13 November Tuesday

പേമാരിയിൽ മണ്ണും ചെളിയും ഒഴുകിയെത്തി വിഷ്ണുമംഗലം ബണ്ട്‌ നിറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

 നാദാപുരം

 പേമാരിയിലും ഉരുൾപൊട്ടലിലും മലയോര മേഖലയിൽ നിന്നും വിഷ്ണുമംഗലം ബണ്ടിലേക്ക് ഒഴുകിയെത്തിയത് ലോഡ് കണക്കിന് മണ്ണും ചെളിയും.വടകര  താലൂക്കിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിനായി ജല അതോറിറ്റി വിഷണുമംഗലം പുഴയില്‍ സ്ഥാപിച്ച ബണ്ടിൽ ക്രമാതീതമായി മണ്ണും ചെളിയും കുമിഞ്ഞു കൂടിയത്.ഇത് ബണ്ടിൽ വേനലിൽ വെള്ളത്തിന്റെ  സംഭരണ ശേഷിയെ ബാധിക്കാതിരിക്കണമെങ്കിൽ ചെളി നീക്കം ചെയ്യണം. പേമാരിയില്‍ വിലങ്ങാട് വനത്തിനുള്ളിലും മലയോരങ്ങളിലും നിരവധി  സ്ഥലത്ത്  ഉരുള്‍ പൊട്ടിയിരുന്നു. 
ഇതിനെ തുടര്‍ന്ന് വെള്ളത്തിന്റെ കുത്തൊഴുക്കില്‍ എത്തിയ ലോഡ് കണക്കിന് മണ്ണും ചെളിയും ഇപ്പോള്‍ ബണ്ട് പരിസരത്ത് കുമിഞ്ഞു കൂടി യിരിക്കുകയാണ്. പുഴയില്‍ വലിയ തോതില്‍ വെള്ള മുണ്ടായിട്ടു പോലും മണ്ണ് കുന്നുകൂടി നില്‍ക്കുന്നത് കാണാനുണ്ട്. ഇപ്പോള്‍ ബണ്ട് പൂര്‍ണ്ണമായും തുറന്നിരിക്കുകയാണ്. വെള്ളം കുറയുന്നതോടെ അധികൃതര്‍ ബണ്ടിന്റെ ഷട്ടര്‍ അടക്കും.മണ്ണും ചെളിയും കുമിഞ്ഞു കൂടി നില്‍ക്കുന്നതിനാല്‍ ആസമയത്തും ബണ്ട് നിറഞ്ഞ് കവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത് പരിസരത്ത് വെള്ളമുയരാനിടയാകും, പുഴയോര നിവാസികള്‍ക്ക് ഇത് ഏറെ ദോഷം ചെയ്യും. പുഴയോരം ഇടിഞ്ഞ് കര പ്രദേശം പുഴയോട് ചേരുന്നെന്ന പരാതി നിലനില്‍ക്കുമ്പോള്‍ തന്നെയാണ് നാട്ടുകാര്‍ക്ക് ഇത്തവണ മറ്റൊരുഭീഷണി വരുന്നത്. പുഴയോര നിവാസികള്‍ പലപ്പോഴായി ജല അതോറിറ്റിയേയും പഞ്ചായത്തിനേയും സമീപിച്ചിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മഴ ശക്തി കുറയുന്നതോടെ ബണ്ട് പരിസരത്തെ മണ്ണും ചെളിയും നീക്കണമെന്നാണ് ആവശ്യം. കൂടാതെ ബണ്ടിലൂടെ വെള്ളം ഒഴിഞ്ഞ് പോകാന്‍ ആവശ്യമായ നടപടി ഉണ്ടാകണമെന്നും നാട്ടുകാര്‍ പറയുന്നു.ബണ്ടില്‍ തന്നെ ആവശ്യമായ അളവില്‍ ഷട്ടര്‍ ഘടിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാകാതിരുന്നതിന്റെ ഫലമിന്ന് ജനം അനുഭവിക്കുകയാണെന്ന് ഇവര്‍ പറയുന്നു. പുഴയില്‍ വെള്ളം കുറയുന്നതോടെ ബണ്ടിന് അടിയിലായി നല്ല വിസ്താരത്തില്‍ വെള്ളമൊഴുകി പോകന്‍ സൗകര്യമേര്‍പ്പെടുത്തണം. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top