇവരാണെന്ന‌്  തെളിഞ്ഞു. 
പ്രതികളിൽ ചിലർക്കെതിരെ  കോഴിക്കോട് കസബ, ടൗൺ, കൊണ്ടോട്ടി, തിരൂർ സ്റ്റേഷനുകളിൽ കേസുണ്ട്. ലോഡ്ജുകളിൽ താമസിച്ച് കവർച്ച നടത്തുന്ന ഇവർ മദ്യത്തിനും മയക്കുമരുന്നിനും  അടിമകളാണ‌്. ഇതര സംസ്ഥാന തൊഴിലാളികളുടൈ താമസ സ്ഥലത്തുനിന്ന‌് മൊബൈൽ ഫോൺ കവരുന്നതാണ‌് ഇവരുടെ രീതിയെന്ന‌് പൊലീസ‌് പറഞ്ഞു.
പ്രതികൾ കവർന്ന 600 ഒാളം മൊബൈൽ ഫോണുകൾ പാളയം സൺഡേ മാർക്കറ്റ്, ഗൾഫ് ബസാർ എന്നിവിടങ്ങളിൽ വിറ്റഴിച്ചു. ലോക്കുകൾ ഒഴിവാക്കാൻ കഴിയാത്ത മൊബൈൽ ഫോണുകൾ ഉപേക്ഷിക്കുകയാണ‌് പതിവ‌്.
 ടൗൺ സിഐ എ ഉമേഷ്, എഎസ്ഐ പ്രസാദ്,  സിപിഒമാരായ പ്രജീഷ്, സതീശൻ, സൗത്ത‌് അസി. കമീഷണർ കെ പി അബ്ദുൾ റസാഖിന്റെ കീഴിലെ ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ മോഹൻദാസ്, മനോജ്, രൺധീർ, അബ്ദുറഹ്മാൻ, രമേഷ്  ബാബു, ഷാഫി, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രധാന വാർത്തകൾ
Top