Top
25
Tuesday, April 2017
About UsE-Paper

സാഹിത്യമല്ല തിരക്കഥ: സി വി ബാലകൃഷ്ണന്‍

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌

 കോട്ടയം > തിരക്കഥ സാഹിത്യമല്ലെന്നും അത് പ്രസിദ്ധീകരിക്കേണ്ട ആവശ്യമില്ലെന്നും പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ സി വി ബാലകൃഷ്ണന്‍. സിഎംഎസ് കോളേജ് മലയാള വിഭാഗം സംഘടിപ്പിച്ച കോളിന്‍സ് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തിരക്കഥയ്ക്ക് അവാര്‍ഡ് കൊടുക്കേണ്ട ആവശ്യമില്ല. സാഹിത്യം സിനിമയ്ക്ക് മുമ്പേ വന്നതാണ്. സാഹിത്യചരിത്രം നോക്കുമ്പോള്‍ സിനിമയ്ക്ക് മുമ്പേ തന്നെ സാഹിത്യം അതിന്റെ പ്രൌഢി കരസ്ഥമാക്കി. സാഹിത്യബന്ധിതമായല്ല സിനിമ തുടങ്ങുന്നത്. മഹത്തായ സാഹിത്യരചനകളോട് സിനിമയ്ക്ക് ബന്ധമില്ല. സാഹിത്യത്തിന്റെ അടിസ്ഥാന ഘടകം വാക്കാണ്. എഴുത്തുകാരന്‍ അവന്റെ ആശയങ്ങള്‍ വാക്കുകള്‍ കൊണ്ട് ചിട്ടപ്പെടുത്തുന്നു. അത് അമൂര്‍ത്തമാണ്. വായനക്കാരന്‍ അത് തന്റെ ബോധത്തിനനുസരിച്ച് ദൃശ്യവത്ക്കരിക്കുന്നു. ഓരോ വായനക്കാരനും അത് വ്യത്യസ്തമായാണ് ഉള്‍ക്കൊള്ളുന്നത്. സിനിമയെ സംബന്ധിച്ചിടത്തോളം മൂര്‍ത്തത അവതരിപ്പിക്കുന്ന മാധ്യമമാണ്. അതിലെ കാലം വര്‍ത്തമാനകാലം മാത്രമാണ്. സാഹിത്യത്തില്‍ ഭൂതവര്‍ത്തമാനകാലങ്ങള്‍ സമന്വയിപ്പിക്കണം. 'ഖസാക്കിന്റെ ഇതിഹാസ'ത്തില്‍ രവിക്ക് ബസ്സിറങ്ങുന്ന സ്ഥലം അപരിചിതമായി തോന്നിയില്ല. ഇത് സിനിമയില്‍ ദൃശ്യവത്ക്കരിക്കുക അസാധ്യമാണ്. സിനിമ വാക്കുകള്‍ക്കെതിരായാണുണ്ടായത്. ഒരു പുസ്തകം എഴുതുക എന്ന പ്രക്രിയയും സിനിമ നിര്‍മ്മിക്കുക എന്ന പ്രക്രിയയും രണ്ടാണ.് ഇപ്പോഴത്തെ അഭിനേതാക്കള്‍ പുസ്തകത്തില്‍ നിന്നും അകന്നുപോയി-സി വി പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡോ. റോയി സാം ഡാനിയേല്‍ അധ്യക്ഷനായി. മലയാള വിഭാഗം അധ്യക്ഷന്‍ ഡോ. ബാബു ചെറിയാന്‍, മിനി മറിയം സഖറിയ എന്നിവര്‍ സംസാരിച്ചു. 

Related News

കൂടുതൽ വാർത്തകൾ »