21 April Saturday

അബ്ദുള്‍ ഖാദര്‍ തിരിച്ചറിഞ്ഞു; അത് താനാണ്

സ്വന്തം ലേഖകന്‍Updated: Thursday Jan 4, 2018

ചരിത്ര പ്രദര്‍ശനത്തില്‍ അബ്ദുല്‍ ഖാദര്‍ എ കെ ജിക്കൊപ്പം നില്‍ക്കുന്ന ചിത്രം (എ കെ ജിയുടെ തോളില്‍ കൈവച്ചു നില്‍ക്കുന്നു)


കൊയിലാണ്ടി > നോക്ക് അത് ഞാനാണ്... എകെജിയെ പിടിച്ചുനില്‍ക്കുന്നത്— ഞാനാണ്. വയോധികനായ അബ്ദുള്‍ ഖാദറെ എല്ലാവരും നോക്കി. വൈകുന്നേരമായതിനാല്‍ വന്‍ ജനക്കൂട്ടമായിരുന്നു സമ്മേളന നഗറിന് മുന്നില്‍. നന്തിക്കാരനായ താനിപ്പൊയില്‍ അബ്ദുള്‍ ഖാദര്‍ ഒരുനിമിഷം കൊണ്ടാണ് ആളുകളുടെ ശ്രദ്ധാകേന്ദ്രമായത്. സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടി ടൌണ്‍ഹാളില്‍ നടക്കുന്ന 'കനല്‍ വഴികളിലൂടെ' ചരിത്രപ്രദര്‍ശനം കാണുന്നതിനിടെ ഒരു ചിത്രത്തിന് മുന്നില്‍ എണ്‍പതുകാരനായ അബ്ദുള്‍ ഖാദര്‍ ഏറെനേരം നിന്നു. സംഘാടകര്‍ അന്വേഷിച്ചപ്പോഴാണ് എകെജിക്കൊപ്പമുള്ള തന്റെ ചിത്രമാണ് അവിടെ തൂക്കിയതെന്ന് അദ്ദേഹം പറഞ്ഞത്.
ഇരിങ്ങല്‍ സ്വദേശിയായ അബ്ദുള്‍ഖാദറിന് കുട്ടിക്കാലം മുതല്‍ കമ്യൂണിസ്റ്റ് പാര്‍ടിയോട് വലിയ സ്നേഹമായിരുന്നു. എകെജിയും ബീഡിപ്പിള്ളേരും ചേര്‍ന്ന് നാട് നശിപ്പിക്കുന്നെന്നായിരുന്നു എതിരാളികള്‍ പറഞ്ഞുപരത്തിയത്. എകെജിയുടെ പ്രസംഗം കേള്‍ക്കാന്‍ പോയാല്‍ പള്ളിയില്‍ കയറ്റില്ല, കല്യാണം കൂടാന്‍ സമ്മതിക്കില്ല.  എന്നിട്ടും നാട്ടിലെ നെല്ല് പിടിച്ചെടുത്ത് വിതരണം ചെയ്യാന്‍ പോയി. പാര്‍ടിയുടെ വളന്റിയറായിരുന്ന ഇദ്ദേഹം കൊളാവിപ്പാലത്തുവച്ച് എകെജിയുടെ പ്രസംഗം കേള്‍ക്കാന്‍ പോയപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് ചരിത്ര പ്രദര്‍ശനത്തിലുള്ളത്. ആദ്യമായാണ് ഈ ചിത്രം അബ്ദുല്‍ ഖാദര്‍ കാണുന്നത്. പക്ഷേ ചിത്രം കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ പഴയകാര്യങ്ങള്‍ ഇന്നലെയെന്നപോലെ തെളിഞ്ഞു. നന്തിയിലെ സഖാവ് കുഞ്ഞിക്കണാരനടക്കമുള്ളവരെയും അദ്ദേഹം തിരിച്ചറിഞ്ഞു. പലരുടെയും പേര് ഓര്‍മയില്ല.
അബ്ദുല്‍ഖാദറും അദ്ദേഹത്തിന്റെ ഭാര്യ കുഞ്ഞാമിയും ഒരു മകനും മൂന്ന് പെണ്‍മക്കളുമെല്ലാം പാര്‍ടി പ്രവര്‍ത്തകരാണ്.

പ്രധാന വാർത്തകൾ
Top