21 November Wednesday

‘‘ഞങ്ങൾക്കൊരു കുറവുമില്ല ; എല്ലാം സുഭിക്ഷം’’

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018

സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ, ജില്ലാ സെക്രട്ടറി വി എൻ വാസവൻ എന്നിവർ ചങ്ങനാശേരി തൃക്കൊടിത്താനം ഗവ. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ

ചങ്ങനാശേരി>'ഞങ്ങൾക്കൊരു കുറവുമില്ല  ഇപ്പം ഇവിടം വിട്ടുപോകാനും തോന്നുന്നില്ല സാറേ രാപകലില്ലാതെ അവരുടെ വീടു പോലും മാറ്റിവച്ച് ഞങ്ങളെ പൊന്നുപോലെ നോക്കുന്നുണ്ട് ഈ നാട്. എങ്ങനെ നന്ദി പറഞ്ഞാലും തീരില്ല ഈ നാടിനോടും രക്ഷിച്ചവരോടും സർക്കാരിനോടുമുള്ള നന്ദി'.
 
മുട്ടാറ്റിൽ നിന്നും ചങ്ങനാശേരി തൃക്കൊടിത്താനം ഗവ. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ പത്മിനി സദാനന്തൻ ഇത് പറഞ്ഞതും കയ്യടിയുയർന്നതും ഒരുപോലെ. കുട്ടനാട്ടിൽ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നും രക്ഷപ്പെട്ട് താലൂക്കിലെ ക്യാമ്പിൽ കഴിയുന്നവരെ സന്ദർശിച്ച സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ, ജില്ലാ സെക്രട്ടറി വി എൻ വാസവൻ എന്നിവരോടു ക്യാമ്പംഗങ്ങൾ പറഞ്ഞ വാക്കുകളാണിത‌്. നല്ല ഭക്ഷണവും വസ്ത്രങ്ങളും മരുന്നും മുതൽ കുടുംബത്തിന് ഒരുവീട്ടിൽ ആവശ്യമുള്ള എല്ലാവിധ സൗകര്യങ്ങളും ഞങ്ങൾക്കിവിടെ ലഭിക്കുന്നുണ്ട്‌. 
 
പരാതി പറയാൻ പോലും ഒരു ഇടവുമില്ല.  ഇത്രയധികം സ്നേഹവും കരുതലും തന്ന എല്ലാവരോടും തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്ന് മിത്രക്കരിയിൽ നിന്നെത്തിയ ഷീജയും നേതാക്കളോടു പറഞ്ഞു. ക്യാമ്പിൽ ഡോക്ട്ടർമാരുടെയും മറ്റു ആരോഗ്യ പ്രവർത്തകരുടെയും സേവനം സദാ സമയവും ലഭിക്കുന്നുണ്ട‌്. ആവശ്യത്തിനുള്ള അരിയും പച്ചക്കറിയും മറ്റു ഭക്ഷ്യധാന്യങ്ങളും ശേഖരിച്ചിട്ടുണ്ട്. കുട്ടികൾക്കായി പാലും ബിസ്ക്കറ്റും മറ്റു  പോഷകാഹരങ്ങളും എല്ലാം സിപിഐ എമ്മിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ എത്തിച്ചിട്ടുണ്ട്.  വീടുകളിൽ  ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് പരീശീലനം ലഭിച്ച വളണ്ടിയമാർ വീടുകളിൽ എത്തുമെന്ന്‌  നേതാക്കാൾ അറിയിച്ചു.
 
ഓരോ ക്യാമ്പുകളിലും നിറഞ്ഞ സന്തോഷത്തോടെയാണ് ക്യാമ്പംഗങ്ങൾ നേതാക്കളെ സ്വീകരിച്ചത്.  ജില്ലാ സെക്രട്ടറിയറ്റംഗം എ വി റസ്സലും നേതാക്കളോടൊപ്പം ഉണ്ടായി.പായിപ്പാട്, തൃക്കൊടിത്താനം, മാടപ്പള്ളി, വാഴപ്പള്ളി, കുറിച്ചി, നഗരസഭാ പരിധിയിലുള്ള ക്യാമ്പുകളിലാണ് നേതാക്കൾ സന്ദർശനം നടത്തിയത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top