14 November Wednesday
ഏഴിന് നഗരസഭ കൗൺസിൽ

പനിബാധിതരുടെ സർവേയെടുക്കും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും

സ്വന്തം ലേഖകൻUpdated: Wednesday Sep 5, 2018
വടകര
തുടർച്ചയായി മൂന്ന് എലിപ്പനി മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വടകരയിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി നഗരസഭ. രണ്ടുദിവസത്തിനുള്ളിൽ ആരോഗ്യപ്രവർത്തകരും കൗൺസിലർമാരും വീടുകൾ സന്ദർശിച്ച് പനിബാധിതരുടെ സർവെ പുർത്തീകരിക്കാനും വാർഡുകൾ തോറും പ്രവർത്തനങ്ങൾ ഏകോപിക്കാനും തീരുമാനിച്ചു. ഇക്കാര്യം ചർച്ചചെയ്യാൻ ഏഴിന് പ്രത്യേക നഗരസഭ കൗൺസിൽ യോഗം ചേരും.  ചെയർമാൻ കെ ശ്രീധരന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
എൻആർഎച്ച്എം വാർഡ് തല കമ്മറ്റികളുടെ നേതൃത്വത്തിൽ ബോധവൽകരണ ക്ലാസുകളും വീടുകളിൽ പ്രതിരോധ ഗുളികയും ലഘുലേഖ വിതരണം ചെയ്യും.  നിലവിൽ നഗരസഭയിൽ 80,000ത്തോളം ഡോക്സിസൈക്ലീൻ പ്രതിരോധ ഗുളികകളാണ് വേണ്ടിവരുന്നത്. ഇതിൽ ആദ്യഘട്ടത്തിൽ വിതരണം ചെയ്യേണ്ട പ്രതിരോധ ഗുളികകൾ ലഭ്യമായിട്ടുണ്ട്. എലിപ്പനിയുടെ ലക്ഷണങ്ങളുള്ളവർ ഉടൻ സർക്കാർ ആശുപത്രിയുമായി ബന്ധപ്പെട്ട് ചികിത്സ തേടണം. 
പനി ബാധിതർക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും ഉറപ്പുവരുത്തും.  തൊഴിലുറപ്പ് തൊഴിലാളികൾ, ചളി, മലിനജല സമ്പർക്കമുള്ളവർ ആറാഴ്ചയെങ്കിലും പ്രതിരോധ ഗുളിക കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.  ജില്ലാ ആശുപത്രി, വടകര ബീച്ചിലെ കുടുംബാരോഗ്യ കേന്ദ്രം, ഹെൽത്ത് സെന്റർ കല്ലുനിര എന്നിവിടങ്ങളിൽ ഗുളികകൾ ലഭ്യമാണ്. മുനിസിപ്പൽ സാംസ്കാരിക നിലയത്തിൽ ചേർന്ന യോഗത്തിൽ കൗൻസിലർമാർ, ആരോഗ്യ പ്രവർത്തകർ, ആശവർക്കർമാർ എന്നിവർ പങ്കെടുത്തു.  വൈസ് ചെയർപേഴ്സൺ പി ഗീത, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എം ഗിരീശൻ, നഗരസഭ ഹെൽത്ത് സൂപ്പർ വൈസർ സുഗത, ഹെൽത്ത് ഇൻസ്പെക്ടർ കെ ബാബു, മെഡിക്കൽ ഓഫീസർ എസ് സുനിത എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി കെ യു ബിനി സ്വാഗതം പറഞ്ഞു.
 
പ്രധാന വാർത്തകൾ
Top